വാഷിംഗ്ടൺ: ബഹിരാകാശത്ത് യു.എസ്, റഷ്യൻ ഉപഗ്രഹങ്ങൾ തമ്മിലെ കൂട്ടിയിടി തലനാരിഴയ്ക്ക് ഒഴിവായെന്ന് റിപ്പോർട്ട്. ഫെബ്രുവരി 28ന് റഷ്യൻ ഉപഗ്രഹം യു.എസ് ഉപഗ്രഹത്തിന്റെ 10 മീറ്റർ അടുത്തെത്തിയെന്ന് നാസ അറിയിച്ചു.
കൂട്ടിയിടി സംഭവിച്ചിരുന്നെങ്കിൽ ഇവയുടെ അവശിഷ്ടങ്ങൾ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ സഞ്ചാരികൾക്ക് അപകടം സൃഷ്ടിക്കുമായിരുന്നെന്നാണ് വിലയിരുത്തൽ. നാസയുടെ ടൈംഡ് ഉപഗ്രഹവും റഷ്യയുടെ പ്രവർത്തനരഹിതമായ ചാര ഉപഗ്രഹമായ കോസ്മോസ് 2221- മാണ് അപ്രതീക്ഷിതമായി മുഖാമുഖമെത്തിയത്.
കൂട്ടിയിടി സംഭവിച്ചാലുണ്ടാകുന്ന അവശിഷ്ടങ്ങൾക്ക് മണിക്കൂറിൽ 10,000 മൈൽ വേഗതയിൽ സഞ്ചരിക്കാനാകുമെന്നും അവയ്ക്ക് മറ്റ് ബഹിരാകാശ പേടകങ്ങൾക്ക് ഭീഷണി സൃഷ്ടിക്കാനാകുമെന്നും ഗവേഷകർ പറയുന്നു. നിലവിൽ ഭൂമിയ്ക്ക് ചുറ്റും ഏകദേശം പതിനായിരത്തിലേറെ ഉപഗ്രഹങ്ങൾ സഞ്ചരിക്കുന്നുണ്ട്.