ഹൈക്കമാൻഡിന്റെ നീക്കം; ഹിന്ദി ബെൽറ്റിൽ കോൺഗ്രസിന് ഒരിക്കലും പ്രതീക്ഷിക്കാത്ത തിരിച്ചടി, പ്രവർത്തകർ കൂട്ടത്തോടെ പാർട്ടി വിടുന്നു 

Saturday 13 April 2024 10:02 AM IST

ജയ്പൂർ: ലോക്സഭ തിരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ മാത്രം ശേഷിക്കെ രാജസ്ഥാൻ കോൺഗ്രസിന് വലിയ തിരിച്ചടി. സംസ്ഥാനത്തെ 400ഓളം പാർട്ടി പ്രവർത്തകർ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവച്ചു. നാഗൗർ ലോക്സഭാ സീറ്റിൽ രാഷ്ട്രീയ ലോക്താന്ത്രിക് പാർട്ടിയുമായി (ആർഎൽപി) കോൺഗ്രസ് സഖ്യമുണ്ടാക്കിയതാണ് പാർട്ടിയുടെ ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം.

ആർഎൽപി നേതാവ് ഹനുമാൻ ബേനിവാളിനെ നാഗൗറിൽ സ്ഥാനാർത്ഥിയാക്കാനുള്ള കോൺഗ്രസ് തീരുമാനം പാർട്ടി അണികൾക്കുള്ളിൽ പ്രതിഷേധത്തിന് കാരണമാക്കിയിരുന്നു. മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി ജ്യോതി മിന്ദ്രയ്ക്ക് വേണ്ടി കോൺഗ്രസ് നേതാക്കൾ പ്രവർത്തിക്കുന്നെന്ന് ചൂണ്ടിക്കാട്ടി ബേനിവാൾ മുതിർന്ന നേതാക്കൾക്ക് പരാതി നൽകിയതാണ് പ്രശ്നങ്ങൾക്ക് തുടക്കം. ഈ പരാതിയുടെ അടിസ്ഥാനത്തിൽ ആറ് വർഷത്തേക്ക് ചില കോൺഗ്രസ് പ്രവർത്തകരെ പാർട്ടി സസ്‌പെൻഡ് ചെയ്തു.

പിന്നാലെ മുൻ എംഎൽഎ ഭരറാം, കുച്ചേര മുനിസിപ്പാലിറ്റി ചെയർപേഴ്സൺ തേജ്പാൽ മിർധ, സുഖറാം ദോദ്വാഡിയ എന്നിവരടങ്ങിയ നേതാക്കൾ ഈ തീരുമാനത്തിനെതിരെ പ്രതിഷേധിച്ചു. പാർട്ടി അംഗത്വം രാജിവച്ചാണ് ഈ നേതാക്കൾ കോൺഗ്രസിനെ പ്രതിഷേധം അറിയിച്ചത്.

നൗഗൗറിലെ നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ശക്തരായിരുന്നെന്ന് തേജ്പാൽ മിർധ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 'എട്ട് സീറ്റിൽ നാല് സീറ്റും വിജയിച്ചത് കോൺഗ്രസായിരുന്നു. ലോക്സഭ തിരഞ്ഞെടുപ്പിലും കോൺഗ്രസ് ശക്തി തെളിയിക്കുമായിരുന്നു. പിന്നെ എന്തിന് വേണ്ടിയായിരുന്നു ആർഎൽപിയുമായി സഖ്യം'- തേജ്പാൽ ചോദിച്ചു.

'നാഗൗറിൽ കോൺഗ്രസിനെ തകർക്കാൻ ശ്രമിക്കുന്ന ഉപകരണമാണ് ഹനുമാൻ ബേനിവാൾ. അങ്ങനെയുള്ള ഒരാളുമായി സംഖ്യം ചേർന്നത് കോൺഗ്രസ് പ്രവർത്തകരെ സംബന്ധിച്ച് ഞെട്ടലുണ്ടാക്കി. അതുകൊണ്ടാണ് ഞങ്ങൾ എല്ലാവരും കൂട്ടത്തോടെ രാജിക്കത്ത് സമർപ്പിക്കുന്നത്'- തേജാപാൽ പറഞ്ഞു.

'കോൺഗ്രസ് സംസ്ഥാന ഘടകത്തിന്റെ സമ്മതമില്ലാതെയാണ് ഹൈക്കമാൻഡ് ആർഎൽപിയുമായി സഖ്യമുണ്ടാക്കിയത്. ഈ സഖ്യം നമ്മുടെമേൽ അടിച്ചേൽപ്പിക്കപ്പെട്ടിരിക്കുന്നു. ജില്ലയിലാകെ കോൺഗ്രസിനെ പരാജയപ്പെടുത്താൻ ആർഎൽപി പ്രവർത്തിച്ചിരുന്നു. ഞങ്ങൾ ഒരിക്കലും ബിജെപിയുമായി വേദി പങ്കിട്ടിട്ടില്ല. ബെനിവാൾ കാരണം ഞങ്ങളെ പാർട്ടിയിൽ നിന്ന് പുറത്താക്കി. ഒരു വിവരവും ഞങ്ങളെ അറിയിക്കാതെ കോൺഗ്രസ് നേരിട്ട് ഒരു തുഗ്ലക്കി ഉത്തരവിറക്കി ഞങ്ങളെ പുറത്താക്കി'-അദ്ദേഹം വ്യക്തമാക്കി.