കഫേ സ്‌ഫോടനം; പ്രതികൾ 10 ദിവസം കസ്റ്റഡിയിൽ, മറ്റ് ഭീകരസംഘടനകളുമായുള്ള ബന്ധം അന്വേഷിക്കും

Sunday 14 April 2024 12:53 AM IST

ബംഗളൂരു: രാമേശ്വരം കഫേ സ്‌ഫോടനത്തിൽ എൻ.ഐ.എ അറസ്റ്റ് ചെയ്ത പ്രതികളെ പത്ത് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. പ്രതികൾക്ക്

മറ്റ് ഭീകര സംഘടനകളുമായി ബന്ധമുണ്ടോയെന്ന് അന്വേഷിക്കുമെന്ന് കർണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വര അറിയിച്ചു. പ്രതികളുടെ അറസ്റ്റിലേക്ക് നയിച്ച സൂചനകൾ എൻ.ഐ.എക്ക് നൽകിയതിന് സംസ്ഥാന പോലീസിനെ അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു. പിടികൂടിയില്ലായിരുന്നെങ്കിൽ പ്രതികൾ ബംഗാളിൽ നിന്ന് ബംഗ്ലാദേശിലേക്ക് രക്ഷപ്പെടാൻ സാദ്ധ്യതയുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ബംഗ്ലാദേശിൽ നിന്ന് ഇവർക്ക് സഹായം എന്തെങ്കിലും ലഭിച്ചിരുന്നോ എന്ന് അന്വേഷിക്കും.

സ്‌ഫോടനത്തിന് പിന്നിലെ യഥാർത്ഥ ലക്ഷ്യവും അവരുടെ മറ്റ് പ്രവർത്തനങ്ങളും അന്വേഷിക്കുകയാണ്. പ്രതികൾക്ക് ശിവമോഗ സ്‌ഫോടനവുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്നും അന്വേഷിക്കും.

എൻ.ഐ.എയും കർണാടക പോലീസും മികച്ച പ്രവർത്തനമാണ് നടത്തിയത്. അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തിൽ തന്നെ സിസിടിവി ദൃശ്യങ്ങളെല്ലാം ശേഖരിച്ചു. പ്രതികളിൽ ഒരാളെ ട്രാക്ക് ചെയ്തു. ഇത് പ്രതികളെ അറസ്റ്റുചെയ്യാൻ സഹായിച്ചതായും അദ്ദേഹം പറഞ്ഞു. പ്രതി ധരിച്ചിരുന്ന തൊപ്പിയെ കുറിച്ചും അത് ചെന്നൈയിൽ നിന്ന് വാങ്ങിയതാണെന്നുമുള്ളവിവരങ്ങളും കൂടാതെ പ്രതി കടയിൽ നൽകിയ ടെലിഫോൺ നമ്പർ എന്നിവ പോലീസ് എൻ.ഐ.എയുമായി പങ്കുവച്ചു.

സ്‌ഫോടനം നടന്ന് 40ദിവസത്തിന് ശേഷമാണ് മുഖ്യപ്രതികളെ പിടികൂടുന്നത്. കേസിലെ മുഖ്യ ആസൂത്രകൻ അബ്ദുൾ മതീൻ താഹയാണെന്നാണ് വിവരം.

മാർച്ച് ഒന്നിനായിരുന്നു ബംഗളൂരുവിലെ രാമേശ്വരം കഫേയിൽ സ്‌ഫോടനം നടന്നത്. ഒമ്പതോളം പേർക്ക് പരിക്കേറ്റു. ആദ്യം ബംഗളൂരു പോലീസും സെൻട്രൽ ക്രൈംബ്രാഞ്ചുമാണ് അന്വേഷണം നടത്തിയത്. പിന്നീട് മാർച്ച് മൂന്നിന് കേസ് എൻ.ഐ.എ. ഏറ്റെടുത്തു.

അതേസമയം, പ്രതികളെ ബംഗാളിൽ നിന്ന് പിടികൂടുന്നതിനെച്ചൊല്ലി ബി.ജെ.പിയും തൃണമൂൽ കോൺഗ്രസും ആരംഭിച്ച തർക്കം തുടരുകയാണ്.

ഈ സമയം നമ്മൾ അന്വേഷണ ഏജൻസികൾക്ക് വിടണമെന്നും ഇത്തരം വിവാദങ്ങൾ ബി.ജെ.പി സൃഷ്ടിക്കരുതെന്നും പരമേശ്വര പറഞ്ഞു.

രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷ ചോദ്യം ചെയ്യപ്പെടുന്ന ഇത്തരം സന്ദർഭങ്ങളിൽ നാമെല്ലാവരും ഒരുമിച്ചു പ്രവർത്തിക്കണം. പൂച്ചയെയും പട്ടിയെയും പോലെ നമുക്ക് യുദ്ധം ചെയ്യാൻ കഴിയില്ല, നമ്മൾ ഒരുമിച്ച് പോരാടണം- അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisement
Advertisement