ഒറ്റയാനെ തളയ്ക്കാൻ ഒറ്റമൂലിയുണ്ടോ?​

Saturday 13 April 2024 12:58 AM IST

അടിയൊഴുക്കുകൾക്കും അട്ടിമറികൾക്കും പേരുകേട്ട മണ്ഡലമാണ് കൊല്ലം. കേരള രാഷ്ട്രീയത്തിലെ പ്രബലന്മാരായ എൻ. ശ്രീകണ്ഠൻ നായർ, എം.എ. ബേബി, എസ്. കൃഷ്ണകുമാർ, ഷിബു ബേബിജോൺ അടക്കമുള്ളവർ കൊല്ലത്തെ അപ്രതീക്ഷിത അടിയൊഴുക്കുകളുടെ ഇരകളാണ്. അജയ്യരെന്നു പേരുകേട്ട പല നേതാക്കളും കൊല്ലത്തെ അടിയൊഴുക്കിൽ കടപുഴകി വീണിട്ടുണ്ട്. പരാജയം ഉറപ്പിച്ച പലരും അട്ടിമറിജയം നേടിയിട്ടുമുണ്ട്. അതുകൊണ്ടുതന്നെ കൊല്ലത്തെ തിരഞ്ഞെടുപ്പ് മാനേജ്മെന്റ് മുന്നണികൾക്ക് പ്രചാരണ കസർത്തുകൾ മാത്രമല്ല; അടിയൊഴുക്കുകളുടെ സൂക്ഷ്മ നിരീക്ഷണവും,​ പ്രവാഹം സൃഷ്ടിക്കലും വഴിതിരിച്ചുവിടലും കൂടിയാണ്!

സിറ്റിംഗ് എം.പി കൂടിയായ യു.ഡി.എഫ് സ്ഥാനാർത്ഥി എൻ.കെ. പ്രേമചന്ദ്രൻ, നടനും കൊല്ലം എം.എൽ.എയുമായ എൽ.ഡി.എഫ് സ്ഥാനാർത്ഥി എം. മുകേഷ്, അഭിനേതാവു കൂടിയായ എൻ.ഡി.എ സ്ഥാനാർത്ഥി ജി. കൃഷ്ണകുമാർ എന്നിവരുടെയും മുന്നണി നേതൃത്വത്തിന്റെയും നെഞ്ചിടിപ്പു കൂട്ടുന്ന ചില അടിയൊഴുക്കുകൾ ഇത്തവണയും കൊല്ലത്ത് ഉരുണ്ടുകൂടുന്നുണ്ട്.

തദ്ദേശ സ്ഥാപനങ്ങളിൽ ഭൂരിപക്ഷവും സ്ഥിരമായി എൽ.ഡി.എഫിന്റെ കൈയിലാണ്. 2014-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുമ്പോൾ ചവറ ഒഴികെ കൊല്ലം പാർലമെന്റ് മണ്ഡലത്തിലെ ആറ് നിയമസഭാ സീറ്റുകളും എൽ.ഡി.എഫിനായിരുന്നു. 2019-ൽ ഏഴ് നിയമസഭാ സീറ്റുകളും എൽ.ഡി.എഫിനായിരുന്നു. ഇങ്ങനെ കൊല്ലമാകെ ചുവന്നു നിൽക്കുമ്പോഴാണ് 2014-ലും 2019-ലും യു.ഡി.എഫ് സ്ഥാനാർത്ഥി പ്രേമചന്ദ്രൻ വിജയിച്ചത്. അതുവരെ എൽ.ഡി.എഫിന്റെ ഭാഗമായിരുന്ന പ്രേമചന്ദ്രൻ ഒരു സുപ്രഭാതത്തിൽ മുന്നണി മാറി യു.ഡി.എഫ് സ്ഥാനാർത്ഥിയായിട്ടും അദ്ദേഹത്തിന് വിജയം സമ്മാനിച്ചത് മുസ്ലീം വോട്ടുകളുടെ ഏകീകരണമായിരുന്നു. 2014-ൽ എം.എ. ബേബിയെ വീഴ്‌ത്തിയ ന്യൂനപക്ഷ വോട്ടുകളുടെ അടിയൊഴുക്ക് 2019-ൽ പ്രേമചന്ദ്രന്റെ ഭൂരിപക്ഷം ഞെട്ടിക്കുന്നതാക്കി.

ന്യൂനപക്ഷ

മറിമായം

2014-ലെ അടിയൊഴുക്ക് തിരിച്ചറിഞ്ഞ എൽ.ഡി.എഫ് മുസ്ലീം വോട്ടുകളുടെ ഏകീകരണം തടയാൻ 2019-ൽ പ്രേമചന്ദ്രന് ആർ.എസ്.എസ് ബന്ധമുണ്ടെന്ന് പ്രചാരണം ശക്തമാക്കിയെങ്കിലും ന്യൂനപക്ഷ വോട്ടുകളുടെ അടിയൊഴുക്ക് തടയാനായില്ല. എന്നാൽ ഇത്തവണ ഈ അടിയൊഴുക്ക് തടയാനല്ല, പ്രേമചന്ദ്രനെതിരെ വഴിതിരിച്ചു വിടാനുള്ള ശ്രമത്തിലാണ് എൽ.ഡി.എഫ്. പ്രേമചന്ദ്രൻ മോദിയുടെ വിരുന്നിൽ പങ്കെടുത്തതും മോദിയെ പുകഴ്‌ത്തിയതും ന്യൂനപക്ഷ മേഖലകളിൽ എൽ.ഡി.എഫ് ശക്തമായ പ്രചരണായുധമാക്കിയിട്ടുണ്ട്.

ഇത് ന്യൂനപക്ഷ മനസുകളിൽ വലിയ ഇളക്കം സൃഷ്ടിച്ചതായും പ്രചരണമുണ്ട്. പൗരത്വ ഭേദഗതി നിയമം, മണിപ്പൂർ പ്രശ്നം അടക്കമുള്ള പ്രശ്നങ്ങളിൽ പ്രേമചന്ദ്രൻ പാർലമെന്റിൽ നടത്തിയ പ്രസംഗങ്ങളും ഇടപെടലുകളും ചൂണ്ടിക്കാട്ടി അടിയൊഴുക്ക് തടയാനുള്ള ശ്രമത്തിലാണ് യു.ഡി.എഫ്. വിവിധ ന്യൂനപക്ഷ പ്രസ്ഥാനങ്ങളുമായി പ്രേമചന്ദ്രനുള്ള ആത്മബന്ധം അടിയൊഴുക്കിനുള്ള എൽ.ഡി.എഫിന്റെ ശ്രമങ്ങളെ അട്ടിമറിക്കുമെന്ന പ്രതീക്ഷയും യു.ഡി.എഫിനുണ്ട്.

മുന്നാക്ക വോട്ട്

ഏകീകരണം

ന്യൂനപക്ഷ വോട്ടിനു പുറമേ കഴിഞ്ഞ രണ്ട് പാർലമെന്റ് തിരഞ്ഞെടുപ്പുകളിലും ഭൂരിപക്ഷ സമുദായ വോട്ടുകളുടെ ഏകീകരണവും പ്രേമചന്ദ്രന് അനുകൂലമായിരുന്നു. സമാനമായ അടിയൊഴുക്ക് ഇത്തവണയും ഉണ്ടാകുമോയെന്ന ആശങ്ക എൽ.ഡി.എഫിനുണ്ട്. പ്രേമചന്ദ്രനെ സംഘിയാക്കുന്നതിന്റെ വിരോധത്തിൽ തീവ്ര ഹൈന്ദവ വോട്ടുകൾ പ്രേമചന്ദ്രന് അനുകൂലമാകാൻ സാദ്ധ്യതയുമുണ്ട്. ബി.ജെ.പി ദുർബലനായ സ്ഥാനാർത്ഥിയെ കളത്തിലിറക്കിയത് പ്രേമചന്ദ്രനെ സഹായിക്കാനാണെന്ന പ്രചാരണത്തിലൂടെ എൻ.ഡി.എയെ കൂടുതൽ സജീവമാക്കി, പ്രേമചന്ദ്രന് അനുകൂലമായി തീവ്രഹൈന്ദവ വോട്ടുകളുടെ അടിയൊഴുക്ക് രൂപപ്പെടാതിരിക്കാനുള്ള ശ്രമം എൽ.ഡി.എഫ് നടത്തുന്നുണ്ട്.

ഈഴവ വോട്ട്

എവിടെ വീഴും?​

കൊല്ലം പാർലമെന്റ് മണ്ഡലത്തിൽ മൂന്നു മുന്നണികളും കൂടുതൽ തവണ കളത്തിലിറക്കിയിട്ടുള്ളത് മുന്നാക്ക വിഭാഗക്കാരെയാണ്. എന്നാൽ ഇത്തവണ ഈഴവ വോട്ടുകളുടെ അടിയൊഴുക്ക് ലക്ഷ്യമിട്ടു കൂടിയാണ് എൽ.ഡി.എഫ് എം. മുകേഷിനെ കളത്തിലിറക്കിയിരിക്കുന്നത്. ഈഴവ വോട്ടുകൾ ബി.ജെ.പിക്കു പോകുന്നത് തടയുക എന്ന ലക്ഷ്യവുമുണ്ട്. എന്നാൽ ശ്രീനാരായണ ഗുരുദേവനെ കൂടുതൽ ആഴത്തിൽ പഠിച്ചിട്ടുള്ളതും ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ വേദികളിൽ എപ്പോഴും എത്തുന്നതും പ്രേമചന്ദ്രനാണെന്ന പ്രചാരണത്തിലൂടെ ഈ അടിയൊഴുക്കു സാദ്ധ്യത തടയാനുള്ള ശ്രമത്തിലാണ് യു.ഡി.എഫ്.

താരങ്ങളുടെ

തുറുപ്പുചീട്ട്

എൽ.ഡി.എഫ് സ്ഥാനാർത്ഥിയായ എം. മുകേഷിനും എൻ.ഡി.എ സ്ഥാനാർത്ഥിയായ ജി. കൃഷ്ണകുമാറിനും താര പരിവേഷമുണ്ട്. ഇവർ വോട്ട് ചോദിച്ചെത്തുമ്പോൾ താരം എന്ന നിലയിൽ പ്രത്യേക സ്വീകാര്യത ലഭിക്കുന്നുമുണ്ട്. ഇടത് വോട്ടിനൊപ്പം താരമെന്ന നിലയിലുള്ള സ്വീകാര്യത കൂടി വോട്ടായി മാറിയാൽ പ്രേമചന്ദ്രനെ വീഴ്ത്താമെന്ന പ്രതീക്ഷയിൽ കൂടിയാണ് എൽ.ഡി.എഫ് മുകേഷിനെ സ്ഥാനാർത്ഥിയാക്കിയത്. സ്ഥാനാർത്ഥി എന്നു പറയുന്നതിനപ്പുറം 'മുകേഷ് വരുന്നു" എന്നു പറഞ്ഞാണ് എൽ.ഡി.എഫ് പ്രവർത്തകർ കുടുംബയോഗങ്ങൾക്ക് വോട്ടർമാരെ ക്ഷണിക്കുന്നത്.

സമാന തന്ത്രം എൻ.ഡി.എയും പയറ്റുന്നുണ്ട്. ഈ താരപരിവേഷം സ്ത്രീകളുടെയും പുതുതലമുറ വോട്ടുകളുടെയും അടിയൊഴുക്ക് താരസ്ഥാനാർത്ഥികൾക്ക് അനുകൂലമായി സൃഷ്ടിച്ചേക്കും. മുകേഷും കൃഷ്ണകുമാറും വോട്ടർമാരെ കൈയിലെടുക്കുന്ന സരസ സംഭാഷണങ്ങളിൽ സമർത്ഥരുമാണ്. പ്രേമചന്ദ്രൻ എം.പി എന്ന നിലയിൽ നടത്തിയ വികസന പ്രവർത്തനങ്ങൾ വിശദീകരിച്ച് എതിർസ്ഥാനാർത്ഥികളുടെ താരപരിവേഷം മറികടക്കാനുള്ള ശ്രമത്തിലാണ് യു.ഡി.എഫ്.

കുത്തിത്തിരിപ്പ്

കുറവല്ല

ന്യൂനപക്ഷ, മുന്നാക്ക വോട്ടുകൾക്കു പുറമേ ഒരു വിഭാഗം ഇടതുപക്ഷ വോട്ടുകളും കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ പ്രേമചന്ദ്രന് ലഭിച്ചിട്ടുണ്ട്. ഇടതുപക്ഷക്കാർ എന്തെങ്കിലും ആവശ്യവുമായി എത്തിയാൽ പ്രേമചന്ദ്രൻ കൂടുതൽ ആത്മാർത്ഥമായി ഇടപെടാറുമുണ്ട്. ഇതു തിരിച്ചറിഞ്ഞ് വോട്ടുചോർച്ച തടയാൻ ചാഞ്ചാട്ടമുള്ള വോട്ടർമാരെ കണ്ടെത്തി ഒപ്പംകൂട്ടാനുള്ള ശ്രമങ്ങൾ എൽ.ഡി.എഫ് അടിത്തട്ടിൽ ശക്തമാക്കിയിട്ടുണ്ട്.

കൊല്ലം സീറ്റ് ആർ.എസ്.പിക്ക് നൽകുന്നതിനെതിരെ ചില കോൺഗ്രസ് നേതാക്കൾ പരസ്യമായി രംഗത്തു വന്നതിലെ ആശങ്ക യു.ഡി.എഫിലുമുണ്ട്. കോൺഗ്രസിന്റെ സംഘടനാ ദൗർബല്യവും സാമ്പത്തിക പ്രതിസന്ധിയും അടിയൊഴുക്കുകളെ പ്രതിരോധിക്കുന്നതിൽ മാത്രമല്ല,​ പ്രചാരണ പ്രവർത്തനങ്ങളെപ്പോലും ബാധിക്കുന്നുണ്ട്. ബി.ജെ.പിയിലെ വിമത വിഭാഗം തിരഞ്ഞെടുപ്പ് ഘട്ടത്തിലും നടത്തുന്ന കുത്തിത്തിരിപ്പുകൾ വോട്ടുമറിക്കലിൽ കലാശിക്കുമോയെന്ന ആശങ്ക എൻ.ഡി.എ ക്യാമ്പിനുമുണ്ട്.

Advertisement
Advertisement