ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച പ്രതിക്ക് തടവും പിഴയും

Sunday 14 April 2024 1:26 AM IST

കുന്നംകുളം: ഒന്നാം ക്ലാസിൽ പഠിച്ചുകൊണ്ടിരുന്ന ബാലികയെ ഉമ്മയില്ലാത്ത സമയത്ത് വീട്ടിൽ അതിക്രമിച്ച് കയറി ബലാത്സംഗം ചെയ്ത യുവാവിനെ കുന്നംകുളം പോക്‌സോ കോടതി 20 വർഷം കഠിന തടവിനും ലക്ഷം രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചു. മലപ്പുറം അയരൂര് ആലുങ്ങൽ വീട്ടിൽ മുഹമ്മദ് ഷാഫിയെയാണ് (34 ) കുന്നംകുളം ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജ് എസ്.ലിഷ ശിക്ഷിച്ചത്.

2011 കാലഘട്ടത്തിലായിരുന്നു സംഭവം. സംഭവം നടന്നതിന് ശേഷം കുട്ടിയെ ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് കുട്ടി ഈ സംഭവം ആരോടും പറഞ്ഞിരുന്നില്ല. കുട്ടിക്ക് പനിയും തലവേദനയും മാനസിക ബുദ്ധിമുട്ടുകളും തുടങ്ങിയതിനെ തുടർന്ന് കുട്ടിയെ പല ഡോക്ടർമാരെ കാണിച്ച് ചികിത്സിക്കുകയും, പിന്നീട് ഇരിങ്ങാലക്കുടയിൽ കൺസിലിംഗിന് വിധേയമാക്കുകയും ചെയ്തു.

കൗൺസിലിംഗിനിടെയാണ് കുട്ടി ഉണ്ടായ സംഭവം വെളിപ്പെടുത്തിയത്. തുടർന്ന് സി.ഡബ്ല്യു.സി മുമ്പാകെ പരാതി നൽകി. വടക്കേക്കാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കോടതി മുമ്പാകെ കുറ്റപത്രം സമർപ്പിച്ചു. വടക്കേക്കാട് പൊലീസ് കൂടുതൽ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു. പ്രൊസിക്യൂഷനായി സ്‌പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ അഡ്വ.കെ.എസ്.ബിനോയും സഹായിയായി അഡ്വരഞ്ജിത.കെ ചന്ദ്രൻ, കെ.എൻ അശ്വതി എന്നിവരും ഹാജരായി.

Advertisement
Advertisement