ഡൽഹിയിൽ ഉടൻ രാഷ്ട്രപതി ഭരണം വരും: ആംആദ്‌മി പാർട്ടി
ന്യൂഡൽഹി: മുഖ്യമന്ത്രി അരിവിന്ദ് കേജ്‌രിവാളിന്റെ അറസ്റ്റിന് പിന്നാലെ ഡൽഹിയിൽ ഉടൻ രാഷ്ട്രപതി ഭരണം ഏർപ്പെടുത്താൻ ബി.ജെ.പി ഗൂഢാലോചന നടത്തുകയാണെന്ന് ആംആദ്‌മി നേതാവും മന്ത്രിയുമായ അതിഷി മർലേന.
കേജ്‌രിവാളിന്റെ അറസ്റ്റ് ഡൽഹി സർക്കാരിനെ താഴെയിറക്കാനുള്ള രാഷ്ട്രീയ ഗൂഢാലോചനയാണ്. ഉടൻ രാഷ്ട്രപതി ഭരണം ഏർപ്പെടുത്താനാണ് നീക്കം. അതിന്റെ ഭാഗമായി ഡൽഹിയിൽ ഉദ്യോഗസ്ഥരുടെ നിയമനവും സ്ഥലമാറ്റവും നടക്കുന്നില്ല. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതു മുതൽ ഉദ്യോഗസ്ഥർ യോഗങ്ങളിൽ പങ്കെടുക്കുന്നത് നിറുത്തി. ഒരാഴ്ചയായി, ലെഫ്. ഗവർണർ സർക്കാരിനെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് അടിസ്ഥാനരഹിതമായ കത്തുകൾ എഴുതുകയാണ്. മുഖ്യമന്ത്രിയുടെ പേഴ്‌സണൽ സെക്രട്ടറിയെ നീക്കി. ഇതെല്ലാം ഡൽഹി സർക്കാരിനെ താഴെയിറക്കാനുള്ള ഗൂഢാലോചനയാണ്. ജനങ്ങൾ തിരഞ്ഞെടുത്ത സർക്കാരിനെ താഴെയിറക്കി രാഷ്ട്രപതി ഭരണം ഏർപ്പെടുത്താനുള്ള നീക്കം നിയമവിരുദ്ധമാണ്. തിരഞ്ഞെടുപ്പിലൂടെ ഡൽഹിയിൽ ഭരണത്തിലെത്താൻ കഴിയില്ലെന്ന് ബി.ജെ.പിക്ക് ഉറപ്പുണ്ട്.
62 എം.എൽ.എമാരുണ്ടായിട്ടും ആം ആദ്മിയെ രാഷ്ട്രപതി ഭരണത്തെക്കുറിച്ചുള്ള ഭയം വേട്ടയാടുകയാണെന്ന് ഡൽഹി ബി.ജെ.പി അദ്ധ്യക്ഷൻ വീരേന്ദ്ര സച്ച്ദേവ പറഞ്ഞു. കേജ്‌രിവാൾ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്നും സച്ച്‌ദേവ ആവശ്യപ്പെട്ടു.