തലസ്ഥാനത്ത് മാനവീയം വീഥിയിൽ വീണ്ടും സംഘർഷം; വെട്ടേറ്റ് യുവാവിന് ഗുരുതര പരിക്ക്

Saturday 13 April 2024 10:28 AM IST

തിരുവനന്തപുരം: മാനവീയം വീഥിയിലുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് വെട്ടേറ്റു. ചെമ്പഴന്തി സ്വദേശി ധനു കൃഷ്‌ണനാണ് വെട്ടേറ്റത്. ഇയാളുടെ കഴുത്തിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ആക്രമണം നടത്തിയ ഷെമീർ എന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പെൺകുട്ടിയോട് മോശമായി പെരുമാറിയത് ചോദ്യംചെയ്‌തതാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.

ഇതിന് മുമ്പും മാനവീയം വീഥിയിൽ വലുതും ചെറുതുമായ നിരവധി സംഘർഷങ്ങൾ ഉണ്ടായിട്ടുണ്ട്. ഇതിന്റെ ഭാഗമായി പ്രദേശത്ത് പൊലീസ് നിരീക്ഷണവും കർശനമാക്കിയിട്ടുണ്ടായിരുന്നു. ഇതിനായി പൊലീസ് എയ്ഡ് പോസ്റ്റ് ഉള്‍പ്പെടെ സ്ഥാപിച്ചിട്ടുണ്ട്.

കഴിഞ്ഞ നവംബറിൽ പൂന്തുറ സ്വദേശിയായ ഒരു യുവാവിനെ ഒരു സംഘം യുവാക്കൾ ചേർന്ന് നിലത്തിട്ട് മർദിച്ചത് വലിയ വാർത്തയായിരുന്നു. സംഭവത്തിന്റെ വീഡിയോ ഉള്‍പ്പെടെ പുറത്തുവന്നതോടെ തിരുവനന്തപുരം മ്യൂസിയം പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. എന്നാല്‍, സംഭവത്തിൽ ആരും പരാതി നല്‍കിയിരുന്നില്ല. സംഘർഷത്തിനിടെ യുവാക്കളുടെ സംഘം ഇതിന് ചുറ്റും നിന്ന് നൃത്തം വയ്‌ക്കുന്നതും വീഡിയോയിലുണ്ട്. സംഘര്‍ഷത്തിന്‍റെ കാരണം എന്താണെന്നതും വ്യക്തമായിരുന്നില്ല.

മാനവീയം വീഥിയിൽ നൈറ്റ് ലൈഫ് ആരംഭിച്ചതിന് പിന്നാലെ ഇവിടെ സംഘർഷങ്ങൾ പലപ്പോഴായി നടക്കുന്നുണ്ടെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ ആരും പൊലീസിനെ പരാതിയുമായി സമീപിക്കുന്നില്ല. ഈ സംഘർഷം ശ്രദ്ധയിൽപെട്ടയുടനെ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ഇതിലാണ് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പൂന്തുറ സ്വദേശിയായ ഒരാൾ ചികിത്സ തേടിയെന്ന് വിവരം കിട്ടിയത്. തുടർന്ന് ഇയാളുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.

മാനവീയത്തിന് പിന്നാലെ കനകക്കുന്നിലും നൈറ്റ് ലൈഫ് പദ്ധതി ആരംഭിക്കാൻ ടൂറിസം വകുപ്പ് നേരത്തേ തീരുമാനിച്ചിരുന്നു. ഫുഡ് കോര്‍ട്ടുകള്‍, സ്റ്റേജുകള്‍, വിവിധതരം ലൈറ്റിങ്ങുകള്‍, ഹാങ്ങ്ഔട്ട് സ്‌പേസ് എന്നിവ ഇവിടെ ഒരുക്കുമെന്നാണ് പറഞ്ഞിരുന്നത്. കഴക്കൂട്ടം, ശംഖുംമുഖം തുടങ്ങി ഏഴ് ഇടങ്ങള്‍ കൂടി നൈറ്റ് ലൈഫ് പദ്ധതി ആരംഭിക്കാനുള്ള പ്രാരംഭ നടപടികളും ആരംഭിച്ചിരുന്നു. നൈറ്റ് ലൈഫ് പദ്ധതിക്ക് പ്രത്യേക ബൈലോ തയ്യാറാക്കുന്നതും കോര്‍പറേഷന്‍റെ പരിഗണനയിലുണ്ട്.