പാനൂരിലെ ബോംബ് സ്‌ഫോടനം കേന്ദ്ര ഏജൻസി അന്വേഷിക്കണം: ഇലക്ഷൻ കമ്മിഷന് പരാതി നൽകി ഷാഫി പറമ്പിൽ

Friday 12 April 2024 5:47 PM IST

കണ്ണൂർ: പാനൂരിൽ ബോംബ് നിർമ്മാണത്തിനിടെ സി.പി.എം പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട ഗൂഡാലോചന കണ്ടെത്താൻ കേന്ദ്ര ഏജൻസികളെ അന്വേഷണം ഏൽപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വടകര പാർലമെന്റ് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി.

കൂത്തുപറമ്പ് നിയമസഭ മണ്ഡലത്തിലെ പാനൂരിൽ ബോംബ് നിർമ്മിച്ചത് സി.പി.എം ജില്ലാ സംസ്ഥാന നേതാക്കളുടെ അറിവോടെയാണ്. അതീവ ഗുരുതരമായ നിയമ ലംഘനം നടന്നിട്ടും സ്‌ഫോടകവസ്തു നിയമത്തിലെ നിസാര വകുപ്പുകൾ മാത്രം ചുമത്തിയാണ് പൊലീസ് കേസെടുത്തത്. പരിക്കേറ്റ ഒരാൾ മരിച്ച ശേഷം മാത്രമാണ് കൊലപാതക കുറ്റമെങ്കിലും ചുമത്താൻ തയാറായത്. അന്വേഷണത്തിൽ രാഷ്ട്രീയ ഇടപെടൽ ഉണ്ടായി എന്നതിന്റെ സൂചനയാണിത്. കൊലക്കുറ്റം ചുമത്തിയിട്ടും സി.പി.എം നേതൃത്വത്തിൽ നടക്കുന്ന ബോംബ് നിർമ്മാണത്തെ കുറിച്ചോ അതിന് പിന്നിലെ ഗൂഡാലോചനയെ കുറിച്ചോ അന്വേഷിക്കാൻ പൊലീസ് തയാറാകുന്നില്ലെന്ന് ഷാഫി പറമ്പിൽ പരാതിയിൽ ചൂണ്ടിക്കാട്ടി.

രാഷ്ട്രീയ എതിരാളികളെ വകവരുത്തുന്നതിന് വേണ്ടി ബോംബ് നിർമ്മിച്ചെന്ന് കണ്ടെത്തിയിട്ടും യു.എ.പി.എ ചുമത്താൻ പൊലീസ് ഇതുവരെ തയാറാകാത്തതും കേസ് അട്ടിമറിക്കപ്പെടുമെന്ന സംശയം ബലപ്പെടുത്തുന്നതാണ്. ഈ സാഹചര്യത്തിൽ കേന്ദ്ര ഏജൻസിയുടെ അന്വേഷണം അനിവാര്യമാണ്. സമാധാനപരമായി തിരഞ്ഞെടുപ്പ് നടത്താൻ കമ്മിഷന്റെ അടിയന്തര ഇടപെടൽ ആവശ്യമാണെന്നും ഷാഫി പറമ്പിൽ പരാതിയിൽ ആവശ്യപ്പെട്ടു.

Advertisement
Advertisement