സൈബർ കുറ്റകൃത്യങ്ങൾ: റഷ്യ മുന്നിൽ

Friday 12 April 2024 7:28 AM IST

മോസ്കോ: സൈബ‌ർ കുറ്റകൃത്യങ്ങളുടെ ഭീഷണികൾ ഏറ്റവും കൂടുതലുള്ള രാജ്യം റഷ്യ എന്ന് സർവേ ഫലം. കഴിഞ്ഞ ദിവസം പുറത്തുവിട്ട ലോക സൈബർക്രൈം ഇൻഡക്സിലാണ് ഇക്കാര്യമുള്ളത്. റഷ്യയ്ക്ക് ശേഷം യുക്രെയിനും ചൈനയുമാണ് ഏറ്റവും കൂടുതൽ സൈബർ ക്രിമിനലുകളുള്ള രാജ്യം. ഒരു കൂട്ടം ചെറു രാജ്യങ്ങളിൽ വളർന്നുവരുന്ന സൈബർ ഭീഷണികളും ആഗോളതലത്തിൽ ഒരു പ്രധാന സ്ഥാനം വഹിക്കുന്നതായി ലോക സൈബർക്രൈം ഇൻഡക്സിന്റെ പഠന റിപ്പോർട്ടിൽ പറയുന്നു. ആഗോളതലത്തിൽ 92 സൈബർ വിദഗ്ദ്ധരെ സർവേയുടെ ഭാഗമാക്കി. ഓക്സ്ഫഡ് സർവകലാശാലയിലെ അടക്കം അന്താരാഷ്ട്ര വിദഗ്ദ്ധർ വർഷങ്ങളോളം നടത്തിയ അന്വേഷണങ്ങൾക്കൊടുവിലാണ് റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്. അഞ്ച് പ്രധാന സൈബർ ക്രൈം വിഭാഗങ്ങൾ കേന്ദ്രീകരിച്ചായിരുന്നു സർവേ. സൈബർകുറ്റകൃത്യങ്ങളുടെ സ്വഭാവം, ഫലം, കുറ്റവാളികളുടെ പ്രൊഫഷണലിസം തുടങ്ങിയ ഘടകങ്ങൾ വിശകലനം ചെയ്ത് ഓരോ രാജ്യങ്ങൾക്കും നിശ്ചിത പോയിന്റ് നൽകിയിട്ടുമുണ്ട്. പട്ടികയിൽ പത്താം സ്ഥാനത്താണ് ഇന്ത്യ.

പഠനത്തിന് ആധാരമായ അഞ്ച് പ്രധാന സൈബർ ക്രൈം വിഭാഗങ്ങൾ ഇവ:

1. ടെക്നിക്കൽ പ്രോഡക്ട്സ് / സർവീസ്

2. ആക്രമണം, ധനം അപഹരിക്കൽ

3. ഡേറ്റ/ ഐഡന്റിറ്റി മോഷണം

4. തട്ടിപ്പുകൾ

5. പണം ഇടപാട്/ കള്ളപ്പണം വെളുപ്പിക്കൽ

 പട്ടികയിൽ മുന്നിലുള്ള പത്ത് രാജ്യങ്ങളും അവയ്ക്ക് ലഭിച്ചിരിക്കുന്ന പോയിന്റും

  1. റഷ്യ - 58.39
  2. യുക്രെയിൻ- 36.44
  3. ചൈന- 27.86
  4. യു.എസ് - 25.01
  5. നൈജീരിയ - 21.28
  6. റൊമേനിയ - 14.83
  7. ഉത്തര കൊറിയ - 10.61
  8. യു.കെ - 9.01
  9. ബ്രസീൽ - 8.93
  10. ഇന്ത്യ - 6.13

Advertisement
Advertisement