ഡൽഹി മദ്യനയം: സി.ബി.ഐ കേസിലും കവിത അറസ്റ്റിൽ

Friday 12 April 2024 12:54 AM IST

ന്യൂഡൽഹി : ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട ഇ.ഡി കേസിൽ തിഹാർ ജയിലിൽ കഴിയുന്ന ബി.ആർ.എസ് നേതാവ് കെ. കവിതയെ സി.ബി.ഐയും അറസ്റ്റ് ചെയ്തു. ഇന്നലെ ജയിലിൽ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി. ഇന്ന് റൗസ് അവന്യൂ കോടതിയിൽ ഹാജരാക്കും.

അഴിമതി നിരോധന നിയമം, ഇന്ത്യൻ ശിക്ഷാനിയമത്തിലെ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്. കോടതി അനുമതി നൽകിയതിനെ തുടർന്ന് കഴിഞ്ഞ ശനിയാഴ്ചയും സി.ബി.ഐ കവിതയെ ജയിലിൽ ചോദ്യംചെയ്തിരുന്നു.

നൂറു കോടിയുടെ കോഴയിടപാടിൽ കവിതയ്ക്ക് പങ്കുണ്ടെന്നാണ് ഇ.ഡിയുടെയും സി.ബി.ഐയുടെയും നിഗമനം. ആം ആദ്മി നേതാക്കൾക്ക് കോഴ കൈമാറിയ ഗൂഢാലോചനയിലും കവിതയ്‌ക്ക് പങ്കുണ്ടത്രേ. കോഴ കൈമാറ്റത്തിനു ശേഷം നടന്ന ഒരു വസ്തു ഇടപാടിനെ പറ്റിയും കവിതയോട് സി.ബി.ഐ ആരാഞ്ഞിരുന്നു. കൂട്ടുപ്രതികളുടെ വാട്സാപ്പ് ചാറ്റും വച്ചായിരുന്നു ചോദ്യങ്ങൾ. മാർച്ച് 15നാണ് ഹൈദരാബാദിലെ വസതിയിൽ നിന്ന് കെ. കവിതയെ ഇ.ഡി കസ്റ്റഡിയിലെടുത്തത്. മകന്റെ പരീക്ഷ ചൂണ്ടിക്കാട്ടി കവിത സമർപ്പിച്ച ഇടക്കാല ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. മദ്യനയക്കേസിൽ ഇതുവരെ 128 കോടിയിൽപ്പരം രൂപ വിലമതിക്കുന്ന വസ്തുവകകൾ ഇ.ഡി കണ്ടുകെട്ടി.

 കേജ്‌രിവാളിന്റെ പി.എയെ നീക്കി

ഇ.ഡി കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ തിഹാർ ജയിലിൽ തുടരുന്നതിനിടെ,​ അദ്ദേഹത്തിന്റെ പേഴ്സണൽ അസിസ്റ്റന്റ് (പി.എ)​ ബിഭവ് കുമാറിനെ സർവീസിൽ നിന്ന് നീക്കി. 2007ൽ ഒരു ജീവനക്കാരന്റെ കൃത്യനിർവഹണം തടസപ്പെടുത്തിയെന്ന കേസിലാണ് ഡൽഹി വിജിലൻസ് ഡയറക്ടറേറ്റിന്റെ നടപടി.

മദ്യനയക്കേസിൽ ഏപ്രിൽ എട്ടിന് ബിഭവ് കുമാറിനെ ഇ.ഡി ചോദ്യം ചെയ്തിരുന്നു.

ആസൂത്രിത നീക്കമെന്ന് ആംആദ്മി പാർട്ടി ആരോപിച്ചപ്പോൾ,​ അനിവാര്യമായ നടപടിയെന്ന് ബി.ജെ.പി തിരിച്ചടിച്ചു. നടപടിക്കെതിരെ ബിഭവ് കുമാർ സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചേക്കും.