ഡോ. രമയ്ക്ക് ലഭിച്ച നീതി

Thursday 11 April 2024 12:19 AM IST

ഏതൊരു സ്ഥാപനത്തിന്റെയും നിലനിൽപ്പിനും നല്ല നടത്തിപ്പിനും അച്ചടക്കം അത്യന്താപേക്ഷിതമാണ്. അത് ഉറപ്പാക്കേണ്ട ചുമതല ആ സ്ഥാപനത്തിന്റെ മേധാവിയിൽ നിക്ഷിപ്‌തവുമാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കാര്യത്തിൽ ഹെഡ്മാസ്റ്റർക്കോ പ്രിൻസിപ്പലിനോ ആയിരിക്കും ഈ ചുമതല. സ്ഥാപനത്തിന് പേരുദോഷമുണ്ടാക്കുന്ന പ്രവൃത്തികൾ അദ്ധ്യാപകരുടെ ഭാഗത്തു നിന്നായാലും വിദ്യാർത്ഥികളുടെ ഭാഗത്തുനിന്നായാലും ഉണ്ടായാൽ അതിൽ നടപടിയെടുത്ത് സ്ഥാപനത്തിന്റെ അച്ചടക്കം ഉറപ്പാക്കേണ്ടത് സ്ഥാപന മേധാവിയുടെ കർത്തവ്യമാണ്. എന്നാൽ ചില വിദ്യാർത്ഥി സംഘടനകൾക്ക് മേൽക്കൈയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആ സംഘടനയിലെ അംഗങ്ങളിൽ നിന്ന് ഏതുതരം മോശപ്പെട്ട പ്രവൃത്തി ഉണ്ടായാലും നടപടിയെടുക്കാൻ പ്രിൻസിപ്പലിനെ സംഘടന അനുവദിക്കാറില്ല. അതു മറികടന്ന് ഏതെങ്കിലും സ്ഥാപന മേധാവി നടപടിയെടുത്താൽ അവരെ പ്രവർത്തിക്കാനും ജീവിക്കാനും അനുവദിക്കാത്ത ജുഗുപ്‌സാവഹമായ നടപടികളാവും സംഘടനയുടെ ഭാഗത്തുനിന്ന് ഉണ്ടാവുക!

പ്രിൻസിപ്പലിന്റെ മുറിക്കു മുന്നിൽ ശവപ്പെട്ടി കൊണ്ടുവച്ച് മുദ്രാ‌വാക്യം വിളിക്കാനും വ്യാജ പരാതികൾ നൽകി രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് പ്രിൻസിപ്പലിനെ കേസിൽ കുടുക്കാനും അവർ മടിക്കില്ല. അത്തരം നിരവധി സംഭവങ്ങൾ കേരളത്തിൽ അരങ്ങേറിയിട്ടുണ്ട്. പ്രബലമായ സംഘടനയിൽപ്പെട്ടവർ ലഹരി ഉപയോഗിച്ച് ക്യാമ്പസിൽ അഴിഞ്ഞാടിയാലും ശത്രുപക്ഷത്തുള്ള വിദ്യാർത്ഥികളെ ശാരീരികമായും മാനസികമായും ഉപദ്ര‌വിച്ചാലും 'ഞാനൊന്നുമറിഞ്ഞില്ലേ രാമ നാരായണ" എന്ന മട്ടിൽ സ്ഥാപന മേധാവി ഇരുന്നുകൊള്ളണം എന്നാണ് ഇവർ അനുശാസിക്കുന്നത്. കടിഞ്ഞാണില്ലാത്ത,​ ഈ രീതിയിലുള്ള സംഘടനകളുടെ പ്രവർത്തനമാണ് പൂക്കോട് വെറ്ററിനറി ക്യാമ്പസിലെ സിദ്ധാർത്ഥിന്റെ ദുരൂഹ മരണം പോലുള്ള സംഭവങ്ങൾക്ക് ഇടയാക്കുന്നത്.

ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കണമെങ്കിൽ തെറ്റായ കാര്യങ്ങൾക്കെതിരെ നടപടിയെടുക്കുന്ന സ്ഥാപന മേധാവികൾക്ക് സർക്കാർ ശരിയായ ധാർമ്മിക പിന്തുണ നൽകണം. ഇവിടെ അതുണ്ടായില്ലെന്നു മാത്രമല്ല,​ തെറ്റുകളുടെ ഭാഗത്തു നിൽക്കുന്ന സംഘടനയ്ക്ക് കുടപിടിക്കുന്ന രീതിയിലായിരുന്നു സർക്കാരിന്റെ പ്രവർത്തനം.

കാസർകോട് കോളേജിൽ പ്രിൻസിപ്പലിന്റെ ചുമതല വഹിച്ചിരുന്ന സമയത്ത് ഡോ. എം. രമ സ്ഥാപനത്തിന്റെ അച്ചടക്കം ഉറപ്പാക്കാൻ കർശനമായ നടപടികൾ എടുത്തിരുന്നു. ഇത് ഇഷ്ടമാകാതിരുന്ന എസ്.എഫ്.ഐ പ്രവർത്തകർ പ്രിൻസിപ്പലിനെതിരെ രംഗത്തു വന്നപ്പോൾ ഡോ. രമ സംഘടനയ്ക്കെതിരെ പരസ്യമായി ആരോപണങ്ങൾ ഉന്നയിച്ചു. കോളേജിൽ വ്യാപക ലഹരി ഉപയോഗമുണ്ടെന്നും,​ റാഗിംഗും അനാശാസ്യ പ്രവർത്തനങ്ങളും നടക്കുന്നുണ്ടെന്നും ഇതിനെതിരെ നടപടിയെടുത്തതാണ് എസ്.എഫ്.ഐ തനിക്കെതിരെ നീങ്ങാൻ കാരണമായതെന്നും രമ വെളിപ്പെടുത്തിയിരുന്നു. സംഘടനയ്ക്കെതിരെ പരസ്യമായി പ്രതികരിച്ച പ്രിൻസിപ്പലിനെ ഒരു പാഠം പഠിപ്പിക്കാനുള്ള മുറകളാണ് പിന്നീട് അരങ്ങേറിയത്. പ്രിൻസിപ്പലിനെതിരെ വ്യാജ പരാതികൾ ഇവർ ഉന്നയിച്ചു. ഇതിൽ ഒരു പരാതിയുടെ അടിസ്ഥാനത്തിൽ സർവീസിന്റെ അവസാന ദിവസം രമയ്ക്കെതിരെ വിദ്യാഭ്യാസ വകുപ്പ് കുറ്റപത്രം ഇറക്കുകയും ചെയ്തു. റിട്ടയർമെന്റ് ആനുകൂല്യങ്ങൾ നൽകാതെ ഇവരെ മാനസികമായും സാമ്പത്തികമായും പീഡിപ്പിക്കുക എന്ന ദുരുദ്ദേശ്യം മാത്രമായിരുന്നു ഇതിനു പിന്നിൽ.

ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കുകയല്ലാതെ മറ്റൊരു മാർഗവും രമയ്ക്കു മുന്നിൽ ഇല്ലായിരുന്നു. സർക്കാരിനെ നിശിതമായി വിമർശിച്ചുകൊണ്ട്, ഡോ. രമയ്ക്കെതിരെ സർക്കാർ പ്രഖ്യാപിച്ച വകുപ്പുതല നടപടികൾ റദ്ദാക്കുകയാണ് കോടതി ചെയ്തത്. അന്വേഷണം ഏകപക്ഷീയമാണെന്നും നടപടികളിൽ ബാഹ്യ ഇടപെടലുകളും താത്‌പര്യങ്ങളും വ്യക്തമാണെന്നുമുള്ള രമയുടെ വാദം അംഗീകരിക്കുകയും ചെയ്തു. അച്ചടക്ക നടപടിയുടെ ഭാഗമായി നൽകിയ കുറ്റപത്രങ്ങളും കോടതി റദ്ദാക്കി. രമയ്ക്ക് നീതി നൽകിയതിലൂടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അച്ചടക്കത്തിന്റെ കാര്യത്തിൽ സംഭവിക്കുന്ന പാളിച്ചകളിലേക്കു കൂടിയാണ് ഹൈക്കോടതി വെളിച്ചം വീശിയിരിക്കുന്നത്. ശബ്ദമുയർത്താത്ത അദ്ധ്യാപകരെ സൃഷ്ടിക്കാനാവരുത് ഒരു വിദ്യാർത്ഥി സംഘടന ശ്രമിക്കേണ്ടത് എന്ന സന്ദേശവും ഈ വിധിയിൽ ഉൾച്ചേർന്നിരിക്കുന്നു.

Advertisement
Advertisement