'സ്‌കാൻ ചെയ്യൂ, മോദിയുടെ അഴിമതി കാണാം'; പലയിടത്തും 'ജി പേ' പോസ്റ്ററുകൾ പ്രത്യക്ഷപ്പെടുന്നു

Friday 12 April 2024 2:40 PM IST

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബിജെപിക്കുമെതിരെ തമിഴ്‌നാട്ടിൽ വ്യാപകമായി പോസ്റ്ററുകൾ പ്രത്യക്ഷപ്പെടുന്നു. ലോക്‌സഭാ തിര‌ഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ക്യൂ ആർ കോഡടങ്ങിയ പോസ്റ്റർ ആണ് വ്യാപകമായി കാണപ്പെടുന്നത്. പോസ്റ്ററുകൾക്ക് മുകളിൽ മോദിയുടെ ചിത്രവും ക്യൂ ആർ കോഡും കാണാം. ഇതിനൊപ്പം 'ജി പേ, സ്‌കാൻ ചെയ്യൂ അഴിമതി കാണാം' എന്ന് എഴുതിയിട്ടുമുണ്ട്.

ഈ ക്യൂ ആർ കോഡ് സ്കാൻ ചെയ്യുമ്പോൾ ബിജെപി സർക്കാർ നടത്തിയ അഴിമതികൾ എന്ന് പറയപ്പെടുന്ന വീഡിയോയിലേക്കാണ് പോകുന്നത്. ഇലക്‌ടറൽ ബോണ്ട്, സിഐജി റിപ്പോർട്ടിലെ ക്രമക്കേടുകൾ, ബിജെപി സർക്കാർ കോർപ്പറേറ്റുകളുടെ കോടിക്കണക്കിന് രൂപയുടെ വായ്‌പകൾ എഴുതിത്തള്ളി , തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് വിശദീകരിക്കുന്ന വീഡിയോയാണിത്.

മറ്റ് രാഷ്ട്രീയ പാർട്ടികളോ സംഘടനകളോ വ്യക്തികളോ ഈ പോസ്റ്ററിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. ഇലക്‌ടറൽ ബോണ്ട് അഴിമതിയെക്കുറിച്ച് ഡിഎംകെ നിരന്തരം കുറ്റപ്പെടുത്തുന്നതിനാൽ ആ പാർട്ടിയോ അവരുടെ അനുയായികളോ ആവാം പോസ്റ്റർ പതിച്ചതെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌‌തത്.

വെല്ലൂരിൽ നടന്ന റാലിയിൽ മോദി, ഭരണകക്ഷിയായ ഡിഎംകെയെ രൂക്ഷമായി വിമർശിച്ചതിന് തൊട്ടുപിന്നാലെയാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. ഡിഎംകെയും സഖ്യകക്ഷിയായ കോൺഗ്രസും പൊതുക്ഷേമത്തേക്കാൾ കുടുംബ താൽപ്പര്യങ്ങൾക്ക് മുൻഗണന നൽകുന്നുവെന്നാണ് പ്രധാനമന്ത്രി ആരോപിച്ചത്. അഴിമതിക്കാരെ സംരക്ഷിക്കാൻ കോൺഗ്രസും ഡിഎംകെയും മുന്നിൽ നിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

അഴിമതിയുടെയും കൊള്ളയുടെയും മറ്റൊരു പേരാണ് ഡിഎംകെ. എൻഡിഎ ഭരണകാലത്ത് ഇന്ത്യയുടെ വികസനം 5ജിയിൽ എത്തി. എന്നാൽ, ‌ഡിഎംകെ 2ജിയിൽ അഴിമതി നടത്തിയവരാണെന്നും വെറുപ്പിന്റെ രാഷ്ട്രീയമാണ് ഡിഎംകെ മുന്നോട്ട് വയ്‌ക്കുന്നതെന്നും പ്രധാനമന്ത്രി തമിഴ്‌നാട്ടിൽ പറഞ്ഞു.

എൻഡിഎ സർക്കാർ പത്ത് വർഷത്തിൽ സംസ്ഥാനങ്ങൾക്ക് കോടിക്കണക്കിന് രൂപ നൽകി. സംസ്ഥാനങ്ങൾ വികസിച്ചാലേ രാജ്യം വികസിക്കൂ എന്ന് ബിജെപിക്കറിയാം. തമിഴ്‌നാടിനെ ഡിഎംകെ പിന്നോട്ടേക്ക് കൊണ്ടുപോകുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

Advertisement
Advertisement