ഇനി ലോക്‌സഭയിലേക്ക് മത്സരിക്കില്ല, ഇത്തവണ മനസ്സില്‍ ഒരാഗ്രഹമുണ്ടെന്ന് ശശി തരൂര്‍

Friday 12 April 2024 9:15 PM IST

തിരുവനന്തപുരം: ഇത്തവണ തിരുവനന്തപുരത്ത് നിന്ന് ജനവിധി തേടുന്നത് ലോക്‌സഭയിലേക്കുള്ള തന്റെ അവസാന മത്സരമെന്ന് ശശി തരൂര്‍ എംപി. ലോക്‌സഭയിലേക്ക് ഇനി മത്സരിക്കില്ലെങ്കിലും രാഷ്ട്രീയത്തില്‍ സജീവമായി തുടരുമെന്നും അദ്ദേഹം പറഞ്ഞു.

അടുത്ത അഞ്ച് വര്‍ഷക്കാലത്തിനിടെ പല സുപ്രധാന വിഷയങ്ങളും ലോക്‌സഭയില്‍ ചര്‍ച്ചയ്ക്ക് വരും. അതിലെല്ലാം പങ്കെടുക്കണമെന്നും തന്റെ നിലപാട് വ്യക്തമാക്കണമെന്നുമാണ് ആഗ്രഹമെന്നും ശശി തരൂര്‍ പറഞ്ഞു.

കേരളത്തിലെ തിരഞ്ഞെടുപ്പില്‍ മത്സരം എല്‍ഡിഎഫും യുഡിഎഫും തമ്മിലാണെന്നും തരൂര്‍ പറഞ്ഞു. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും കേന്ദ്ര മന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിനെതിരെ താന്‍ ഒരു ആരോപണവും ഉന്നയിച്ചില്ലെന്നും തന്റെ പ്രസ്താവനകളെ തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും അതാണ് വിവാദങ്ങള്‍ക്ക് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ക്രൈസ്തവ വിശ്വാസികള്‍ ബിജെപിക്ക് വോട്ട് ചെയ്യുമെന്ന് കരുതുന്നില്ലെന്നും മണിപ്പുര്‍ വിഷയങ്ങളില്‍ ക്രൈസ്തവ സമൂഹം അസ്വസ്ഥരാണെന്നും തരൂര്‍ പറഞ്ഞു. ഇത് നാലാം തവണയാണ് തരൂര്‍ തിരുവനന്തപുരത്ത് നിന്ന് ലോക്‌സഭയിലേക്ക് മത്സരിക്കുന്നത്.

2009ല്‍ സിപിഐയില്‍ നിന്ന് സീറ്റ് തിരിച്ചുപിടിച്ച ശേഷം മൂന്ന് തവണയും അദ്ദേഹം വിജയിച്ച് കയറി. ഇത്തവണയും ശക്തമായ ത്രികോണ മത്സരമാണ് തിരുവനന്തപുരത്ത് നടക്കുന്നത്. മുന്‍ എംപി പന്ന്യന്‍ രവീന്ദ്രന്‍, കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍ എന്നിവര്‍ തരൂരിന് കനത്ത വെല്ലുവിളിയാണ് ഇത്തവണ ഉയര്‍ത്തുന്നത്.

Advertisement
Advertisement