ലൈംഗികാതിക്രമം: വൃദ്ധന് 12 വർഷംതടവും പിഴയും

Friday 12 April 2024 1:35 AM IST

മൂവാറ്റുപുഴ: പതിനാലുകാരിയെ രണ്ടുവർഷത്തോളം ലൈംഗികാതിക്രമത്തിന് ഇരയാക്കിയ വൃദ്ധന് 12വർഷംതടവും 55,000രൂപ പിഴയും ശിക്ഷ. കോട്ടപ്പടി പുഞ്ച പരത്തുവയലിൽ എൽദോസിനെയാണ് (59) മൂവാറ്റുപുഴ പോക്സോ കോടതി ജഡ്ജി പി.വി. അനീഷ്‌കുമാർ ശിക്ഷിച്ചത്.

നിരന്തര ശല്യത്തിനൊടുവിൽ കുട്ടി അമ്മയെ അറിയിച്ചു. തുടർന്ന് ചൈൽഡ് ലൈനിൽ അമ്മ പരാതി നൽകി. ഇവരുടെ നിർദ്ദേശപ്രകാരം കോട്ടപ്പടി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. സി.ഐ സി. ശ്രീജിത്ത്, എസ്.ഐ എം.എം. അബ്ദുൾ റഹിമാൻ, വനിതാ സിവിൽ പൊലീസ് ഓഫീസർ സി.എ. ഫിലോമിന എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പി.ആർ. ജമുന ഹാജരായി.