പശ്ചിമേഷ്യയിൽ പടരുന്ന യുദ്ധഭീതി

Sunday 14 April 2024 12:02 AM IST

ഇറാൻ- ഇസ്രയേൽ സംഘർഷം പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി പടർത്തിയിരിക്കുന്നു. സിറിയയിലെ നയതന്ത്ര കാര്യാലയം ഇസ്രയേൽ ആക്രമിച്ചതിന് രണ്ടു ദിവസത്തിനുള്ളിൽ ഇറാൻ തിരിച്ചടി നൽകുമെന്നാണ് ഇറാന്റെ മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാൾസ്ട്രീറ്റ് ജേർണലിൽ വന്ന റിപ്പോർട്ടിൽ പറയുന്നത്. ഇസ്രയേലിൽ എവിടെയും ഏതു സമയവും ആക്രമണം നടക്കാമെന്ന് റിപ്പോർട്ടിൽ പറയുന്നു. ഗാസയിൽ കൊടിയ നാശനഷ്ടങ്ങളും മരണവും വിതച്ചുകൊണ്ട് ആറുമാസമായി തുടരുന്ന ഏറ്റുമുട്ടൽ ഇസ്രയേലും സായുധ സംഘടനയായ ഹമാസും തമ്മിലാണ്. അതായത്, രണ്ടു രാജ്യങ്ങൾ തമ്മിലുള്ളതല്ല. എന്നാൽ ഇറാനും ഇസ്രയേലും യുദ്ധത്തിലേർപ്പെട്ടാൽ അത് ആളിപ്പടരാനും രണ്ടു രാജ്യങ്ങൾ തമ്മിലുള്ള യുദ്ധത്തിനപ്പുറത്തേക്ക് പോകാനും സാദ്ധ്യത ഏറെയാണ്.

സുരക്ഷാപ്രശ്നങ്ങൾ മുൻനിറുത്തി ഇന്ത്യക്കാർ ഇസ്രയേൽ, ഇറാൻ എന്നീ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യരുതെന്ന് വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. യു.എസ് ആകട്ടെ, തങ്ങളുടെ നയതന്ത്ര ഉദ്യോഗസ്ഥർക്കും കുടുംബാംഗങ്ങൾക്കും ഇസ്രയേലിൽ യാത്രാനിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. സുപ്രധാന ചർച്ചകൾക്കായി യു.എസിന്റെ പശ്ചിമേഷ്യയിലെ സേനാ കമാൻഡർ ടെൽ അവീവിലെത്തിയിട്ടുണ്ട്. സൈനികരുടെ അവധി റദ്ദാക്കിയ ഇസ്രയേൽ കരുതൽ സേനാംഗങ്ങളോട് തിരികെ ജോലിയിൽ പ്രവേശിക്കാനും ആവശ്യപ്പെട്ടിരിക്കുന്നു. ഇസ്രയേലിൽ ജനങ്ങൾ ഒരു യുദ്ധം തന്നെയാണ് മുന്നിൽക്കാണുന്നത്. അവർ അവശ്യ സാധനങ്ങൾ വാങ്ങിക്കൂട്ടാനും കുട്ടികളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനും തുടങ്ങിയിരിക്കുന്നു.

ഗാസയിൽ നീണ്ടുപോകുന്ന യുദ്ധവും കെടുതികളും ഇറാനെ മാത്രമല്ല, മറ്റ് ഇസ്ളാമിക രാജ്യങ്ങളെയും പ്രകോപിപ്പിച്ചിരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഈ പശ്ചാത്തലത്തിൽ ഇറാനും ഇസ്രയേലും തമ്മിൽ യുദ്ധമുണ്ടായാൽ മറ്റ് അയൽരാജ്യങ്ങളും ഇടപെടാനും യുദ്ധത്തിൽ പങ്കെടുക്കാനുമുള്ള സാദ്ധ്യത വളരെ കൂടുതലാണ്. ഇസ്രയേലിന് പിന്തുണയുമായി അമേരിക്ക, യു.കെ തുടങ്ങിയ സഖ്യരാജ്യങ്ങളും അണിനിരക്കാം. ഇതൊരു മൂന്നാം ലോകയുദ്ധത്തിന് തുടക്കമിടുമോ എന്ന ഭീതിയും നിലനിൽക്കുന്നുണ്ട്. ഇക്കഴിഞ്ഞ ഏപ്രിൽ ഒന്നിനാണ് സിറിയയിലെ നയതന്ത്ര കാര്യാലയം ഇസ്രയേൽ ബോംബിട്ട് തകർത്തത്. ഈ ആക്രമണത്തിൽ ഇറാന്റെ രണ്ട് ഉന്നത സൈനിക ജനറൽമാരടക്കം ഇറാൻ റെവല്യൂഷണറി ഗാർഡ് കോറിന്റെ 13 അംഗങ്ങളും കൊല്ലപ്പെട്ടിരുന്നു. ഇതാണ് ഇസ്രയേലിനെ ആക്രമിക്കാൻ ഇറാനെ പ്രകോപിച്ചിരിക്കുന്നത്.

വ്യോമാക്രമണ ഭീഷണി കണക്കിലെടുത്ത് ഇസ്രയേലിൽ അതീവ ജാഗ്രത തുടരുകയാണ്. ഇസ്രയേലിൽ ബോംബിട്ടാൽ പകരം ഇറാന്റെ തന്ത്രപ്രധാന ഭാഗങ്ങളിൽ ബോംബ് വർഷിക്കാനായി യുദ്ധവിമാനങ്ങൾ ഇസ്രയേലും ഒരുക്കി നിറുത്തിയിരിക്കുകയാണ്. പശ്ചിമേഷ്യയിൽ വീണ്ടുമൊരു യുദ്ധം പൊട്ടിപ്പുറപ്പെട്ടാൽ ഗൾഫിലും മറ്റും കഴിയുന്ന ലക്ഷക്കണക്കിന് മലയാളികളെയും അത് പ്രതികൂലമായി ബാധിക്കും. പെട്രോൾ, ഗ്യാസ് മറ്റ് അവശ്യ സാധനങ്ങൾ എന്നിവയുടെ വിലയിൽ കുതിച്ചുചാട്ടം തന്നെ സംഭവിക്കാം. ജനങ്ങൾക്ക് ദുരിതം പ്രദാനം ചെയ്യാൻ മാത്രമേ ഏതൊരു യുദ്ധവും ഉതകൂ. അതിനാൽ ഏതു യുദ്ധവും തുടങ്ങുന്നതിനു മുമ്പ് അത് അവസാനിപ്പിക്കുന്നതിന് ശത്രുചേരിയിൽ നിൽക്കുന്ന രാജ്യങ്ങൾക്കു മേൽ ലോകത്ത് സമാധാനം കാംക്ഷിക്കുന്ന മറ്റു രാജ്യങ്ങളും ജനങ്ങളും സമ്മർദ്ദം ചെലുത്തണം.