പിവിആർ തർക്കം പരിഹരിച്ചു,​ മലയാള സിനിമകൾ പ്രദർശിപ്പിക്കാൻ ധാരണയായി,​ തീരുമാനം ഓൺലൈൻ യോഗത്തിൽ

Saturday 13 April 2024 6:45 PM IST

കൊച്ചി: ഇന്ത്യയിലെ മൾട്ടിപ്ലക്സ് തിയേറ്റർ ശൃംഖലയായ പി.വി.ആറും മലയാള സിനിമാ സംഘടനകളും തമ്മിലുള്ള തർക്കം പരിഹരിച്ചു. മലയാള സിനിമകൾ തുടർന്നും പ്രദർശിപ്പിക്കാൻ പി.വി.ആർ സമ്മതിച്ചായാണ് വിവരം. സിനിമാ സംഘടനകളും പി.വി.ആ‍ർ പ്രതിനിധികളും തമ്മിൽ ഓൺലൈനായി ചേർന്ന യോഗത്തിലാണ് തീരുമാനം ഉണ്ടായത്. പ്രശ്ന പരിഹാരത്തിനായി വിർച്വൽ പ്രിന്റ് വിഷയത്തിൽ പിവിആറും പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള ചർച്ചകൾ നടന്നുവരികയായിരുന്നു,​

ഇതിനിടെ പിവിആ ഗ്രൂപ്പിന്റെ സ്ക്രീനുകളിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കാത്തിന് എതിരെ ഫെഫ്ക രംഗത്ത് വന്നിരുന്നു. പി.വി.ആറിന്റെ നിലപാടിനെ തെരുവിൽ ചോദ്യം ചെയ്യുമെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണിക്കൃഷ്മൻ വ്യക്തമാക്കിയിരുന്നു, പ്രദർശനം നിറുത്തിയതിനെ തുടർന്നുണ്ടായ നഷ്ടം നികത്താതെ മലയാള സിനിമകൾ ഇനി പി.വി.ആറിന്റെ തിയേറ്ററുകളിൽ പ്രദർശിപ്പിക്കില്ലെന്നും ഫെഫ്‌ക അറിയിച്ചു. ഇതിന് പിന്നാലെയാണ് പി.വി.ആർ നിലപാട് മാറ്റിയത്.

തിയേറ്ററുകളിലേക്ക് ഡിജിറ്റൽ കണ്ടന്റ് എത്തിക്കുന്ന ക്യൂബ് അടക്കമുള്ള കമ്പനികൾ വലിയ വിർച്വൽ പ്രിന്റ് ഫീ ഈടാക്കുന്നതിനാൽ നിർമ്മാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ മുൻകൈയെടുത്ത് കണ്ടന്റ് മാസ്റ്ററിംഗ് യൂണിറ്റ് തുടങ്ങിയിരുന്നു. എന്നാൽ ഇതിനോട് സഹകരിക്കാതെ മലയാള സിനിമകൾ പി.വി.ആറിന്റെ തിയേറ്ററുകളിൽ നിന്ന് ഒഴിവാക്കുകയായിരുന്നു.