ഭക്ഷണത്തിനൊപ്പം സൗജന്യമായി കൊടുക്കേണ്ട വെള്ളത്തിനും പണം ആവശ്യപ്പെട്ട് ഹോട്ടലുടമ, കിട്ടിയത് എട്ടിന്റെ പണി

Friday 12 April 2024 6:48 PM IST

ഹൈദരാബാദ്: ഭക്ഷണം കഴിക്കാന്‍ ചില ഹോട്ടലുകളില്‍ പോയാല്‍ ടേബിളില്‍ ഒരു കുപ്പി മിനറല്‍ വാട്ടര്‍ കാണും. പണം നല്‍കി വാങ്ങേണ്ടതില്ലെന്നറിയാവുന്ന നമ്മള്‍ അത് വേണ്ടെന്ന് പറഞ്ഞ് ചൂട് വെള്ളം വേറെ തന്നാല്‍ മതി എന്ന് പറയുകയാണ് പതിവ്. എന്നാല്‍ ഹൈദരാബാദിലെ ഒരു യുവാവിന് ഭക്ഷണത്തിനൊപ്പം സൗജന്യമായി ലഭിക്കേണ്ട കുടിവെള്ളത്തിനും പണം നല്‍കേണ്ടി വന്നു.

സംഭവത്തെ തുടര്‍ന്ന് കോടതിയെ സമീപിച്ച യുവാവിന് 5000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ ഉത്തരവ് പുറപ്പെടുവിച്ചു. റെസ്റ്റോറന്റിനോട് 45 ദിവസത്തിനുള്ളില്‍ ഉപഭോക്താവിന് നഷ്ടപരിഹാരം നല്‍കാനാണ് നിര്‍ദേശം നല്‍കിയത്.

സെക്കന്തരാബാദ് സ്വദേശിയായ യുവാവാണ് പരാതിക്കാരന്‍. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് സി.ബി.ഐ കോളനിയിലെ ഐടിഎല്‍യു റസ്റ്റോറന്റിലാണ് യുവാവ് ഭക്ഷണം കഴിക്കാന്‍ കയറിയത്. പ്ലാസ്റ്റിക് അലര്‍ജി കാരണം കുപ്പി വെള്ളം വേണ്ടെന്നും സാധാരണ കുടിവെള്ളം മതിയെന്നും അഭ്യര്‍ഥിച്ചിട്ടും ജീവനക്കാര്‍ നിരസിക്കുകയായിരുന്നു. ഇതുമൂലം റസ്റ്റോറന്റിന്റെ സ്വന്തം ബ്രാന്‍ഡഡ് കുപ്പി വെള്ളം 50 രൂപയ്ക്ക് വാങ്ങാന്‍ നിര്‍ബന്ധിതനായെന്നും പരാതിയില്‍ പറയുന്നു.

സമയം ഏറെ വൈകിയതിനാലും മറ്റ് ഹോട്ടലുകള്‍ സമീപത്തില്ലാത്തിനാലും അവിടെ നിന്ന് ഭക്ഷണം കഴിക്കാന്‍ താന്‍ നിര്‍ബന്ധിതനായെന്നും പരാതിയില്‍ പറയുന്നു. 31.50 രൂപ സര്‍വീസ് ചാര്‍ജും അഞ്ച് ശതമാനം ജി.എസ്.ടിയും ചേര്‍ത്ത് 695 രൂപയാണ് മൊത്തം ബില്ലില്‍ ഈടാക്കിയത്. തുടര്‍ന്നാണ് ഉപഭോക്തൃ കോടതിയില്‍ പരാതി നല്‍കിയത്.

പരാതിക്കാരന് 5000 രൂപ നഷ്ടപരിഹാരം ല്‍കണമെന്നും അതോടൊപ്പം കേസിന്റെ ചെലവിലേക്കായി 1000 രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ഉപഭോക്തൃ കോടതി വിധിച്ചു. സര്‍വീസ് ചാര്‍ജും ജി.എസ്.ടിയും തിരികെ നല്‍കാനും ഉത്തരവിലുണ്ട്. സൗജന്യ കുടിവെള്ളം നിഷേധിക്കുകയും സര്‍വീസ് ചാര്‍ജ് ഈടാക്കുന്നതും അനുവദിക്കാനാവില്ലെന്നും ഉപഭോക്തൃ കോടതി ചൂണ്ടിക്കാണിച്ചു.

Advertisement
Advertisement