'തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഷോർട്ട് ബ്രേക്ക്'; തമിഴ്‌നാട്ടിലെത്തി ഗുലാബ് ജാമുൻ ആസ്വദിച്ച് രാഹുൽ ഗാന്ധി, വീഡിയോ

Saturday 13 April 2024 12:32 PM IST

ചെന്നൈ: ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടിലെ പ്രചാരണത്തിൽ നിന്ന് ചെറിയ ഇടവേളയെടുത്ത് രാഹുൽ ഗാന്ധി. അദ്ദേഹം രാത്രി മധുര പലഹാരങ്ങൾ വിൽക്കുന്ന കടയിലെത്തിയതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പ്രചരിച്ചുകൊണ്ടിരിക്കുന്നത്.

അപ്രതീക്ഷിതമായെത്തിയ രാഹുൽ ഗാന്ധിയെ കണ്ടതോടെ കടക്കാരൻ ബാബു അത്ഭുതപ്പെട്ടുപോയി. അര മണിക്കൂറോളം കടയിൽ ചിലവിട്ട കോൺഗ്രസ് നേതാവ് ഒരു കിലോ ഗുലാബ് ജാമുൻ വാങ്ങിയ ശേഷമാണ് മടങ്ങിയത്. കടയിലുണ്ടായിരുന്ന മറ്റ് പലഹാരങ്ങളും അദ്ദേഹം കഴിച്ചു നോക്കി. കടയിലെ ജീവനക്കാർക്കൊപ്പം ഫോട്ടോയും എടുത്ത ശേഷമാണ് രാഹുൽ മടങ്ങിയത്. കോയമ്പത്തൂരില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിയ രാഹുല്‍ ഗാന്ധി ഡിഎംകെ അദ്ധ്യക്ഷനും മുഖ്യമന്ത്രിയുമായ എംകെ സ്റ്റാലിന് മധുരപലഹാരമായ മൈസൂര്‍ പാക്ക് സമ്മാനിച്ചിരുന്നു.

കഴിഞ്ഞ ദിവസം കോയമ്പത്തൂരിൽ ഇന്ത്യാ സഖ്യത്തിന്റെ മഹാറാലി നടന്നിരുന്നു. രാഹുൽ ഗാന്ധിയും സ്റ്റാലിനും പങ്കെടുത്ത റാലിയിൽ ലക്ഷക്കണക്കിന് ആളുകളാണ് അണിചേർന്നത്. തിരഞ്ഞെടുപ്പിന് മുന്നോടിയായി തമിഴ്‌നാട്ടിൽ നടന്ന ഇന്ത്യ സഖ്യത്തിന്റെ ശക്തിപ്രകടനം കൂടിയായിരുന്നു ഈ റാലി. റാലിയിൽ ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തിയ രാഹുല്‍ ഗാന്ധി തമിഴ്‌നാട്ടിലെ മുഴുവന്‍ സീറ്റും ഇന്‍ഡ്യ സഖ്യം തൂത്തുവാരുമെന്നും മനുഷ്യരെ ഭിന്നിപ്പിച്ച് വിദ്വേഷവും വെറുപ്പും പടര്‍ത്തുന്ന ബിജെപിയെ തറപറ്റിക്കുമെന്നും പറഞ്ഞിരുന്നു.