ബോൺവിറ്റയെ ഹെൽത്ത് ഡ്രിങ്ക്‌സ് വിഭാഗത്തിൽ നിന്ന് ഒഴിവാക്കണം; ഓൺലൈൻ പ്ളാറ്റ്‌ഫോമുകൾക്ക് കർശന നിർദേശം

Saturday 13 April 2024 3:30 PM IST

ന്യൂഡൽഹി: ബോൺവിറ്റ അടക്കമുള്ള എല്ലാ പാനീയങ്ങളെയും 'ഹെൽത്ത് ഡ്രിങ്ക്‌സ്' (ആരോഗ്യ പാനീയങ്ങൾ) എന്ന വിഭാഗത്തിൽ നിന്നൊഴിവാക്കണമെന്ന് ഇ- കൊമേഴ്‌സ് കമ്പനികൾക്ക് നിർദേശം നൽകി കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം. ഇ- കൊമേഴ്‌സ് പ്ളാറ്റ്‌ഫോമുകളിൽ നിന്നും സൈറ്റുകളിൽ നിന്നും ഇത്തരത്തിലുള്ള വിവരണം നീക്കം ചെയ്യണമെന്നാണ് നിർദേശം.

2006ലെ എഫ് എസ് എസ് ആക്‌ടിൽ നിർവചിച്ചിരിക്കുന്നതുപ്രകാരവും ഫുഡ് സേഫ്‌ടി ആന്റ് സ്റ്റാൻഡേർഡ്‌സ് അതോറിറ്റി ഒഫ് ഇന്ത്യയുടെ (എഫ് എസ് എസ് എ ഐ) ചട്ടപ്രകാരവും ഹെൽത്ത് ഡ്രിങ്ക്‌സ് വിഭാഗത്തിൽ ഒരു പാനീയവും നിലവിലില്ലെന്ന് കേന്ദ്രം പുറത്തുവിട്ട് പ്രസ്‌താവനയിൽ പറയുന്നു. വെബ്‌സൈറ്റുകളിൽ വിൽക്കുന്ന ഭക്ഷ്യ ഉൽപന്നങ്ങളെ കൃത്യമായി വേർതിരിക്കാൻ എഫ് എസ് എസ് എ ഐ എല്ലാ ഇ- കൊമേഴ്‌സ് കമ്പനികളോടും കഴിഞ്ഞ ഏപ്രിൽ രണ്ടിന് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.

'പ്രൊപ്രൈറ്ററി ഫുഡ്' എന്ന പേരിൽ ലൈസൻസ് എടുത്തിരിക്കുന്ന പല ഭക്ഷ്യ ഉത്‌പന്നങ്ങളും ഇ- കൊമേഴ്‌സ് വെബ്‌സൈറ്റുകളിൽ ഹെൽത്ത് ഡ്രിങ്ക്, എനർജി ഡ്രിങ്ക് എന്ന പേരിലാണ് വിൽക്കുന്നതെന്ന് എഫ് എസ് എസ് എ ഐ കണ്ടെത്തിയിരുന്നു.

ഉത്‌പന്നങ്ങളുടെ സ്വഭാവവും സവിശേഷതകളും സംബന്ധിച്ച് വ്യക്തതയും സുതാര്യതയും വർദ്ധിപ്പിക്കാനും, തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ ഇല്ലാതെ ഉപഭോക്താക്കൾക്ക് കൃത്യമായി ഉത്‌പന്നങ്ങൾ തിരഞ്ഞെടുക്കാനും ലക്ഷ്യമിട്ടാണ് നടപടിയെന്നും പ്രസ്താവനയിൽ പറയുന്നു.

Advertisement
Advertisement