ഇറാൻ ഉടൻ ഇസ്രയേലിനെ ആക്രമിക്കുമെന്ന് യു.എസ്

Friday 12 April 2024 4:03 AM IST

ന്യൂയോർക്ക്: ഇറാൻ ഏതുനിമിഷവും ആക്രമിക്കുമെന്ന മുന്നറിയിപ്പുകൾ ശക്തമായതോടെ ഇസ്രയേൽ അതീവ ജാഗ്രതയിൽ. രാജ്യത്തിനകത്തും പുറത്തും സുരക്ഷ ശക്തമാക്കി. എന്തും നേരിടാൻ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സൈന്യത്തിന് നിർദ്ദേശം നൽകി. റിസർവ് സൈനികരെയും സജ്ജമാക്കി. വ്യോമപ്രതിരോധവും ശക്തമാക്കി.

ഈ ആഴ്ച തന്നെ ഇസ്രയേലിനെ ഇറാൻ ആക്രമിക്കുമെന്നാണ് യു.എസ് മുന്നറിയിപ്പ്.

വിവിധ രാജ്യങ്ങളിലെ ഇസ്രയേൽ എംബസികളുടെ സുരക്ഷ ശക്തമാക്കി.

ഇരുപക്ഷവും സംയമനം പാലിക്കണമെന്ന് റഷ്യ, ജർമ്മനി, യു.കെ തുടങ്ങിയ രാജ്യങ്ങൾ ആവശ്യപ്പെട്ടു. യു.എസ് സെൻട്രൽ കമാൻഡ് മേധാവി ഇന്നലെ ഇസ്രയേലിലെത്തി പ്രതിരോധ മന്ത്രി യോവ് ഗാലന്റുമായി ചർച്ച നടത്തി.

 ലക്ഷ്യം സൈനിക കേന്ദ്രങ്ങൾ

ഇറാന്റെ നിഴൽ സംഘനകളാകാം ആക്രമണം നടത്തുകയെന്നും ഇസ്രയേലിലെ സർക്കാർ, സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമാക്കാമെന്നും യു.എസ് പറയുന്നു. ഇതോടെ ഗാസ യുദ്ധം മറ്റൊരു ദിശയിലായി പശ്ചിമേഷ്യയിൽ യുദ്ധം പടരുമോ എന്നാണ് ഭീതി. ഇറാനെ പ്രതിരോധിക്കാൻ ഇസ്രയേലിന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്‌തു.

 തിരിച്ചടിക്കുമെന്ന് ഇസ്രയേൽ

സിറിയയിലെ തങ്ങളുടെ കോൺസുലേറ്റ് ഇസ്രയേൽ തകർത്തതിന് പ്രതികാരം ചെയ്യുമെന്നാണ് ഇറാന്റെ പ്രഖ്യാപനം. ആക്രമണത്തിൽ ഇറാന്റെ രണ്ട് ജനറൽമാർ അടക്കം 13 പേർ കൊല്ലപ്പെട്ടിരുന്നു. ഇറാനിൽ കടന്ന് ആക്രമിക്കുമെന്ന് ഇസ്രയേലും മുന്നറിയിപ്പ് നൽകി. ഇസ്രയേൽ ശിക്ഷിക്കപ്പെടണമെന്ന് ഇറാൻ പരമോന്നത നേതാവ് അയത്തുള്ള അലി ഖമനേയി മുന്നറിയിപ്പ് നൽകിയത് ആശങ്കകൾ ഇരട്ടിയാക്കി.

ഇസ്രയേലിനോട് തോറ്റു പിന്മാറില്ല : ഹമാസ് തലവൻ

തന്റെ മക്കളെ കൊലപ്പെടുത്തിയതു കൊണ്ട് ഇസ്രയേലിനെതിരെയുള്ള ആക്രമണം അവസാനിപ്പിക്കുകയോ ലക്ഷ്യത്തിൽ നിന്ന് പിന്മാറുകയോ ചെയ്യില്ലെന്ന് ഹമാസ് തലവൻ ഇസ്മയിൽ ഹനിയ. ബുധനാഴ്ചയാണ് ഹനിയയുടെ മക്കളായ ഹസീം, അമീർ, മുഹമ്മദ് എന്നിവരും നാല് ചെറുമക്കളും ഇസ്രയേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടത്. ഗാസയിൽ ഹനിയയുടെ 60ഓളം കുടുംബാംഗങ്ങൾ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഹമാസിന്റെ പൊളിറ്റിക്കൽ ബ്യൂറോ ചെയർമാനായ ഹനിയ ഖത്തറിലാണ് താമസം.

 എങ്ങുമെത്താതെ വെടിനിറുത്തൽ

വെടിനിറുത്തലിനായി അന്താരാഷ്ട്ര സമ്മർദ്ദം ശക്തമായിട്ടും ഗാസയിലെ ആക്രമണം ഇസ്രയേൽ തുടരുകയാണ്. ഇതുവരെ 33,400ലേറെ പാലസ്തീനികൾ കൊല്ലപ്പെട്ടു. യു.എസ്, ഖത്തർ, ഈജിപ്റ്റ് എന്നിവരുടെ മദ്ധ്യസ്ഥതയിൽ ഞായറാഴ്ച മുതൽ കയ്റോയിൽ ചർച്ച തുടരുന്നുണ്ട്. ആറ് ആഴ്ചത്തെ വെടിനിറുത്തലിന് പകരം 40 ബന്ദികളെ മോചിപ്പിക്കണമെന്ന നിർദ്ദേശം ഹമാസ് പരിഗണിക്കുന്നുണ്ട്.