പുരുഷനുമുണ്ട് 'ആർത്തവവിരാമം'; അമിത വിയർപ്പും ചൊറിച്ചിലുമടക്കമുള്ള ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

Thursday 11 April 2024 4:55 PM IST

സ്ത്രീകൾക്കുള്ളതുപോലെ പുരുഷന്മാർക്കും 'ആ‌ർത്തവവിരാമമുണ്ട്' എന്നുപറഞ്ഞാൽ വിശ്വസിക്കാനാവുമോ? ഇന്നത്തെക്കാലത്ത് അനേകം പുരുഷന്മാർ നേരിടുന്നതും എന്നാൽ വലിയ രീതിയിൽ അവഗണിക്കപ്പെടുന്നതുമായ ഒരു രോഗാവസ്ഥയാണിത്.

സ്ത്രീകളുടേതുപോലെ പുരുഷന്മാർക്ക് ആർത്തവവിരാമം സംഭവിക്കുന്നില്ലെങ്കിലും പുരുഷ ലൈംഗിക ഹോർമോൺ ആയ ടെസ്റ്റോസ്റ്റിറോൺ പെട്ടെന്ന് കുറയുന്നതാണ് 'പുരുഷ ആർത്തവവിരാമം' അഥവാ 'മെയിൽ മെനോപോസ്' അല്ലെങ്കിൽ 'ആൻഡ്രോപോസിന്' കാരണമാവുന്നത്. 40 വയസിന് മുകളിലുള്ളവരിലാണ് ഇത് സാധാരണയായി ഉണ്ടാകുന്നതെങ്കിലും വളരെ ചെറുപ്പത്തിൽ തന്നെ സംഭവിക്കാനിടയുണ്ടെന്ന് ഡൽഹി മദേഴ്‌സ് ലാപ് ഐവിഎഫ് സെന്ററിന്റെ ഡയറക്ടറും ഐവിഎഫ് വിദഗ്ദ്ധയുമായ ശോഭ ഗുപ്ത പറയുന്നു. 70 വയസുവരെ ഈ രോഗാവസ്ഥ നീണ്ടുനിൽക്കാനിടയുണ്ടെന്നും ശോഭ ഗുപ്‌ത വ്യക്തമാക്കുന്നു.

ആൻഡ്രോപോസിന്റെ കാരണങ്ങൾ

പുരുഷന്മാരിൽ നിരവധി പ്രധാന പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന ഹോർമോൺ ആണ് ടെസ്റ്റോസ്റ്റിറോൺ. പേശി പിണ്ഡം (മസിൽ മാസ്), ബീജ ഉത്പാദനം എന്നിവ ഇത് നിയന്ത്രിക്കുന്നു. എല്ലുകളുടെ ആരോഗ്യത്തിനും രക്ത ഉൽപാദനത്തിനും ടെസ്റ്റോസ്റ്റിറോൺ അത്യാവശ്യമാണ്. അഡ്രീനൽ ഗ്രന്ഥികളിലും വൃഷണങ്ങളിലുമാണ് ഈ ഹോർമോൺ ഉത്പാദിപ്പിക്കപ്പെടുന്നത്. പുരുഷന്മാരിൽ പ്രായം കൂടുന്തോറും ബീജം ഉൽ‌പാദിപ്പിക്കാനുള്ള കഴിവും ടെസ്റ്റോസ്റ്റിറോണിന്റെ അളവും കുറയുന്നു. ഇതാണ് ആൻഡ്രോപോസ് എന്ന അവസ്ഥയിലേക്ക് നയിക്കുന്നത്.

ടെസ്റ്റോസ്റ്റിറോൺ സ്വാഭാവികമായും പ്രായത്തിനനുസരിച്ച് കുറയുമെങ്കിലും പ്രമേഹം ഇതിനൊരു പ്രധാന കാരണമാണ്. ടെസ്റ്റോസ്റ്റിറോണിന്റെ അളവ് സ്ഥിരമായി കുറയുന്നതിനെ പ്രായവുമായി ബന്ധപ്പെട്ട 'ലോ ടെസ്റ്റോസ്റ്റിറോൺ അല്ലെങ്കിൽ ലേറ്റ് ഓൺസെറ്റ് ഹൈപ്പോഗൊനാഡിസം' എന്ന് വിളിക്കുന്നു. തൊഴിലിടങ്ങളിലെയും കുടുംബത്തിലെയും മറ്റുമുള്ള സമ്മർദ്ദം, ജീവിതശൈലി എന്നിവയും ഇതിന് കാരണങ്ങളാണ്.

ലക്ഷണങ്ങൾ

  • ശരീരഭാരം വർദ്ധിക്കുക
  • ലൈംഗിക ഉത്തേജനം കുറയുക
  • ക്ഷീണം
  • ശ്രദ്ധക്കുറവ്
  • മാനസിക സമ്മർദ്ദം
  • ശക്തി കുറയുന്നതായുള്ള അനുഭവം
  • വിഷാദം
  • പേശിവേദന
  • അമിതവിയർപ്പ്
  • കൈയുടെ പാദങ്ങളും കാൽപാ‌ദങ്ങളും തണുക്കുക
  • ചൊറിച്ചിൽ

രോഗനിർണയവും ചികിത്സയും

  • ടെസ്റ്റോസ്റ്റിറോൺ അളവ് കുറയുന്നുണ്ടോയെന്ന് അറിയാനുള്ള പരിശോധനകൾ നടത്തുക. തുടർന്ന് ഒരു ഫിസിഷ്യന്റെ നിർദേശപ്രകാരം ചികിത്സ ചെയ്യുക.
  • ആരോഗ്യപരമായ ഭക്ഷണശീലം പിന്തുടരുക
  • വ്യായാമം
  • ഹെൽത്ത് ചെക്കപ്പുകൾ
  • ഹോർമോൺ പരിശോധനകൾ
  • സമ്മർദ്ദം കുറയ്ക്കുക
  • പങ്കാളിയുമായുള്ള അടുപ്പം
  • ശരിയായ ഉറക്കം