സാമ്പത്തിക തട്ടിപ്പ്: വിയറ്റ്നാമിൽ ശതകോടീശ്വരിക്ക് വധശിക്ഷ

Friday 12 April 2024 7:28 AM IST

ഹാനോയ്: വൻ സാമ്പത്തിക തട്ടിപ്പ് നടത്തിയ ശതകോടീശ്വരിക്ക് വധശിക്ഷ വിധിച്ച് വിയറ്റ്നാം കോടതി. 2700 കോടി ഡോളറിന്റെ തട്ടിപ്പ് നടത്തിയെന്ന കേസിൽ റിയൽ എസ്റ്റേറ്റ് മേഖലയിൽ പ്രവർത്തിച്ചിരുന്ന ട്രൂംഗ് മൈ ലാനാണ് (67) ഹോ ചി മിൻ സി​റ്റിയിലെ കോടതി അപൂർവ ശിക്ഷ വിധിച്ചത്.

വാൻ തിൻ ഫാറ്റ് എന്ന റിയൽ എസ്റ്റേറ്റ് കമ്പനിയുടെ ഉടമയായിരുന്നു ഇവർ. രാജ്യത്തെ പകുതിയോളം റിയൽ എസ്റ്റേറ്റ് ഇടപാടുകളും കമ്പനിയാണ് നിയന്ത്രിച്ചിരുന്നത്. സൈഗോൾ കൊമേഴ്ഷ്യൽ ബാങ്കിൽ (എസ്.സി.ബി ) നിന്ന് ലാൻ 2012 - 2022ൽ 2700 കോടി ഡോളറിന്റെ തട്ടിപ്പ് നടത്തിയെന്നാണ് കേസ്. വിയറ്റ്നാമിന്റെ ജി.ഡി.പിയുടെ മൂന്ന് ശതമാനത്തോളം വരും ഇത്. ബാങ്കിനെ അനധികൃതമായി നിയന്ത്രിച്ച ഇവർ കൂട്ടാളികളുമായി ചേർന്ന് 2,500 വായ്പകൾ നേടുകയും ബാങ്കിനെ നഷ്ടത്തിലാക്കുകയും ചെയ്തു. സർക്കാർ ഉദ്യോഗസ്ഥർക്കടക്കം കൈക്കൂലി നൽകി.

അഞ്ച് ആഴ്ച നീണ്ട വിചാരണയ്ക്ക് ശേഷമാണ് വിധി. മുൻ സെൻട്രൽ ബാങ്ക് ഉദ്യോഗസ്ഥരും സർക്കാർ ഉദ്യോഗസ്ഥരും എസ്.സി.ബി എക്സിക്യൂട്ടീവുകളും അടക്കം 85 പേരും കേസിൽ പ്രതികളാണ്. ഇവർക്ക് ജീവപര്യന്തം അടക്കം ശിക്ഷകൾ വിധിച്ചു.

വധശിക്ഷയ്‌ക്കെതിരെ അപ്പീൽ നൽകാനാണ് ലാന്റെ കുടുംബത്തിന്റെ നീക്കം.

കൈക്കൂലി, അധികാര ദുർവിനിയോഗം, ബാങ്കിംഗ് നിയമങ്ങളുടെ ലംഘനം തുടങ്ങിയ കുറ്റങ്ങളാണ് ലാനെതിരെ ചുമത്തിയിട്ടുള്ളത്. ഏകദേശം 42,000 പേർ ലാന്റെ തട്ടിപ്പിനിരയായെന്നാണ് കണക്ക്. രാജ്യത്തെ ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പാണ് ലാന്റെ നേതൃത്വത്തിൽ നടന്നത്. 2022ലാണ് ഇവർ അറസ്റ്റിലായത്.

Advertisement
Advertisement