ഇന്ദിരാഗാന്ധിക്ക് ശേഷം ഇന്ത്യയിൽ ആദ്യം; ന്യൂയോർക്കിൽ നിന്ന് ആ ഭാഗ്യം തേടിയെത്തിയത് മോദിയെ

Thursday 11 April 2024 10:19 AM IST

ന്യൂഡൽഹി: ന്യൂയോർക്ക് ആസ്ഥാനമായുള്ള ന്യൂസ് വീക്ക് മാസികയുടെ കവർ പേജിൽ ഇടംനേടി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ദിരാഗാന്ധിക്ക് ശേഷം ന്യൂസ് വീക്ക് കവർ പേജിൽ ഇടംനേടുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് മോദി. 1966 ഏപ്രിൽ ലക്കത്തിന്റെ കവർ പേജിലായിരുന്നു ഇന്ദിരാഗാന്ധിയുടെ ചിത്രം വന്നിരുന്നത്.

ഇന്ത്യാ - ചൈന അതിർത്തിയിലെ സാഹചര്യം, രാമക്ഷേത്രം, ആർട്ടിക്കിൾ 370 എന്നിവയെ കേന്ദ്രീകരിച്ചുള്ള ചോദ്യങ്ങളാണ് ന്യൂസ് വീക്കിലെ അഭിമുഖത്തിൽ മോദി നേരിട്ടത്. മോദിയുമായി ന്യൂസ് വീക്ക് ടീം 90 മിനിട്ട് സംഭാഷണം നടത്തിയ ശേഷമാണ് ഈ അഭിമുഖം തയ്യാറാക്കിയത്.

ഉഭയകക്ഷി ഇടപെടലുകളിലെ അസാധാരണത്വം പരിഹരിക്കാൻ ഇന്ത്യ-ചൈന അതിർത്തിയിലെ സാഹചര്യം അടിയന്തരമായി ശ്രദ്ധിക്കേണ്ടതുണ്ടെന്ന് നരേന്ദ്ര മോദി അഭിമുഖത്തിൽ പറഞ്ഞു. ഇരു രാജ്യങ്ങളും സുപ്രധാനമായ ബന്ധം പങ്കിടുന്നുവെന്നും സുസ്ഥിരമായ ഇന്ത്യ-ചൈന ബന്ധം ലോകത്തിന് തന്നെ പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'ഇന്ത്യയെ സംബന്ധിച്ചിടത്തോളം ചൈനയുമായുള്ള ബന്ധം പ്രധാനപ്പെട്ടതാണ്. നമ്മുടെ അതിർത്തിയിൽ നീണ്ടുനിൽക്കുന്ന സാഹചര്യം അടിയന്തിരമായി പരിഹരിക്കേണ്ടതുണ്ടെന്നാണ് എന്റെ വിശ്വാസം, അതുവഴി നമ്മുടെ ഉഭയകക്ഷി ഇടപെടലുകളിലെ അസാധാരണത്വം പരിഹരിക്കാൻ സാധിക്കും'- പ്രധാനമന്ത്രി പറഞ്ഞു. ക്രിയാത്മകമായ ഇടപെടലിലൂടെ അതിർത്തിയിൽ സമാധാനം പുനഃസ്ഥാപിക്കാൻ ഇരു രാജ്യങ്ങൾക്ക് കഴിയുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

'ഇന്ത്യയും ചൈനയും തമ്മിലുള്ള സുസ്ഥിരവും സമാധാനപരവുമായ ബന്ധം നമ്മുടെ രണ്ട് രാജ്യങ്ങൾക്ക് മാത്രമല്ല, ലോകത്തിന് തന്നെ പ്രധാനമാണ്. നയതന്ത്ര, സൈനിക തലങ്ങളിലെ ക്രിയാത്മകമായ ഉഭയകക്ഷി ഇടപെടലിലൂടെ ആ ബന്ധം വളർത്തിയെടുക്കാൻ സാധിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നു. നമ്മുടെ അതിർത്തികളിലെ സമാധാനം പുനസ്ഥാപിക്കാനും നിലനിർത്താനും നമുക്ക് കഴിയും'- പ്രധാനമന്ത്രി പറഞ്ഞു.

2020ൽ ഗാൽവൻ താഴ്‌വരയിൽ ഇരുരാജ്യങ്ങളിലെയും സൈനികർ തമ്മിലുണ്ടായ ഏറ്റുമുട്ടൽ ഇന്ത്യ-ചൈന ബന്ധത്തെ വഷളാക്കിയിരുന്നു. 20 ഇന്ത്യൻ സൈനികരാണ് അന്ന് വീരമൃത്യു വരിച്ചത്. ചൈനയുടെ എത്ര സൈനികർ കൊല്ലപ്പെട്ടെന്ന വിവരം ഇതുവരെ പുറത്തുവിട്ടിട്ടില്ല. പിന്നാലെ നയതന്ത്ര തലത്തിലും സൈനിക തലത്തിലും ഒരുപാട് ചർച്ചകൾ നടന്നിരുന്നു. 40 ഇന്ത്യൻ സൈനികരുടെ മരണത്തിനിടയാക്കിയ 2019ലെ പുൽവാമ ആക്രമണത്തെക്കുറിച്ച് പറഞ്ഞ പ്രധാനമന്ത്രി ഇന്ത്യ - പാക് ബന്ധത്തെക്കുറിച്ചും അഭിമുഖത്തിൽ വ്യക്തമാക്കി.

Advertisement
Advertisement