അനിൽ ആന്റണിക്ക് വിവരദോഷം, വിവാദത്തിൽപ്പെടുമ്പോൾ ആരുടെയെങ്കിലും പേരിൽ ചാരി രക്ഷപ്പെടാനുള്ള ശ്രമം; ആന്റോ ആന്റണി
പത്തനംതിട്ട: വിവാദ ദല്ലാൾ നന്ദകുമാറുമായി ചേർന്ന് ഗൂഢാലോചന നടത്തിയെന്ന പത്തനംതിട്ടയിലെ എൻ.ഡി.എ സ്ഥാനാർത്ഥി അനിൽ ആന്റണിയുടെ ആരോപണത്തിന് മറുപടിയുമായി യു.ഡി.എഫ് സ്ഥാനാർത്ഥി ആന്റോ ആന്റണി. വിവാദത്തിൽപ്പെടുമ്പോൾ ആരുടെയങ്കിലും പേരിൽ ചാരി രക്ഷപ്പെടാനുള്ള ശ്രമമാണ് അനിൽ ആന്റണിയുടേതെന്ന് ആന്റോ ആന്റണി പറഞ്ഞു. അനിൽ ആന്റണിക്ക് മറുപടി നൽകാൻ ആഗ്രഹിക്കുന്നില്ല. ഇത്രയും വിവരദോഷം പറയുന്ന ഒരു വ്യക്തിക്ക് മറുപടി പറയാൻ വേറെ ജോലിയൊന്നുമില്ലേയെന്നും ആന്റോ ആന്റണി ചോദിച്ചു.
എനിക്കെതിരെ നാലു സമരത്തിൽ പങ്കെടുത്തതിന്റെ കേസുകൾ മാത്രമേയുള്ളൂ. അതല്ലാതെ മറ്റ് കേസുകളൊന്നുമില്ല. എന്റെ പേരിൽ ഇല്ലാത്ത കള്ളക്കഥയും പറഞ്ഞുനടക്കുന്നത് എന്തിനാണെന്നും ആന്റോ ആന്റണി പറഞ്ഞു.
നേരത്തെ ആ ദല്ലാൾ നന്ദകുമാറിന്റെ ആരോപണങ്ങളിൽ ആന്റോ ആന്റണിക്കും പി.ജെ. കുര്യനുമെതിരെ കടുത്ത ഭാഷയിലായിരുന്നു അനിൽ ആന്റണി പ്രതികരിച്ചത്. കുര്യൻ സാറിന്റെ ശിഷ്യൻ ആന്റോ ആന്റണിയുടെ സഹോദരൻ മേലുകാവ് സഹകരണ ബാങ്കിൽ നിന്ന് 12 കോടി രൂപ തട്ടിച്ചിട്ടുണ്ട്. ആന്റോയും കുടുംബവുമാണ് നാല് ബാങ്കുകളിൽ തട്ടിപ്പ് നടത്തിയതിന് അന്വേഷണം നേരിടുന്നത്. പി.ജെ. കുര്യനും നന്ദകുമാറും ചേർന്ന് നടത്തുന്ന നാടകമാണ് ഇപ്പോൾ കാണുന്നതെന്നും അനിൽ ആന്റണി പ്രതികരിച്ചു. ഇന്നലെ എ.കെ. ആന്റണിയുടെ വാർത്താസമ്മേളനം നടത്തിയത് കൊണ്ട് ഫലമുണ്ടായില്ല. അതിനാലാണ് പുതിയ ആരോപണവുമായി രംഗത്ത് വരുന്നതെന്നും അനിൽ ആന്റണി പറഞ്ഞു.