തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം മണിപ്പൂർ അശാന്തം; 2 പേർ കൊല്ലപ്പെട്ടു

Sunday 14 April 2024 12:52 AM IST

ഇംഫാൽ: സംസ്ഥാനത്ത് ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം വെള്ളിയാഴ്‌ച നടക്കാനിരിക്കെ മണിപ്പൂർ വീണ്ടും അശാന്തം. കാങ്‌പോക്പി ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് കുക്കി വിഭാഗക്കാർ കൊല്ലപ്പെട്ടു. മൂന്ന് ദിവസമായി മേഖലയിൽ മെയ്‌തി- കുക്കി വിഭാഗങ്ങളുടെ ഏറ്റുമുട്ടൽ തുടരുകയാണ്. ഒന്നര മണിക്കൂറോളം നീണ്ടുനിന്ന വെടി‌വയ്പിലാണ് ഇരുവരും കൊല്ലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു. തീവ്ര മെയ്‌തി സംഘടനയായ ആരംഭായ് തെങ്കോലിലെ അംഗങ്ങളാണ് വെടിയുതിർത്തതെന്ന് കുക്കി സംഘടനകൾ ആരോപിച്ചു. ഗ്രാമങ്ങൾക്ക് കാവൽ നിൽക്കുകയായിരുന്ന സംഘാംഗങ്ങളാണ് കൊല്ലപ്പെട്ടത്. ഇന്നലെ തെഗ്നോപാലിലും കുക്കി-മെയ്‌തി വിഭാഗങ്ങൾ ഏറ്റുമുട്ടിയിരുന്നു. കൊല്ലപ്പെട്ടവരിൽ നിന്ന് തോക്കുകൾ ഉൾപ്പെടെയുള്ള ആയുധങ്ങൾ കണ്ടെടുത്തു. ആരൊക്കെയെന്ന് കൊല്ലപ്പെട്ടെതെന്ന് തിരിച്ചറി‌ഞ്ഞിട്ടില്ല. കഴിഞ്ഞ ദിവസവും വിവിധ മേഖലകളിൽ ഇരു വിഭാഗങ്ങൾ തമ്മിൽ രൂക്ഷമായ വെടിവയ്പ്പുണ്ടായിരുന്നു. വെള്ളിയാഴ്‌ച തൗബാൽ ജില്ലയിൽ ആയുധധാരികളായ അജ്ഞാതരുടെ ആക്രമണത്തിൽ മൂന്ന് പേ‌ർക്ക് വെടിയേറ്റു. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ കേന്ദ്ര-സംസ്ഥാന സേനകളെ വിന്യസിച്ചിട്ടുണ്ടെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

കഴിഞ്ഞ വർഷം മേയ് മുതൽ അശാന്തമായ മണിപ്പൂർ തിരഞ്ഞെടുപ്പ് പ്രചാരണായുധം കൂടിയായ സാഹചര്യത്തിലാണ് പുതിയ അക്രമങ്ങൾ റിപ്പോർട്ട് ചെയ്‌തത്. ഇതുവരെ 200ലേറെ പേരാണ് വിവിധ അക്രമങ്ങളിൽ കൊല്ലപ്പെട്ടത്.

അമിത്‌ ഷാ നാളെയെത്തും

തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി നാളെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മണിപ്പൂരിലെത്തും. അമിത് ഷാ രണ്ട് മണിക്കൂറോളം സംസ്ഥാനത്ത് ഉണ്ടാകും. ഹപ്ത കാങ്‌ജെയ്ബുംഗിൽ പൊതുയോഗത്തിൽ സംസാരിക്കും. അക്രമ സംഭവം കൂടി കണക്കിലെടുത്ത് കൂടുതൽ സേനയെ എത്തിച്ചു.

19 നും 26 നും രണ്ട് ഘട്ടങ്ങളിലായാണ് സംസ്ഥാനത്ത് വോട്ടെടുപ്പ്. പ്രദേശം കനത്ത ജാഗ്രതയിലാണ്. വൻ സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. കേന്ദ്രത്തിന്റെ സമയോചിതമായ ഇടപെടലും സംസ്ഥാന സർക്കാരിന്റെ ശ്രമങ്ങളും മണിപ്പൂരിൽ വലിയ പുരോഗതി ഉണ്ടായെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരുന്നു. സൂക്ഷ്‌മമായാണ് വിഷയം കൈകാര്യം ചെയ്‌തതെന്നും അറിയിച്ചു. എന്നാൽ കലാപം ആരംഭിച്ച ശേഷം ഒരു ദിവസം പോലും മോദി മണിപ്പൂർ സന്ദ‌ർശിച്ചിട്ടില്ലെന്ന് പ്രതിപക്ഷം തിരിച്ചടിച്ചു.