വോട്ടിന് പണം; രാജീവ് ചന്ദ്രശേഖറിന്റെ വക്കീൽ നോട്ടീസിന് ശശി തരൂർ മറുപടി നൽകി

Thursday 11 April 2024 7:55 PM IST

തിരുവനന്തപുരം: തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ തീരപ്രദേശങ്ങളിൽ വോട്ടിന് പണം നൽകുന്നുവെന്ന ആരോപണത്തിൽ എൻ.ഡി.എ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ അയച്ച വക്കീൽ നോട്ടീസിന് ശശി തരൂർ മറുപടി നൽകി. വോട്ടർമാർക്ക് എൻ.ഡി.എ സ്ഥാനാർത്ഥി പണം നൽകി എന്ന് പറഞ്ഞിട്ടില്ലെന്ന് മറുപടിയിൽ തരൂർ ചൂണ്ടിക്കാട്ടി. രാജീവ് ചന്ദ്രശേഖറിന്റെ പേരോ പാർട്ടിയുടെ പേരോ പരാമർശിച്ചിട്ടില്ല. തെറ്റിദ്ധാരണ മൂലമോ മനഃപൂർവമോ ആണ് രാജീവ് ചന്ദ്രശേഖർ ആരോപണം ഉന്നയിക്കുന്നതെന്നും തരൂരിന്റെ മറുപടിയിൽ പറയുന്നു.

വൈദികരെ ഉൾപ്പെടെ സ്വാധീനിക്കാനും വോട്ട് കിട്ടാൻ തീരമേഖലയിൽ പണം നൽകാനും എൻ.ഡി.എ സ്ഥാനാർത്ഥി ശ്രമിക്കുന്നുവെന്ന് ശശി തരൂർ ഒരു ചാനൽ അഭിമുഖത്തിൽ പറഞ്ഞതായാണ് എൻ.ഡി.എ നേതാക്കൾ പരാതി നൽകിയത്. തിരഞ്ഞെടുപ്പ് കമ്മിഷന് ഇതു സംബന്ധിച്ച് പരാതി നൽകിയതിന് പിന്നാലയാണ് തരൂരിന് ഇന്നലെ വക്കീൽ നോട്ടീസയച്ചത്. പ്രസ്താവന പിൻവലിച്ച് തരൂർ മാപ്പ് പറയണമെന്നാവശ്യപ്പെട്ടാണ് രാജീവ് ചന്ദ്രശേഖർ വക്കീൽ നോട്ടീസയച്ചത്

അതേസമയം ആരാണ് പണം നൽകിയതെന്ന് പറഞ്ഞിട്ടില്ലെന്നും കേട്ടുകേൾവിയാണ് പറഞ്ഞതെന്നും തരൂർ വ്യക്തമാക്കുന്നു. എന്നാൽ ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് അടിസ്ഥാനം വേണമെന്നും നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും എൻ.ഡി.എ നേതൃത്വം പറയുന്നു.