ഉച്ചഭക്ഷണ പദ്ധതിയിൽ കുടിശിക വരുത്തരുത്
സംസ്ഥാനത്തെ സ്കൂൾ ഉച്ചഭക്ഷണ പദ്ധതി വീണ്ടും കോടതി കയറുന്നുവെന്ന വാർത്തകൾ ദു:ഖകരം മാത്രമല്ല, നാണക്കേടുണ്ടാക്കുന്നതുമാണ്. സ്കൂളുകളിൽ പദ്ധതിയുടെ 'ഭാരം" ചുമക്കാൻ വിധിക്കപ്പെട്ട പ്രഥമാദ്ധ്യാപകർക്ക് ഇക്കഴിഞ്ഞ ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ മാത്രം പാചകച്ചെലവ് ഇനത്തിൽ സർക്കാർ നല്കാനുള്ള കുടിശിക 110 കോടി രൂപയാണ്! പാചകത്തൊഴിലാളികൾക്കുള്ള കൂലിയും കുടിശികയായി. പദ്ധതി മുടക്കാൻ നിർവാഹമില്ലാത്തതുകൊണ്ട് സ്വന്തം പോക്കറ്റിൽ നിന്നെടുത്തും, നാട്ടുകാരോട് ഇരുന്നുവാങ്ങിയുമൊക്കെ മാനംകെട്ട് മുന്നോട്ടുപോകുന്നത് ബുദ്ധിമുട്ടാണെന്നു കാണിച്ച് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ. പ്രതിപക്ഷ സംഘടനയും കേസിൽ കക്ഷി ചേർന്നിട്ടുണ്ട്.
സംസ്ഥാനത്ത് സർക്കാർ, എയിഡഡ് സ്കൂളുകളിലെ എട്ടാംതരം വരെയുള്ള മുപ്പതു ലക്ഷത്തോളം വിദ്യാർത്ഥികളുണ്ട്, പദ്ധതിക്കു കീഴിൽ. രാജ്യത്ത് ഏറക്കുറെ എല്ലാ സംസ്ഥാനങ്ങളിലും നിലവിലുള്ള സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്ക് തുടക്കമിട്ടത് തമിഴ്നാട് ആണ്. കെ. കാമരാജ് മുഖ്യമന്ത്രിയായിരിക്കെ ആരംഭിച്ച പദ്ധതി പിന്നീട്, എം.ജി. രാമചന്ദ്രൻ മുഖ്യമന്ത്രിയായിരിക്കെ 1982-ൽ സ്കൂൾ വിദ്യാർത്ഥികൾക്കുള്ള പോഷകാഹാര പദ്ധതിയാക്കി ഉയർത്തി. അന്ന്, അതിനു വേണ്ടിവരുന്ന സാമ്പത്തിക ബാദ്ധ്യതയെക്കുറിച്ച് ധനകാര്യ വകുപ്പ് ഉത്കണ്ഠ പ്രകടിപ്പിച്ചപ്പോൾ, എത്ര തുക വേണ്ടിവന്നാലും ശരി; കുട്ടികളുടെ പോഷകാഹാര പദ്ധതി നടപ്പാക്കിയേ മതിയാകൂ എന്നായിരുന്നു എം.ജി.ആറിന്റെ തീരുമാനം!
കേരളത്തിൽ 1984-ലാണ് ഉച്ചഭക്ഷണ പദ്ധതിയുടെ തുടക്കം. തുടക്കത്തിൽ പരാതികൾക്ക് ഇടയില്ലാത്ത വിധം നടന്നിരുന്ന പദ്ധതിയിൽ, സർക്കാർ വിതരണം ചെയ്യുന്ന ഭക്ഷ്യവസ്തുക്കൾ പാചകംചെയ്തു വിളമ്പേണ്ട ചുമതല പ്രഥമാദ്ധ്യാപകർക്കാണ്. പാചകച്ചെലവ് ഇനത്തിലെ തുക തീരെ അപര്യാപ്തമാണെങ്കിലും ഒരുവിധം ഒപ്പിച്ചു പോകുന്ന അദ്ധ്യാപകരെ കുരുക്കിലാക്കുന്നതാണ് അതിലെ കുടിശിക.സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയെ കേവലം ഭക്ഷണ വിതരണ പദ്ധതി മാത്രമായി കാണരുത്. വീട്ടിൽ നിന്ന് സ്കൂളിലേക്ക് ഉച്ചഭക്ഷണം കൊണ്ടുപോകാൻ നിവൃത്തിയില്ലാത്ത അതിദരിത്ര വിഭാഗക്കാർ ഇപ്പോൾ ആദിവാസി ഗോത്രമേഖലകളിലേ കാണൂ. സാമ്പത്തികമായും സാമൂഹികമായും പല തട്ടിലുള്ള കുടുംബങ്ങളിൽ നിന്നു വരുന്ന കുട്ടികൾ ഒരുമിച്ചിരുന്ന്, ഒരേ ഭക്ഷണം കഴിക്കുന്നതിലൂടെ കൈമാറ്രം ചെയ്യപ്പെടുന്ന ഒരു സമത്വ സന്ദേശമുണ്ട്. അതിൽ കൂട്ടായ്മയുടെയും സാമൂഹ്യ ജീവിതത്തിന്റെയും മുദ്രയുണ്ട്.
പാവപ്പെട്ട കുടുംബങ്ങളിൽ നിന്നുള്ള കുട്ടികളിൽ പല കാരണങ്ങൾകൊണ്ട് സൃഷ്ടിക്കപ്പെട്ടേക്കാവുന്ന അപകർഷതാബോധത്തിന്റെയും ആത്മരോഷത്തിന്റെയും കനൽ കെടുത്താനും, അവിടെ സമത്വബോധത്തിന്റെ അമൃതം തളിക്കാനും കൂടി നിശബ്ദമായി സഹായിക്കുന്നതാണ് സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയെന്ന് മറക്കരുത്. അതിന് അനുവദിക്കുന്ന തുകയുടെ കാര്യത്തിലെ അമാന്തം പല വിധത്തിലുള്ള അദൃശ്യ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്നും മറക്കരുത്. സംസ്ഥാന സർക്കാർ നേരിടുന്ന ഗുരുതരമായ സാമ്പത്തിക ഞെരുക്കത്തിൽ പല ജനകീയ പദ്ധതികൾക്കും കുടിശിക വരുന്നതും, കുടിശിക കിട്ടാനുള്ളവർ സമരവുമായി തെരുവിലിറങ്ങുന്നതും, അതും ഫലിക്കാതെ വരുമ്പോൾ കോടതിയെ സമീപിക്കുന്നതുമൊക്കെ പതിവായിരിക്കുന്നു. പണ്ട് എം.ജി.ആർ പറഞ്ഞതേ ഓർമ്മിപ്പിക്കാനുള്ളൂ: കുട്ടികളുടെ ഉച്ചഭക്ഷണ വിഷയത്തിൽ കുടിശിക വരുത്തരുത്. അതിനുള്ള തുക എങ്ങനെയും കണ്ടെത്തിയേ മതിയാകൂ.