'ബി ജെ പിയിൽ പോയപ്പോൾ ആദ്യം ഞെട്ടി, പിന്നെ പൊരുത്തപ്പെട്ടു'; മകനെതിരെ പ്രചാരണത്തിനിറങ്ങുന്നതിനെപ്പറ്റി ആന്റണി

Friday 12 April 2024 7:55 AM IST

തിരുവനന്തപുരം: ബി ജെ പി സ്ഥാനാർത്ഥിയും മകനുമായ അനിൽ ആന്റണിക്കെതിരെ പ്രചാരണത്തിനിറങ്ങുമെന്ന റിപ്പോർട്ടുകൾ തള്ളാതെ മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണി. പ്രചാരണം അവസാനിക്കാൻ ഇനിയും ദിവസങ്ങളുണ്ടല്ലോയെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ആന്റണി.


അനിൽ ആന്റണി ബി ജെ പിയിൽ പോയപ്പോൾ ആദ്യം ഞെട്ടിയിരുന്നുവെന്നും പിന്നെ പൊരുത്തപ്പെട്ടുവെന്നും ആന്റണി വ്യക്തമാക്കി. മകനുമായി ഫോണിൽ സംസാരിക്കുന്നത് നിർത്തി. വീട്ടിൽ വരുമ്പോൾ കാണാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. .

ആരോഗ്യ പ്രശ്നങ്ങൾ മൂലം പത്തനംതിട്ടയിൽ പ്രചാരണത്തിനിറങ്ങില്ലെന്ന് ആന്റണി നേരത്തെ പറഞ്ഞിരുന്നു. താൻ പോകാതെ തന്നെ ആന്റോ ആന്റണി മികച്ച ഭൂരിപക്ഷത്തിൽ ജയിക്കും. രണ്ടുതവണ കൊവിഡ് വന്നത് അലട്ടുന്നുണ്ട്. യാത്ര ചെയ്യാൻ ബുദ്ധിമുട്ടുണ്ടെന്നുമായിരുന്നു അന്ന് അദ്ദേഹം പറഞ്ഞത്. കൂടാതെ മകനെ രൂക്ഷമായി വിമർശിക്കുകയും ചെയ്‌തിരുന്നു. ആനിൽ തോൽക്കണമെന്നും ആന്റണി അഭിപ്രായപ്പെട്ടു.

എന്നാൽ 2014 മുതൽ ജനം തള്ളിക്കളഞ്ഞ അച്ഛനോട് സഹതാപമാണെന്നായിരുന്നു അനിൽ ആന്റണിയുടെ പ്രതികരണം. ജൂൺ നാലിന് മോദി വീണ്ടും പ്രധാനമന്ത്രിയാകും. ഇതുകണ്ട് ചന്ദ്രനെ നോക്കി കുരയ്ക്കുന്ന പട്ടികളെപ്പോലെ കാലഹരണപ്പെട്ട കോൺഗ്രസ് നേതാക്കൾ കുരച്ചുകൊണ്ടിരിക്കുമെന്നായിരുന്നു അനിൽ എല്ലാ അതിരുകളും വിട്ട് പ്രതികരിച്ചത്.

മുൻ പ്രതിരോധ മന്ത്രിയായ എ കെ ആന്റണി രാജ്യവിരുദ്ധനായ ആന്റോ ആന്റണിക്കു വേണ്ടി സംസാരിച്ചപ്പോൾ വിഷമം തോന്നി. രാജ്യവിരുദ്ധ നയങ്ങൾ എടുക്കുന്നതുകൊണ്ടാണ് ദേശീയരാഷ്ട്രീയത്തിൽ നിന്ന് കോൺഗ്രസിനെ ജനത ചവറ്റുകൊട്ടയിലേക്ക് എറിഞ്ഞതെന്നും അനിൽ പറഞ്ഞിരുന്നു.

Advertisement
Advertisement