അങ്കമാലിയിൽ ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്നതിന് പിന്നിൽ കുടിപ്പക , രണ്ടുപേർ അറസ്റ്റിൽ

Wednesday 10 April 2024 6:47 PM IST

കൊച്ചി : നെടുമ്പാശേരിക്ക് സമീപം ഇന്ന് പുലർച്ചെ ഗുണ്ടാനേതാവ് തിരുത്തുശേരി വിനു വിക്രമെന വെട്ടിക്കൊലപ്പെടുത്തിയതിന് പിന്നിൽ ഗുണ്ടാസംഘങ്ങൾക്കിടയിലെ കുടിപ്പകയെന്ന് പൊലീസ്. കേസിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. നിധിൻ,​ ദീപക് എന്നിവരാണ് അറസ്റ്റിലായത്. പിടിയിലായവരും ഗുണ്ടാസംഘത്തിൽ പെട്ടവരാണെന്ന് പൊലീസ് പറയുന്നു,​

ഇന്ന് പുലർച്ചെ രണ്ടുമണിയോടെ കൊച്ചി ചെങ്ങാമനാട് ആണ് സംഭവം. ബാറിൽ മദ്യപിക്കുന്നതിനിടെ വിനുവിനെ ഓട്ടോറിക്ഷയിൽ കയറ്റികൊണ്ടുപോയതിനുശേഷം കൊലപ്പെടുത്തുകയായിരുന്നു. നാട്ടുകാർ അറിയച്ചതിനെ തുടർന്ന് പൊലീസെത്തി വിനുവിനെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിച്ചിരുന്നു. ദേഹമാസകലം വെട്ടിപരിക്കേല്പിച്ചിരുന്നു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് വിനു.

അത്താണി സിറ്റി‌ബോയ്സ് എന്ന പേരിലുള്ള ക്രിമിനൽ സംഘത്തിലെ പ്രധാന അംഗമായിരുന്നു വിനു. 2019ൽ അത്താണിയിൽ ഗില്ലാപ്പി എന്നറിയപ്പെടുന്ന ബിനോയ് എന്ന ഗുണ്ടാനേതാവിനെ വെട്ടിക്കൊന്ന കേസിലെ ഒന്നാം പ്രതിയാണ്. ജാമ്യത്തിലിറങ്ങിയ വിനു ബാറുകളിലും പാറമടകളിലും ഭീഷണിപ്പെടുത്തി പണപ്പിരിവ് നടത്തിയിരുന്നു. മയക്കുമരുന്ന് ഇടപാടും സംഘം നടത്തിയിരുന്നു. വിനുവിനെതിരെ കാപ്പ ചുമത്തി നാട് കടത്തിയിരുന്നതായും വിവരമുണ്ട്. തലയ്ക്കേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്ന് പൊലീസ് വ്യക്തമാക്കി. വിനുവിനെ ബാറിൽ നിന്ന് ഓട്ടോയിൽ കയറ്റിക്കൊണ്ടുപേയ ആളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു,​ ഇതിന് പിന്നാലെയാണ് രണ്ടുപേരെ അറസ്റ്റ് ചെയ്തത്.

Advertisement
Advertisement