ഇറ്റാലിയൻ ഫാഷൻ ഡിസൈനർ റോബർട്ടോ കാവല്ലി അന്തരിച്ചു
Sunday 14 April 2024 6:47 AM IST
റോം : ലോകപ്രശസ്ത ഇറ്റാലിയൻ ഫാഷൻ ഡിസൈനറായ റോബർട്ടോ കാവല്ലി ( 83 ) അന്തരിച്ചു. വെള്ളിയാഴ്ച ഫ്ലോറൻസിലെ വസതിയിൽ വാർദ്ധക്യ സഹജമായ രോഗങ്ങളെ തുടർന്നായിരുന്നു അന്ത്യം. ലോകമെമ്പാടുമുള്ള സെലിബ്രിറ്റികളുടെ ആരാധനാപാത്രമായ ഇദ്ദേഹത്തിന്റെ ആനിമൽ - പ്രിന്റഡ് ഡിസൈനുകൾ ഏറെ പ്രശസ്തമാണ്. തിളക്കമേറിയ നിറങ്ങളും പാച്ച്‌വർക്ക് ഇഫക്ടുകളും കാവല്ലിയുടെ ഡിസൈനുകളിൽ പ്രതിഫലിച്ചു. റിയൽ എസ്റ്റേറ്റ് രംഗത്തേക്കും അദ്ദേഹത്തിന്റെ ബിസിനസ് സാമ്രാജ്യം വളർന്നിരുന്നു. 1940ൽ ഫ്ലോറൻസിൽ ജനിച്ച അദ്ദേഹം 1970കളിലാണ് സ്വന്തം വസ്ത്ര ലേബൽ സ്ഥാപിച്ചത്. കഴിഞ്ഞ വർഷമാണ് കാവല്ലിയ്ക്കും പങ്കാളിയും സ്വീഡിഷ് നടിയുമായ സാൻഡ്ര നിൽസണും ജോർജിയോ എന്ന മകൻ പിറന്നത്. മുമ്പ് രണ്ട് തവണ വിവാഹിതനായ കാവല്ലിയ്ക്ക് ഈ ബന്ധങ്ങളിൽ അഞ്ച് മക്കളുമുണ്ട്.