സിഡ്‌നിയിലെ ഷോപ്പിംഗ് മാളിൽ കത്തിക്കുത്ത്; അഞ്ച്പേർ കൊല്ലപ്പെട്ടു, അക്രമിയെ വെടിവച്ചിട്ടത് വനിതാപൊലീസ്
സിഡ്‌നി: സിഡ്‌നിയിലെ ഷോപ്പിംഗ് മാളിലുണ്ടായ കത്തിക്കുത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. ചെറിയകുട്ടി ഉൾപ്പടെ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ‌്തു. കത്തിയുമായി മാളിൽ എത്തിയ അക്രമി കണ്ണിൽ കണ്ടവരെയെല്ലാം കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. പൊലീസുമായുള്ള വെടിവയ‌്പ്പിൽ അക്രമി കൊല്ലപ്പെട്ടു. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല. സിഡ്‌നിയിലെ വെസ്‌റ്റ്‌ഫീൽഡിലുള്ള ബോണ്ടി ജംഗ്‌ഷനിലെ മാളിൽ രാവിലെയാണ് (പ്രാദേശിക സമയം) സംഭവം.
ആളുകളെ ഒഴിപ്പിച്ചതിന് ശേഷം കൂടുതൽ അന്വേഷണത്തിനായി പൊലീസ് മാൾ പൂർണമായും അടച്ചിട്ടിരിക്കുകയാണ്. ഏതെങ്കിലും ഭീകരപ്രവർത്തനത്തിന്റെ ഭാഗമയാണോ അക്രമം നടന്നതെന്ന് ഇപ്പോൾ സ്ഥിരീകരിക്കാനാവില്ലെന്നാണ് അധികൃതർ അറിയിക്കുന്നത്. ഒരു വനിതാ പൊലീസ് ഉദ്യോഗസ്ഥയാണ് അക്രമിയെ വെടിവച്ചിട്ടതെന്നാണ് ലഭിക്കുന്ന വിവരം.
കത്തിയുമായി അക്രമി ജനങ്ങൾക്ക് നേരേ ഓടിയടുക്കുന്ന ദൃശ്യങ്ങൾ സാമൂഹികമാദ്ധ്യമങ്ങളിൽ പ്രചരിക്കുകയാണ്.കൺമുന്നിൽ കണ്ടവരെയെല്ലാം അക്രമി ലക്ഷ്യമിട്ടതോടെ മാളിലുണ്ടായിരുന്നവർ പരിഭ്രാന്തരായി പരക്കംപാഞ്ഞു. പലരും മാളിലെ കടയ്‌ക്കുള്ളിൽ അഭയംപ്രാപിച്ചു. ഏകദേശം ഒരുമണിക്കൂറിലേറെയാണ് മിക്കവരും കടകളിലും സൂപ്പർമാർക്കറ്റിലും ഒളിച്ചിരുന്നത്. ഇതിനിടെ, കത്തിയും കൈയിലേന്തി മാളിലൂടെ നടന്നുനീങ്ങിയ അക്രമിയെ കീഴ്‌പ്പെടുത്താനായി പലരിൽനിന്നും ശ്രമങ്ങളുണ്ടായി. ചിലർ ഇയാൾക്ക് നേരേ കസേരയും മേശകളും വലിച്ചെറിയുന്നത് പുറത്തുവന്ന ചില ദൃശ്യങ്ങളിലുണ്ട്. എസ്‌കലേറ്റർ വഴി മാളിലെ മുകൾനിലയിലേക്ക് നീങ്ങുന്ന ആക്രമിയെ വെളുത്ത ടീഷർട്ട് ധരിച്ചയാൾ പ്രതിരോധിക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.