കന്യാകുമാരിയിൽ ആവേശമായി അമിത്ഷാ

Sunday 14 April 2024 12:56 AM IST

നാഗർകോവിൽ: ''നിങ്ങളോട് തമിഴിൽ സംസാരിക്കാൻ കഴിയാത്തതിൽ ഖേദമുണ്ട്. മൂന്നോ നാലോ വർഷത്തിനുള്ളിൽ ഞാൻ വീണ്ടും ഇവിടെയെത്തി തമിഴിൽ സംസാരിക്കാൻ ശ്രമിക്കും"". കന്യാകുമാരി ലോക്‌സഭ മണ്ഡലത്തിൽ സംഘടിപ്പിച്ച റോഡ് ഷോയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.

വെള്ളിയാഴ്ച രാത്രിയാണ് അമിത്ഷാ തിരുവനന്തപുരത്തെത്തിയത്. ഇന്നലെ രാവിലെ ഹെലികോപ്റ്ററിൽ നാഗർകോവിലേക്ക്. 11ഓടെ നാഗർകോവിൽ എ.ആർ ക്യാമ്പിലെത്തിയ അദ്ദേഹത്തെ വിളവംകോട് മുൻ എം.എൽ.എയും ബി.ജെ.പി നേതാവുമായ വിജയധരണിയും ബി.ജെ.പി കന്യാകുമാരി ജില്ല പ്രസിഡന്റ് ധർമ്മരാജും ചേർന്ന് സ്വീകരിച്ചു. 11.15 ഓടെ റോഡ് മാർഗം തക്കലയിലേക്ക് തിരിച്ചു.

12ന് തക്കലയിൽ നിന്ന് റോഡ് ഷോ ആരംഭിച്ചു. സ്ത്രീകളും കുട്ടികളുമടക്കം ആയിരക്കണക്കിന് പ്രവർത്തകർ ആവേശത്തോടെ വാഹനത്തിനുചുറ്റും അണിനിരന്നു. ചെണ്ടമേളത്തിന്റെ അകമ്പടിയിൽ 12.30ഓടെ മേട്ടുക്കടയിൽ റോഡ് ഷോ അവസാനിപ്പിച്ചു. തുടർന്ന് തുറന്ന വാഹനത്തിൽ പ്രവർത്തകരെ അഭിസംബോധന ചെയ്തു. തമിഴ്നാട് ഭരിക്കുന്ന ഡി.എം.കെ സർക്കാരിന് പ്രസംഗത്തിലുടനീളം രൂക്ഷ വിമർശനം. 12.45ഓടെ റോഡ് മാർഗം തിരികെ നാഗർകോവിലിലേക്ക് തിരിച്ചു. തുടർന്ന് 1.15ന് ഹെലികോപ്ടറിൽ തിരുവനന്തപുരത്തേക്ക് പോയി.

'കന്യാകുമാരിയിലെ എന്റെ സഹോദരങ്ങൾക്ക് നന്ദി"

കന്യാകുമാരിയിലുള്ള എന്റെ സഹോദരങ്ങൾക്ക് അഭിവാദ്യവും നന്ദിയും രേഖപ്പെടുത്തുന്നു എന്നുപറഞ്ഞാണ് അമിത് ഷാ പ്രസംഗം ആരംഭിച്ചത്. എൻ.ഡി.എ സഖ്യകക്ഷികൾ മോദിക്കുവേണ്ടി മികച്ച ഫീൽഡ് വർക്കാണ് നടത്തുന്നത്. തമിഴ് ഭാഷയേയും സംസ്‌കാരത്തേയും രാജ്യത്തുടനീളം മാത്രമല്ല, ലോകമെമ്പാടും എത്തിക്കാനാണ് മോദി പ്രവർത്തിക്കുന്നത്. എ.ഐ.എ.ഡി.എം.കെ, ഡി.എം.കെ പാർട്ടികൾ തമിഴ്നാട്ടിൽ അഴിമതി നടത്തി വികസനം തടയുന്നു. ഒരു കാര്യമാണ് ഈ തിരഞ്ഞെടുപ്പിൽ ഞങ്ങൾ നിങ്ങളോട് ആവശ്യപ്പെടുന്നത്. ബി.ജെ.പിക്ക് വോട്ട് ചെയ്ത്,​ എ.ഐ.എ.ഡി.എം.കെയെയും ഡി.എം.കെയെയും പുറത്താക്കൂ.

സനാതനധർമ്മത്തെയും അയോദ്ധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തെയും അവഹേളിച്ചുകൊണ്ട് കോടിക്കണക്കിന് ജനങ്ങളുടെ ഹൃദയത്തെ മുറിവേൽപ്പിച്ചിരിക്കുകയാണ് ഡി.എം.കെ. മോദി നമ്മുടെ രാജ്യത്തെ സുരക്ഷിതമായും വികസിതമായും കൊണ്ടുപോവുകയാണ്. മൂന്നാം തവണയും മോദി പ്രധാനമന്ത്രിയായാൽ ഭാരതം വികസനത്തിന്റെ നെറുകയിൽ എത്തുമെന്ന് ഞാൻ നിങ്ങൾക്ക് ഉറപ്പുതരുന്നു. അതിനായി പൊൻ രാധാകൃഷ്ണനെ തിരഞ്ഞെടുത്ത് ഡൽഹിയിലെക്ക് അയയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു.

Advertisement
Advertisement