''ഇനി സഹിക്കാൻ കഴിയില്ല, വളരെ വേദനയോടു കൂടിയാണ് പറയുന്നത്''; വാർത്താസമ്മേളനത്തിൽ വിനീത് ശ്രീനിവാസൻ

Saturday 13 April 2024 5:18 PM IST

പ്രതിസന്ധിഘട്ടത്തിൽ പിവിആർ അടക്കമുള്ള തിയേറ്റർ ഉടമകളുടെ കൂടെ നിന്നവരാണ് താനും നിർമ്മാതാവ് വിശാഖ് സുബ്രഹ്മണ്യവുമെന്ന് സംവിധായകനും നടനുമായ വിനീത് ശ്രീനിവാസൻ. പിവിആർ വിവാദത്തിൽ ഫെഫ്‌കയുടെ നേതൃത്വത്തിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പ്രതികരിക്കുകയായിരുന്നു വിനീത്. ഹൃദയം എന്ന ചിത്രത്തിന് മൂന്നിരിട്ടി ഓഫർ ലഭിച്ചിട്ടും ഒടിടിയിൽ കൊടുക്കാത്തത് പിവിആർ പോലുള്ള തിയേറ്ററുകൾക്കു കൂടി വേണ്ടിയായിരുന്നെന്നും വിനീത് പറഞ്ഞു.

''സിനിമകളുടെ റിലീസിന്റെ തലേദിവസമാണ് അറിയുന്നത് പിവിആർ സ്ക്രീനിലൊന്നും നമ്മുടെ സിനിമകൾ പ്രദർശിപ്പിക്കില്ലെന്ന്. ഈ വിഷയം പിവിആർ എന്ന ഒറ്റ ശൃംഖലയിൽ മാത്രംവരുന്നതല്ല. ഇന്ത്യയുടെ പലഭാഗത്തും ചെറിയ ചെറിയ തിയേറ്ററുകൾ പോലും അവർ റൺ ചെയ്യുന്നുണ്ട്. പല മൾട്ടിപ്ളക്‌സുകളും അവരുടെ കൈയിലാണ്. ഈ തിയേറ്ററുകളിലൊന്നും ഇപ്പോൾ നമ്മുടെ സിനിമയില്ല.

പ്രേക്ഷകനെ സംബന്ധിച്ചിടത്തോളം തിയേറ്റർ ലോയൽറ്റി എന്നൊരു സംഭവമുണ്ട്. ഒരുപാട് കൺവീനിയൻസ് നോക്കിയിട്ടാണ് പ്രേക്ഷകൻ തിയേറ്റർ ബുക്ക് ചെയ്യുന്നത്. ഇക്കൂട്ടത്തിൽ പിവിആറിന്റെ തിയേറ്ററുകളുമുണ്ടാകും. അത്തരം പ്രേക്ഷകരെയെല്ലാം നമുക്ക് നഷ്‌ടപ്പെടുകയാണ്. ഇതൊരു വലിയ നഷ്‌ടമാണ്.

ഹൃദയം ചെയ്യുന്ന സമയത്ത് സൺഡേലോക്ക് ഡൗൺ സമയമായിരുന്നു. എത്ര തിയേറ്ററുകാരാണ് ഞങ്ങളെ വിളിച്ച് സിനിമ ഒടിടിയിൽ റിലീസ് ചെയ്യരുത് ഞങ്ങൾക്ക് തരണമെന്ന് പറഞ്ഞത്. ഹൃദയത്തിന് തിയേറ്ററിൽ നിന്ന് കിട്ടിയതിന്റെ മൂന്നിരട്ടി ഓഫറാണ് ഒടിടിയിൽ നിന്ന് ലഭിച്ചത്. ഞങ്ങൾ അവരുടെ കൂടെനിന്നു. ആ ഞങ്ങളോടാണ് ഇപ്പോൾ ഇങ്ങനെ ചെയ്യുന്നത്. ഞാൻ ഇത്രയും സംസാരിക്കാത്ത ആളാണ്. വളരെ വേദനയോടു കൂടിയാണ് പറയുന്നത്''-വിനീത് ശ്രീനിവാസന്റെ വാക്കുകൾ.

തിയേറ്ററുകളിലെ ഡിജിറ്റൽ പ്രൊജക്ഷൻ സംവിധാനവുമായി ബന്ധപ്പെട്ട് ഏറെക്കാലമായി പുകഞ്ഞിരുന്ന അഭിപ്രായവ്യത്യാസമാണ് കഴിഞ്ഞ ദിവസം വലിയ തർക്കത്തിലേക്കും പിവിആറിന്റെ മലയാള സിനിമാ ബഹിഷ്‌കരണത്തിലേക്കും നീങ്ങിയത്. കേരളത്തിന് പുറത്ത് മലയാള സിനിമകൾ ഏറ്റവുമധികം റിലീസ് ചെയ്യപ്പെട്ടിരുന്ന മൾട്ടിപ്ലക്സ് ശൃംഖല പിവിആർ ആണ്. സമീപകാല മലയാളം ഹിറ്റുകളായ മഞ്ഞുമ്മൽ ബോയ്സും പ്രേമലുവുമടക്കം ചെന്നൈയിലും ബംഗളൂരുവിലും ഹൈദരാബാദിലുമൊക്കെ ഏറ്റവുമധികം പേർ കണ്ടതും ഈ മൾട്ടിപ്ലക്സിലൂടെത്തന്നെ. ബിസിനസ് ഏറ്റവും സജീവമായ സീസണിൽ ഇത്തരത്തിൽ ഒരു അപ്രതീക്ഷിത ബഹിഷ്‌കരണം വന്നത് മലയാള സിനിമകൾക്ക് കനത്ത തിരിച്ചടിയാണ്.

ഈ നഷ്‌ടം നിർമ്മാതാക്കൾക്ക് നികത്താതെ പിവിആറിന്റെ ഒരു തിയേറ്ററിലും മലയാള സിനിമ പ്രദർശിപ്പിക്കില്ലെന്ന് ഫെഫ്‌ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്‌ണൻ വ്യക്തമാക്കി.