തലവനെ കൊന്ന് തലവനായി: കൊല്ലപ്പെട്ടത് 'അത്താണി ബോയ്സ്' തലവൻ

Friday 12 April 2024 1:40 AM IST

നെടുമ്പാശേരി: കുറുമശേരിയിൽ കൊല്ലപ്പെട്ടത് തലവനെ കൊന്ന് 'അത്താണി ബോയ്സ്' എന്ന ഗുണ്ടാസംഘത്തിന്റെ തലവനായ യുവാവ്. അത്താണി തുരുത്തിശേരി വിഷ്ണു വിഹാറിൽ വിനു വിക്രമനാണ് ഇന്നലെ പുലർച്ചെ എതിർസംഘത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

നാല് വർഷത്തോളമായി അത്താണി ബോയ്സ് എന്ന ഗുണ്ടാസംഘത്തെ നയിച്ചിരുന്നത് വിനുവാണ്. അത്താണി ബോയ്സിന്റെ തലവനായിരുന്ന അത്താണി സ്വദേശിയായ ഗില്ലാപ്പി എന്ന് വിളിക്കുന്ന ബിനോയിയെ 2019 നവംബർ 17ന് അത്താണി ഡയാനബാറിന് മുമ്പിൽവച്ച് വെട്ടിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയാണ് വിനു വിക്രമൻ. കുഴൽപ്പണം കൈമാറുന്നത് സംബന്ധിച്ച തർക്കത്തെ തുടർന്നാണ് 'ആശാനെ' ശിഷ്യൻ കൊലപ്പെടുത്തിയത്. തുടർന്ന് അത്താണി ബോയ്സിന്റെ നായകസ്ഥാനവും ഏറ്റെടുത്തു. ബിനോയിയെ കൊലപ്പെടുത്തിയ കേസിൽ വിനുവിക്രമൻ ഉൾപ്പെടെ മൂന്നുപേർ നേരിട്ടും അഞ്ചുപേർ ഗൂഢാലോചനയിലുമാണ് പങ്കെടുത്തത്.

ബിനോയിയെ കൊലപ്പെടുത്തിയ കേസ് ഇപ്പോഴും കോടതിയിലാണ്. ജാമ്യവ്യവസ്ഥ ലംഘിച്ച് അടുവാശേരിയിലെത്തി നിർമ്മാണസാമഗ്രികൾ വിൽക്കുന്ന സ്ഥാപനത്തിലെ ജീവനക്കാരെ ഭീഷണപ്പെടുത്തി വിനു പണം ആവശ്യപ്പെട്ടു. പൊലീസിൽ അറിയിച്ചാൽ വീട്ടിൽക്കയറി കൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തി. ഇതിന്റെ തുടർച്ചയായി ചെങ്ങമനാട് പൊലീസ് പിടികൂടി കാപ്പചുമത്തി നാടും കടത്തിയിരുന്നു. ചെങ്ങമനാട്, നെടുമ്പാശേരി, അങ്കമാലി, പറവൂർ, അയ്യമ്പുഴ സ്റ്റേഷനുകളിലായി കൊലപാതകം, കൊലപാതകശ്രമം, ദേഹോപദ്രവം, തട്ടിക്കൊണ്ടുപോകൽ ഉൾപ്പെടെ വിനുവിനെതിരെ 25ഓളം കേസുകളുണ്ട്.

Advertisement
Advertisement