വിപണന കേന്ദ്രത്തിൽ മോഷണം, മോഷ്ടാവ് കവർന്നത് ഒരു ടീ കപ്പ് മാത്രം; അതിന്റെ വില

Saturday 13 April 2024 11:30 PM IST

ടോക്കിയോ: ജപ്പാനിലെ ഒരു വിപണന കേന്ദ്രത്തിൽ വില്പനയ്ക്ക് വച്ചിരുന്ന 65,000 ഡോളർ ( 54,34,734 രൂപ )​ വിലമതിക്കുന്ന സ്വർണ ടീ കപ്പ് മോഷണം പോയി. ജപ്പാനിലെ പ്രശസ്തമായ ഡിപ്പാർട്ട്‌മെന്റ് സ്റ്റോർ ചെയിനായ ടകാഷിമായയുടെ ടോക്കിയോ ഔട്ട്‌ലെറ്റിൽ നിന്നാണ് ടീ കപ്പ് മോഷ്ടിച്ചത്. വ്യാഴാഴ്ചയായിരുന്നു സംഭവം നടന്നത്.

പൂട്ടിയിട്ടില്ലാത്ത സുതാര്യമായ ഗ്ലാസ് ബോക്സിലായിരുന്നു 24 കാരറ്റ് ശുദ്ധമായ സ്വർണത്തിൽ നിർമ്മിച്ച ടീ കപ്പ് പ്രദർശിപ്പിച്ചിരുന്നത്. കപ്പിന് പുറമേ സ്വർണത്തിൽ തീർത്ത ടേബിൾവെയറുകളും കരകൗശല വസ്തുക്കളുമടക്കം 1,000 ത്തിലേറെ ആഡംബര വസ്തുക്കൾ ഇവിടെ പ്രദർശിപ്പിച്ചിരുന്നു. ഇവ വാങ്ങാൻ കസ്റ്റമേഴ്സിന് അവസരമൊരുക്കിയിരുന്നു. ഇതിനിടെയാണ് ടീ കപ്പ് മോഷണം പോയതെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ പൊലീസ് കേസെടുത്ത് മോഷ്ടാവിനായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കൂട്ടത്തിൽ ഏറ്റവും വില കൂടിയ ഒന്നായിരുന്നു ടീ കപ്പ്. കസ്റ്റമേഴ്സിന് കാണാൻ വേണ്ടിയുള്ള സൗകര്യത്തിനായിട്ടാണ് കപ്പ് ബോക്സിൽ പൂട്ടാതെ സൂക്ഷിച്ചിരുന്നത്. ഒരാൾ കപ്പെടുത്ത് തന്റെ ബാഗിലാക്കി കടന്നുകളയുന്നതിന്റെ ദൃശ്യം സി.സി.ടി.വി പരിശോധിച്ചപ്പോൾ ലഭിച്ചിട്ടുണ്ട്. ഇയാൾക്കായി പൊലീസ് തെരച്ചിൽ ശക്തമാക്കി. പ്രതിയെ എത്രയും വേഗം പിടികൂടുമെന്ന് പൊലീസ് അറിയിച്ചു. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിക്കുന്നുണ്ട്. അതീവ സുരക്ഷാവലയത്തോടെ വില്പന തുടരാനാണ് ടകാഷിമായയുടെ തീരുമാനം.

Advertisement
Advertisement