അനിൽ ആന്റണിക്കെതിരെ മാനനഷ്ടത്തിന് നോട്ടീസ്

Saturday 13 April 2024 12:40 AM IST

ആലപ്പുഴ: തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനിൽക്കേ കോൺഗ്രസ് നേതാക്കൾക്കെതിരെ ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറിയും പത്തനംതിട്ടയിലെ എൻ.ഡി.എ സ്ഥാനാർത്ഥിയുമായ അനിൽ ആന്റണി നടത്തിയ അപകീർത്തികരമായ പ്രസ്താവനയിൽ മാനനഷ്ടത്തിന് വക്കീൽ നോട്ടീസ് അയച്ചു. ആലപ്പുഴ ഡി.സി.സി അംഗവും ഐ.എൻ.ടി.യു.സി മുൻ ദേശീയ പ്രവർത്തക സമിതിയംഗവുമായ സജീവ് ജനാർദ്ദനനാണ് നോട്ടീസയച്ചത്. കോൺഗ്രസ് നേതാക്കൾ ബി.ജെ.പിക്കെതിരെ തെരുവുനായ്ക്കളെ പോലെ കുരയ്ക്കുകയാണെന്നായിരുന്നു അനിൽ ആന്റണിയുടെ പ്രസ്താവന. ആക്ഷേപങ്ങൾ നിരുപാധികം പിൻവലിക്കണമെന്നും അല്ലാത്തപക്ഷം മാനനഷ്ടത്തിന് പത്ത് കോടി രൂപ നൽകണമെന്നും സജീവ് ജനാർദ്ദനൻ ആവശ്യപ്പെട്ടു. വക്കീൽ നോട്ടീസിന്റെ കോപ്പി തിരഞ്ഞെടുപ്പ് കമ്മീഷനും ഡി.ജി.പിക്കും കൈമാറി.