പിടിമുറുക്കി മഞ്ഞപ്പിത്തം

Friday 12 April 2024 1:13 AM IST

ലോകത്ത് മഞ്ഞപ്പിത്തം പിടിമുറുക്കുകയാണ്. ഓരോ ദിവസവും 3,500 പേരോളം മഞ്ഞപ്പിത്തം ബാധിച്ച് മരിക്കുന്നുവെന്നാണ് ലോകാരോഗ്യ സംഘടന നൽകുന്ന മുന്നറിയിപ്പ്. ചൈനയിലാണ് ഏറ്റവും കൂടുതൽ രോഗബാധിതരുള്ളത്. രോഗബാധിതരുടെ എണ്ണത്തിൽ ഇന്ത്യയാണ് രണ്ടാമത്. 2019ൽ മഞ്ഞപ്പിത്തം ബാധിച്ച് 11 ലക്ഷം പേർ മരിച്ചിരുന്നു. എന്നാൽ 2021 ആയപ്പോഴേക്കും മരണസംഖ്യ 13 ലക്ഷമായി. രോഗബാധിതരിൽ കൂടുതലും 30നും 54നും ഇടയിൽ പ്രായമുള്ളവരാണ്.18 വയസിന് താഴെയുള്ളവരാണ് 12 ശതമാനം പേരും. രോഗം കൂടുതലായി കാണപ്പെടുന്നത് പുരുഷന്മാരിലാണെന്ന് ലോകാരോഗ്യ സംഘടന പറയുന്നു.

2030 ആവുമ്പോഴേക്കും രോഗം നിർമ്മാർജ്ജനം ചെയ്യേണ്ട പ്രവർത്തനത്തെക്കുറിച്ചും ലോകാരോഗ്യ സംഘടന റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. മഞ്ഞപ്പിത്തം ബാധിച്ച് മരിക്കുന്നവരിൽ 83 ശതമാനം പേരും ഹെപ്പറ്റൈസിസ് ബി ബാധിച്ചവരും 17 ശതമാനം ഹെപ്പറ്റൈസിസ് സി ബാധിച്ചവരുമാണ്. ബംഗ്ലാദേശ്, ചൈന, എത്യോപ്യ, ഇന്ത്യ, ഇന്തോനേഷ്യ, നൈജീരിയ, പാക്കിസ്ഥാൻ, ഫിലിപ്പീൻസ്, റഷ്യ, വിയറ്റ്നാം രാജ്യങ്ങളാണ് മൂന്നിൽ രണ്ട് രോഗബാധിതരുമുള്ളത്.

ഹെപ്പറ്റൈറ്റിസ് എ, ബി, സി, ഡി, ഇ എന്നിങ്ങനെയുള്ള വകഭേദങ്ങളാണുള്ളത്. എ, ഇ എന്നിവ മലിനമായ കുടിവെള്ളം, ആഹാരം എന്നിവ വഴിയും ബി, സി, ഡി രക്തം, ശരീരസ്രവങ്ങൾ എന്നിവയിലൂടെയുമാണ് പകരുന്നത്. ഹെപ്പറ്റെറ്റിസ് ബി, സി എന്നിവയ്‌ക്കെതിരെയാണ് ഏറ്റവും കൂടുതൽ ജാഗ്രത പാലിക്കേണ്ടത്.
2022ൽ മാത്രം ഇന്ത്യയിൽ 350 ലക്ഷം ഹെപ്പറ്റൈറ്റിസ് ബി, സി രോഗബാധകളാണ് സ്ഥിരീകരിച്ചത്. 2022ൽ 2.98 കോടി ഹെപ്പറ്റൈറ്റിസ് ബി രോഗികളും 55 ലക്ഷം ഹെപ്പറ്റൈസിസ് സി രോഗികളുമാണ് രാജ്യത്തുണ്ടായിരുന്നത്. മൊത്തം രോഗികളുടെ 27.5 ശതമാനം ചൈനയിലും 11.6 ശതമാനം ഇന്ത്യയിലുമെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

തുടക്കത്തിലെ

ശ്രദ്ധിക്കണം

ഹെപ്പറ്റൈറ്റിസ് ബി, സി എന്നിവ നേരത്തെ കണ്ടെത്തി ചികിത്സിച്ചില്ലെങ്കിൽ സിറോസിസ്, കരളിലെ ക്യാൻസർ എന്നീ രോഗങ്ങൾക്കിടയാക്കും. ബി, സി രോഗബാധിതരിൽ രോഗലക്ഷണങ്ങൾ പ്രകടമാകാൻ ദീർഘനാൾ വേണ്ടിവരും. രോഗലക്ഷണങ്ങൾ പ്രകടമല്ലെങ്കിലും വൈറസ്ബാധ കരളിന്റെ പ്രവർത്തനത്തെ സാരമായി ബാധിക്കും. ഈ സാഹചര്യത്തിൽ രക്തപരിശോധന നടത്തണം. എച്ച്.ഐ.വിക്ക് സമാനമായ പകർച്ചാരീതിയാണ് ഹെപ്പറ്റൈറ്റിസ് ബി, സിക്കുമുള്ളത്.

ചികിത്സയുടെ ഭാഗമായി രക്തവും, രക്തോത്പന്നങ്ങളും ഇടക്കിടെ സ്വീകരിക്കേണ്ടിവരുന്ന രോഗികൾ, ഡയാലിസിസ്, അവയവമാറ്റ ശസ്ത്രക്രിയക്ക് വിധേയരായിട്ടുള്ളവർ, സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലേർപ്പെട്ടിട്ടുള്ളവർ, രക്തവും, രക്തോത്പന്നങ്ങളും കൈകാര്യം ചെയ്യുന്ന ആരോഗ്യ പ്രവർത്തകർ, മയക്കുമരുന്ന് കുത്തിവയ്ക്കുന്നവർ, പച്ചകുത്തുന്നവർ (ടാറ്റു) എന്നിവർക്ക് രോഗസാദ്ധ്യത കൂടുതലാണ്.

വെള്ളത്തിലൂടെയും ആഹാര സാധനങ്ങളിലൂടെയുമാണ് ഈ രോഗം ഒരാളിലെത്തുന്നത്. മഞ്ഞപ്പിത്തം കരളിനെയാണ് ബാധിക്കുന്നത്‌. മഞ്ഞപ്പിത്തം യഥാസമയം ചികിത്സിച്ചില്ലങ്കിൽ ഗുരുതരമായ കരൾരോഗങ്ങൾക്ക് കാരണമാകുമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ്. കരളിന്റെ പ്രവർത്തന തകരാറുകൾ മൂലം 'ബിലിറൂബിൻ' രക്തത്തിൽ കൂടുന്നതാണ് മഞ്ഞനിറത്തിന് കാരണം. കരളിന്റെ പ്രവർത്തനത്തിൽ തടസ്സം നേരിടുമ്പോൾ പിത്തരസം പുറത്ത് പോവാത്തത് മഞ്ഞപ്പിത്തത്തിന് ഇടയാക്കുന്നു. ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥിയാണ് കരൾ. ഒരു വ്യക്തിയുടെ പൊതുവായ ആരോഗ്യ പരിരക്ഷയിൽ പ്രധാന പങ്ക് വഹിക്കുന്ന ധാരാളം കർമ്മങ്ങൾ കരൾ നിർവഹിക്കുന്നുണ്ട്. അതിനാൽ കരളിന് രോഗബാധ ഉണ്ടാവുമ്പോൾ കരളിന്റെ പ്രവർത്തനത്തെ മാത്രമല്ല മറിച്ച്, ശരീരത്തെ മൊത്തം ഇത് ദോഷകരമായി ബാധിക്കും.
കിണറുകളിൽ ജലവിതാനം കുറഞ്ഞതോടെ ചെരിഞ്ഞ പ്രദേശങ്ങളിൽ നിന്ന് സെപ്റ്റിക് മാലിന്യങ്ങൾ താഴേക്ക് ഊർന്നിറങ്ങിയതാണ് കേരളത്തിൽ രോഗവ്യാപനം വർദ്ധിക്കാൻ കാരണമായ പ്രധാനമായൊരു ഘടകം. ആശാ പ്രവർത്തകരുടെ സഹായത്തോടെ രോഗബാധിത പ്രദേശങ്ങളിലെ ജലസ്രോതസുകളിൽ സൂപ്പർ ക്ലോറിനേഷൻ നടത്തുന്നുണ്ട്.

ശ്രദ്ധിക്കേണ്ട

കാര്യങ്ങൾ...

എളുപ്പത്തിൽ ദഹിക്കുന്ന ഭക്ഷണം കഴിക്കണം. പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുക. കൊഴുപ്പ്, എണ്ണ കൂടുതലുള്ള ഭക്ഷണങ്ങൾ എന്നിവ കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യുക. കരളിന് ആയാസമുണ്ടാകുന്ന ഭക്ഷണപാനീയങ്ങൾ പാടില്ല. മദ്യപാനം, പുകവലി എന്നിവ തീർത്തും ഒഴിവാക്കുക. ധാരാളം വെള്ളം കുടിക്കാൻ ശ്രമിക്കുക. ഐസ് ക്രീം, ശീതളപാനീയങ്ങൾ എന്നിവ ഒഴിവാക്കണം.

ഭക്ഷണത്തിന് മുമ്പും ശേഷവും കൈകൾ വൃത്തിയാക്കുക. തുറന്നുവെച്ച ഭക്ഷണങ്ങളും വല്ലാതെ തണുത്തവയും ഒഴിവാക്കുക. പാചകത്തിനും ഭക്ഷണത്തിനും ഉപയോഗിക്കുന്ന വെള്ളം 20 മിനിറ്റെങ്കിലും തിളപ്പിച്ചതായിരിക്കണം. മഞ്ഞപ്പിത്തത്തിനു കാരണമായ വൈറസ് നശിക്കണമെങ്കിൽ വെള്ളം തിളപ്പിക്കുക തന്നെ വേണം.

തിളപ്പിച്ച വെള്ളം തണുപ്പിക്കാനായി അതിൽ പച്ചവെള്ളമൊഴിക്കുന്ന ശീലം ഉപേക്ഷിക്കുക. മഞ്ഞപ്പിത്തരോഗികൾക്ക് പ്രത്യേക പാത്രത്തിൽ ഭക്ഷണം നൽകുക. അവ തിളപ്പിച്ച വെള്ളത്തിൽ കഴുകി അണുവിമുക്തമാക്കുകയും വേണം. മഞ്ഞപ്പിത്തരോഗിയുടെ വസ്ത്രങ്ങൾ അണുവിമുക്തമാക്കണം. ഭക്ഷണം കഴിക്കുന്ന പാത്രങ്ങൾ തിളപ്പിച്ച വെള്ളത്തിൽ കഴുകിയെടുത്ത് ഉപയോഗിക്കുക.

ഈ ലക്ഷണങ്ങൾ

ശ്രദ്ധിക്കണം

പനിയും വിശപ്പില്ലായ്മയും ഓക്കാനവും ഛർദിയും ശക്തമായ ക്ഷീണവും ദഹനക്കേടും കണ്ണും നഖങ്ങളും മഞ്ഞനിറത്തിലാകുന്നതും മഞ്ഞപ്പിത്തത്തിന്റെ മുഖ്യലക്ഷണങ്ങളാണ്. രക്ത പരിശോധനയിലൂടെ മാത്രമേ രോഗനിർണയം പൂർണ്ണമായും സ്ഥിരീകരിക്കാൻ സാധിക്കൂ. സാധാരണയായി രോഗാണു ശരീരത്തിലെത്തി രണ്ടാഴ്ചയോളം കഴിഞ്ഞാണ് രോഗമുണ്ടാകുന്നതെങ്കിലും ചിലപ്പോൾ ഒരാഴ്ച മുതൽ മൂന്നാഴ്ച വരെയാകാം.

രോഗബാധിതർ കൂടുതലുള്ള രാജ്യങ്ങൾ

ചൈനയിലാണ് ഏറ്റവും കൂടുതൽ രോഗബാധിതരുള്ളത്. രോഗബാധിതരുടെ എണ്ണത്തിൽ ഇന്ത്യയാണ് രണ്ടാമത്. ബംഗ്ലാദേശ്, എത്യോപ്യ, ഇന്തോനേഷ്യ, നൈജീരിയ, പാക്കിസ്ഥാൻ, ഫിലിപ്പീൻസ്, റഷ്യ, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളാണ് ചൈനയ്ക്കും ഇന്ത്യയ്ക്കും ശേഷം മൂന്നിൽ രണ്ട് രോഗബാധിതരുള്ളത്.

രോഗം കൂടുതലായി കാണപ്പെടുന്നത് പുരുഷന്മാരിൽ

11 ലക്ഷം പേർ ഇന്ത്യയിൽ 2019ൽ മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു

2021ൽ അത് 13 ലക്ഷമായി ഉയർന്നു

Advertisement
Advertisement