കാശ്‌മീരിന് സംസ്ഥാന പദവി ഉടൻ:മോദി

Saturday 13 April 2024 12:30 AM IST

ന്യൂഡൽഹി: ജമ്മു കാശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കാൻ കേന്ദ്രം പ്രതിജ്ഞാബദ്ധമാണെന്നും അവിടെ ഉടൻ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഉധംപൂർ മണ്ഡലത്തിൽ സിറ്റിംഗ് എം.പിയും കേന്ദ്രമന്ത്രിയുമായ ജിതേന്ദ്ര സിംഗിന്റെ റാലിയിൽ സംസാരിക്കുകയായിരുന്നു മോദി.

ജമ്മു കാശ്മീരിലെ ജനങ്ങൾക്ക് എം.എൽ.എമാരെയും മന്ത്രിമാരെയും കിട്ടും. പതിറ്റാണ്ടുകൾക്ക് ശേഷം ജമ്മു കാശ്മീരിൽ ഭീകരവാദത്തെയും അതിർത്തി കടന്നുള്ള വെടിവയ്പ്പിനെയും ഭയക്കാതെ തിരഞ്ഞെടുപ്പ് നടക്കുന്നു. ഇന്നിവിടെ പുരോഗതിയും ആത്മവിശ്വാസവുമുണ്ട്. സ്‌കൂളുകൾ കത്തിക്കുന്നില്ല. എയിംസും ഐ.ഐ.ടികളും ഐ.ഐ.എമ്മുകളും വരുന്നു. റോഡുകൾ, വൈദ്യുതി, വെള്ളം, യാത്ര, കുടിയേറ്റം തുടങ്ങിയവ വഴി ഒരു ദശകത്തിൽ ജമ്മു- കാശ്മീർ മാറി. വിനോദസഞ്ചാരികളുടെയും തീർത്ഥാടകരുടെയും എണ്ണത്തിൽ റെക്കാഡാണ്. ഏറ്റവും വലിയ കാര്യം ജമ്മു കാശ്മീരിന്റെ മനസ് മാറിയതാണ്.

ഭക്ഷണവും പ്രചാരണായുധം

'ഇന്ത്യ" കൂട്ടായ്‌മയിലെ ചില നേതാക്കൾക്ക് മുഗൾ കാലത്തെ ചിന്താഗതിയാണ്. നവരാത്രി വേളയിൽ ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ് മീൻ കഴിച്ചതും രാഹുൽ ഗാന്ധിയും ആർ.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവും ആട്ടിറച്ചി പാചകം ചെയ്‌തതും പരാമർശിച്ചായിരുന്നു അത്. സാവൻ (ഹിന്ദു കലണ്ടറിലെ ശുഭമാസം) സമയത്ത് അവർ ഒരു കുറ്റവാളിയുടെ വീട്ടിൽ പോയി ആട്ടിറച്ചി പാചകം ചെയ്‌ത് അതിന്റെ വീഡിയോ പങ്കിട്ടു. ഒരു പ്രത്യേക വോട്ട് ബാങ്കിന് പിന്നാലെ പോകുന്നതിനാൽ അവർ ഭൂരിഭാഗം ജനതയുടെ വികാരങ്ങൾ മാനിക്കുന്നില്ല. ആർക്കും എന്തും ഭക്ഷിക്കാം. പക്ഷേ അവരുടെ ഉദ്ദേശ്യം മറ്റൊന്നാണ്. മുഗളന്മാർ രാജാവിനെ ആക്രമിച്ചതിനൊപ്പം ക്ഷേത്രങ്ങളും നശിപ്പിച്ചതു പോലെയാണിത്. ആളുകളുടെ വികാരം വ്രണപ്പെടുത്തി നിങ്ങൾ ആരെയാണ് പ്രീതിപ്പെടുത്താൻ ശ്രമിക്കുന്നത്.

97% ഇ.ഡി കേസുകളും ഉദ്യോഗസ്ഥർക്കും ക്രിമിനലുകൾക്കുമെതിരെ

ഇ.ഡി അന്വേഷിക്കുന്ന അഴിമതിക്കേസുകളിലെ 97 ശതമാനവും ഉദ്യോഗസ്ഥർക്കും ക്രിമിനലുകൾക്കും എതിരെയാണെന്നും രാഷ്ട്രീയക്കാർക്കെതിരെയുള്ള കേസുകൾ മൂന്ന് ശതമാനം മാത്രമാണ്.2014 മുതൽ ഇ.ഡി കേസുകളുടെ 95 ശതമാനവും പ്രതിപക്ഷ നേതാക്കൾക്കെതിരെയാണെന്ന ആരോപണത്തിനാണ് മറുപടി.

അന്വേഷണ ഏജൻസികളുടെ വാൾ തലയ്ക്ക് മുകളിൽ നിൽക്കുന്നവരാണ് രാഷ്ട്രീയ അഴിമതി മാത്രമാണ് ഇ.ഡി അന്വേഷിക്കുന്നതെന്ന് ആരോപിക്കുന്നത്. അഴിമതിയുടെ ആനൂകൂല്യം പറ്രുന്നവരാണ് കരയുന്നതും, ജനങ്ങളെ തെറ്രിദ്ധരിപ്പിക്കുന്നതും. ബി.ജെ.പി രാജ്യത്തെ ശക്തിപ്പെടുത്തുമ്പോൾ, കോൺഗ്രസ് ഒരു കുടുംബത്തെ മാത്രമാണ് വികസിപ്പിച്ചതെന്ന് നെഹ്റു കുടുംബത്തെ ലക്ഷ്യമിട്ട് മോദി പറഞ്ഞു.

Advertisement
Advertisement