ആദ്യ തിരഞ്ഞെടുപ്പിലെ കായിക താരം
രാഷ്ട്രീയത്തിൽ ചുവടുറപ്പിച്ച നിരവധി കായിക താരങ്ങളുണ്ട് ഇന്ത്യയിൽ. 1952ലെ ആദ്യ ലോക്‌സഭ തിരഞ്ഞെടുപ്പിലും ഒരു കായികതാരം മത്സരിച്ചിരുന്നു. കർണി സിംഗ്. ഷൂട്ടിംഗ് താരവും ബിക്കാനീർ നാട്ടുരാജ്യത്തിന്റെ അവകാശിയുമായിരുന്നു അദ്ദേഹം. ബഹുമുഖ പ്രതിഭയായ കർണി സിംഗ് ടെന്നീസ്, ഗോൾഫ്, ക്രിക്കറ്റ് എന്നിവയിലും മികവ് തെളിയിച്ചു. ബോംബെ സർവകലാശാലയിൽ നിന്നു ഡോക്ടറേറ്റും നേടി.
1950ൽ അദ്ദേഹം രാജപദവിയിലെത്തുമ്പോഴേക്കും ബിക്കാനീർ ഇന്ത്യയിൽ ലയിക്കുകയും രാജപദവി ഇല്ലാതാവുകയും ചെയ്തു. രണ്ടാമതൊന്ന് ആലോചിക്കാതെ കർണി സിംഗ് രാഷ്ട്രീയത്തിലിറങ്ങാൻ തീരുമാനിച്ചു. 1952ലെ ആദ്യ ലോക്‌സഭ തിരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിച്ച്, കോൺഗ്രസിന്റെ കുശാൽ സിംഗിനെ 63,669 വോട്ടിന് പരാജയപ്പെടുത്തി എം.പി ആയി. 1957, 62, 67, 71 വർഷങ്ങളിലെ തിരഞ്ഞെടുപ്പുകളിലും ബിക്കാനീറിൽ നിന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയായി വിജയിച്ചു. പാർലമെന്റിലെ വിവിധ കമ്മറ്റികളിൽ അംഗമായി.
17തവണ ദേശീയ ട്രാപ്പ് ഷൂട്ടിംഗ് ചാമ്പ്യനായ കർണി സിംഗ് അഞ്ചുതവണ ഒളിംപിക്സിൽ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. നാലുതവണ ലോക ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തു. ഒരുതവണ വെള്ളി മെഡൽ നേടി. 1971ലെ ഏഷ്യൻ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ സ്വർണവും 1974ൽ വെള്ളിയും നേടി. ഇന്ത്യയിൽ ആദ്യമായി അർജുന അവാർഡിന് അർഹനാകുന്ന ഷൂട്ടിംഗ് താരവും കർണി സിംഗാണ്. മകൾ രാജ്യശ്രീ കുമാരി അർജുന അവാർഡ് ജേതാവായ ആദ്യ വനിത ഷൂട്ടിംഗ് താരമാണ്. ചെറുമകൾ സിദ്ധി കുമാരി ബിക്കനീർ ഈസ്റ്റ് മണ്ഡലത്തിലെ എം.എൽ.എയാണ്.