ആന്ധ്ര മുഖ്യമന്ത്രിക്ക് നേരെ കല്ലേറ്; നെറ്റിയിൽ  പരിക്ക്, ആക്രമിച്ചത് തെറ്റാലി കൊണ്ട്

Saturday 13 April 2024 10:45 PM IST

ബംഗളൂരു: ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിക്ക് നേരെ കല്ലേറ്. വിജയവാഡയിലെ തിര‌ഞ്ഞെടുപ്പ് പ്രചാരണ പരിപാടിയായ സിദ്ധം റാലിക്ക് ഇടയിലാണ് കല്ലേറ് ഉണ്ടായത്. സംഭവത്തിൽ മുഖ്യമന്ത്രിക്ക് പരിക്കേറ്റിട്ടുണ്ട്. നെറ്റിയിലാണ് പരിക്ക് പറ്റിയത്. ആൾക്കൂട്ടത്തിനിടയിൽ നിന്ന് ആരോ തെറ്റാലി കൊണ്ട് കല്ലെറിയുകയായിരുന്നുവെന്നാണ് വിവരം.

അക്രമണത്തിന് പിന്നിൽ ടിഡിപി ആണെന്ന് വെെഎസ്ആർ കോൺഗ്രസ് ആരോപിച്ചു. റെഡ്ഡിയുടെ കൂടെയുണ്ടായിരുന്ന എംഎൽഎ വെല്ലംപള്ളി ശ്രീനിവാസിന് കല്ലേറിൽ കണ്ണിൽ പരിക്കേറ്റു. രണ്ടുപേർക്കും പ്രാഥമിക ചികിത്സ നൽകി.

വിജയവാഡയിലെ സിംഗ് നഗറിലെ വിവേകാനന്ദ സ്‌കൂൾ സെന്ററിൽ ബസ് പര്യടനത്തിന്റെ ഭാഗമായി ജനക്കൂട്ടത്തെ അഭിവാദ്യം ചെയ്യുന്നതിനിടെയാണ് മുഖ്യമന്ത്രിക്ക് നേരെ കല്ലേറുണ്ടായതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് (സിഎംഒ) പ്രസ്താവനയിൽ പറയുന്നു. തിരഞ്ഞെടുപ്പിന്റെ ഭാഗമായി 21 ദിവസമാണ് മുഖ്യമന്ത്രി സിദ്ധം റാലി പ്രഖ്യാപിച്ചിരുന്നത്. എല്ലാ ജില്ലകളും ഉൾക്കൊള്ളിച്ചാണ് ബസ് പര്യടനം നടത്തുന്നത്. പ്രാഥമിക ചികിത്സയ്ക്ക് ശേഷം റെഡ്ഡി വീണ്ടും പ്രചാരണം തുടരുകയാണ്.