ഡൽഹി മദ്യനയക്കേസ്; കെ കവിതയെ തീഹാർ ജയിലിനുള്ളിൽ നിന്ന് അറസ്റ്റ് ചെയ്‌ത് സിബിഐ

Thursday 11 April 2024 4:19 PM IST

ന്യൂഡൽഹി: ഭാരത് രാഷ്‌ട്ര സമിതി (ബിആർഎസ്) നേതാവ് കെ കവിതയെ തീഹാർ ജയിലിനുള്ളിൽ നിന്ന് അറസ്റ്റ് ചെയ്‌‌ത് സിബിഐ. ഡൽഹി മദ്യനയക്കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് കവിതയുടെ അറസ്റ്റ്. ജുഡീഷ്യൽ കസ്റ്റഡിയിലുള്ള കവിതയെ കഴിഞ്ഞ ശനിയാഴ്‌ച ജയിലിനുള്ളിൽ വച്ച് സിബിഐ ചോദ്യം ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് അറസ്റ്റ് രേഖപ്പെടുത്തിയത്.

മുൻ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ മകളാണ് 46കാരിയായ കെ കവിത. ഡൽഹിയിൽ പുതിയ മദ്യനയം കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് ഭരണപാർട്ടിയായ ആം ആദ്‌മിക്ക് 100 കോടി നൽകിയ സൗത്ത് ഗ്രൂപ്പ് എന്ന കമ്പനിയുമായി കവിതയ്‌ക്ക് ബന്ധമുണ്ട് എന്നായിരുന്നു ആരോപണം. ഇതിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് ഇഡിയുടെ ചോദ്യംചെയ്യലിനായാണ് കവിതയെ തീഹാർ ജയിലിലേക്ക് മാറ്റിയത്.

ഹൈദരാബാദിലെ ബാന്‌ജറ ഹിൽസിലുള്ള വസതിയിൽ നിന്ന് മാർച്ച് 15നാണ് ഇഡി കവിതയെ കസ്റ്റഡിയിലെടുത്തത്. പിന്നാലെ കോടതിയിൽ ഹാജരാക്കിയ കവിതയെ കഴിഞ്ഞ ചൊവ്വാഴ്ചയാണ് 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടുകൊണ്ട് ഉത്തരവായത്. പ്രത്യേക കോടതിയുടെ ഉത്തരവോടെയാണ് സിബിഐ തീഹാർ ജയിലിനുള്ളിൽ വച്ച് കവിതയെ ചോദ്യം ചെയ്‌തത്. കേസില്‍ കൂട്ടുപ്രതിയായ ബുചി ബാബുവിന്റെ ഫോണില്‍ നിന്ന് കണ്ടെടുത്ത ചാറ്റിന്റെ അടിസ്ഥാനത്തിലാണ് കവിതയെ ചോദ്യംചെയ്തത്.

അതേസമയം, കേന്ദ്ര ഏജന്‍സികള്‍ തന്റെ വ്യക്തിപരവും രാഷ്ട്രീയപരവുമായ ജീവിതം താറുമാറാക്കാനാണ് ശ്രമിക്കുന്നതെന്ന കവിത കോടതിയില്‍ വ്യക്തമാക്കി. വക്കീല്‍ മുഖേനയാണ് കവിത കോടതിക്ക് തുറന്ന കത്ത് നല്‍കിയത്.

ഞാൻ ഇരയാണ്. എന്റെ വ്യക്തിജീവിതവും പൊതുജീവിതവും ഇന്നംവച്ചുള്ള പ്രവർത്തനങ്ങളാണ് ചുറ്റും നടക്കുന്നത്. വാർത്താ ചാനലുകളിലെല്ലാം എന്റെ മൊബൈൽ ഫോൺ കാണിക്കുന്നു. എന്റെ വ്യക്തിജീവിതത്തിലേക്കുള്ള പരസ്യമായ കടന്നുകയറ്റമാണിത്. എല്ലാ അന്വേഷണ ഏജന്‍സികളുമായും ഞാന്‍ സഹകരിച്ചിട്ടുണ്ട്. ബാങ്ക് അക്കൗണ്ട് രേഖകളെല്ലാം നല്‍കിയിട്ടുണ്ട്. ഞാന്‍ നശിപ്പിച്ചു എന്ന് ഇഡി അവകാശപ്പെടുന്ന എല്ലാ മൊബൈല്‍ ഫോണുകളും കൈമാറാന്‍ തയ്യാറാണെന്നും വക്കീല്‍ മുഖേന കോടതിക്ക് കൈമാറിയ കത്തില്‍ കവിത പറയുന്നു.

Advertisement
Advertisement