സിദ്ധാർത്ഥിന്റെ മരണം; പ്രതിയുടെ പിതാവായ അദ്ധ്യാപകനെ മരിച്ചനിലയിൽ കണ്ടെത്തി

Friday 12 April 2024 1:21 PM IST

കോഴിക്കോട്: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതിയുടെ പിതാവിനെ മരിച്ചനിലയിൽ കണ്ടെത്തി. കേസിലെ പതിനൊന്നാം പ്രതി ആദിത്യന്റെ പിതാവ് പന്തിരിക്കര പുതിയോട്ടുംകര പി കെ വിജയനാണ് (55) മരിച്ചത്. രാവിലെ മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്.

സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട് നേരത്തെ വിജയനെ ചോദ്യം ചെയ്തിരുന്നു. പിള്ളപ്പെരുവണ്ണ ഗവ. എൽ പി സ്‌കൂളിലെ അദ്ധ്യാപകനാണ് വിജയൻ. ഭാര്യ മേരി മിറാൻഡ ഇതേ സ്‌കൂളിലെ പ്രധാനാദ്ധ്യാപികയാണ്.


ഫെബ്രുവരി 18നാണ് ഹോസ്റ്റൽ മുറിയിലെ ശുചിമുറിയിൽ സിദ്ധാർത്ഥിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മരിക്കുന്നതിന് മുമ്പ് സീനിയർ വിദ്യാർത്ഥികളിൽ നിന്ന് ക്രൂരമർദനമാണ് സിദ്ധാർത്ഥിന് ഏൽക്കേണ്ടിവന്നത്. കേസ് അടുത്തിടെ സി ബി ഐ ഏറ്റെടുത്തിരുന്നു.

പൊലീസ് എഫ് ഐ ആറിൽ 20 പ്രതികളാണുള്ളത്. എന്നാൽ ഇവർക്ക് പുറമെ കൂടുതൽ അജ്ഞാതരായ പ്രതികളുണ്ടാവുമെന്നാണ് സി ബി ഐയുടെ എഫ് ഐ ആറിൽ പറയുന്നത്. അന്വേഷണ സംഘം കഴിഞ്ഞ ദിവസം സിദ്ധാർത്ഥിന്റെ പിതാവ് ജയപ്രകാശിന്റെ മൊഴിയെടുത്തിരുന്നു.

സി ബി ഐ അന്വേഷണത്തിൽ പൂർണ പ്രതീക്ഷയുണ്ടെന്ന് ജയപ്രകാശ് പ്രതികരിച്ചിരുന്നു. സിദ്ധാർത്ഥിന്റേത് ആത്മഹത്യയാണോ കൊലപാതകമാണോ,​ മരണത്തിലേക്ക് നയിച്ച കാരണങ്ങൾ, സംഭവത്തിനു പിന്നിലെ ഗൂഢാലോചന, ​ക്രൂരമായ അക്രമം ആസൂത്രിതമാണോ,​ഡീനിന്റെയും വാർഡന്റെയും പങ്ക്,​ദൃക്ഷ്സാക്ഷി മൊഴികൾ അട്ടിമറിച്ചോ,​ പൊലീസ് അന്വേഷണത്തിലെ വീഴ്ചകൾ,​ പ്രതികൾക്ക് രാഷ്ട്രീയ അഭയം കിട്ടിയോ തുടങ്ങിയ കാര്യങ്ങളാണ് സി ബി ഐ പരിശോധിക്കുന്നത്.

Advertisement
Advertisement