താരമായി ക്രാക്കേഴ്സ് മയിൽ നൃത്തം

Saturday 13 April 2024 12:00 AM IST

തൃശൂർ: വിഷു ആഘോഷത്തിന് സജീവമായി വിഷു പടക്ക വിപണി. പത്ത് മുതൽ 30 ശതമാനം വരെ വില വർദ്ധനവോടെയാണ് പല ഇനങ്ങളും വിപണിയിലുള്ളത്. കടുത്തചൂടും തിരഞ്ഞെടുപ്പും വിപണിയിൽ ആളനക്കം കുറച്ചു. ഫാൻസി ഇനങ്ങൾക്കാണ് ആവശ്യക്കാർ കൂടുതൽ. ഇൻസ്റ്റഗ്രാമിലും യു ട്യൂബിലും കാണികളെ സൃഷ്ടിക്കുന്ന ക്രാക്കേഴ്‌സ് മയിൽ നൃത്തമാണ് ( പീകോക്ക്) അതിൽപ്രധാനി. 160 രൂപ തൊട്ട് 500 രൂപ വരെ പീകോക്കിന്റെ മൂന്ന് വ്യത്യസ്ത ഇനങ്ങൾക്ക് വിലയുണ്ട്. ബട്ടർഫ്‌ളൈ, ഡ്രോൺ, ഹെലികോപ്‌റ്റർ എന്നിവയ്ക്കും ആരാധകരേറെ.

200 രൂപ മുതൽ ഈ ഇനങ്ങൾക്ക് വില വരും. ഏഴ് സെന്റിമീറ്റർ മുതൽ അമ്പത് സെന്റിമീറ്റർ നീളമുള്ള കമ്പിത്തിരികളുടെ അഞ്ചെണ്ണം ഉൾക്കൊള്ളുന്ന ബോക്‌സുകൾക്ക് 100 മുതൽ 150 രൂപ വില വരും. കളറുകൾക്ക് വില കൂടും. വലിപ്പത്തിലും നിറത്തിലും വൈവിദ്ധ്യമുള്ള മത്താപ്പുകളുടെ വില 60ൽ തുടങ്ങും. മേശാപ്പൂ ഇനങ്ങൾ നൂറ് രൂപ മുതൽ 500 രൂപ വരെയുണ്ട്. വൈവിദ്ധ്യങ്ങളേറെയുണ്ട് തലചക്രങ്ങളിൽ. നൂറ് രൂപ മുതൽ 250 രൂപ വരെ തലചക്രങ്ങളുടെ ബോക്‌സുകൾക്ക് വിലയുണ്ട്. വർണമഴ 200ൽ തുടങ്ങി 3000 രൂപ വരെയുള്ളവ വിപണിയിലുണ്ട്.

കഴിഞ്ഞവർഷം 25 രൂപയുണ്ടായിരുന്ന മാലപ്പടക്കം ഒന്നിന് ഇത്തവണ പത്ത് രൂപയുടെ വർദ്ധനവാണ്. 35 മുതൽ 60 രൂപ വരെ മാലപ്പടക്കത്തിന് വിലയുണ്ട്. ഓലപ്പടക്കം ചെറുതിന് 150ഉം വലുതിന് 200 രൂപയും വിലയുണ്ട്. തേക്കിൻകാട് മൈതാനിയിൽ പടക്കനിർമ്മാണ സൊസൈറ്റിയുടെ നേതൃത്വത്തിൽ നടത്തിയിരുന്ന സഹകരണ മാർക്കറ്റ് ഇത്തവണയുമില്ല. വിലക്കയറ്റത്തിന് ഇടയിൽ ജനങ്ങൾക്ക് ഏറെ ആശ്വാസമായിരുന്ന മാർക്കറ്റാണ് ദേവസ്വം ബോർഡിന്റെ കടുംപിടിത്തം മൂലം ഏതാനും വർഷമായി നിലച്ചത്. 500 സ്‌ക്വയർഫീറ്റ് സ്ഥലത്തിന് മൂന്ന് ദിവസത്തെ വാടക ഒന്നരലക്ഷമാണ് കൊച്ചിൻ ദേവസ്വം ബോർഡ് ആവശ്യപ്പെടുന്നത്. ടെന്റ് കെട്ടുന്നതിനും വൈദ്യുതിക്കുമായിട്ട് ഒന്നര ലക്ഷം രൂപ കൂടി കണ്ടെത്തേണ്ടി വരും. ആവശ്യക്കാർക്ക് ഗുണമേന്മയ്‌ക്കൊപ്പം വിലക്കുറവിനും സാധനങ്ങൾ നൽകേണ്ടതിനാൽ തേക്കിൻകാട്ടിലെ വിപണി ഉപേക്ഷിക്കുകയായിരുന്നുവെന്ന് പടക്കനിർമ്മാണ സൊസൈറ്റി പറയുന്നു.

Advertisement
Advertisement