ലോകത്തെ ഏറ്റവും പ്രായം കൂടിയ സയാമീസ് ഇരട്ടകൾ: ലോറിയും ജോർജും ഇനി ഓർമ്മ

Sunday 14 April 2024 6:48 AM IST

ന്യൂയോർക്ക്: ലോകത്തെ ഏ​റ്റവും പ്രായം കൂടിയ സയാമീസ് ഇരട്ടകളായ ലോറിയും ജോർജും ഓർമ്മയായി. ഇരുവർക്കും 62 വയസായിരുന്നു. ഈ മാസം 7ന് യു. എസിലെ പെൻസിൽവേനിയ യൂണിവേഴ്സി​റ്റി ആശുപത്രിയിലായിരുന്നു അന്ത്യമെന്ന് ഗിന്നസ് ലോക റെക്കാഡ് അധികൃതർ അറിയിച്ചു. മരണകാരണം വ്യക്തമല്ല. ​

1961 സെപ്‌തംബർ 18ന് പെൻസിൽവേനിയയിൽ ഫ്ലാങ്ക്‌ലിൻ സ്കാപ്പലിന്റെയും റൂത്തിന്റെയും മക്കളായി ജനിച്ച ലോറിയും ജോർജും 30 വയസിന് മുകളിൽ ജീവിക്കില്ലെന്നായിരുന്നു ഡോക്ടർമാരുടെ പ്രവചനം. ഇവർക്ക് ആറ് സഹോദരങ്ങൾ കൂടിയുണ്ട്.

ഭാഗികമായി സംയോജിച്ച തലയോട്ടികളുമായാണ് ഇവർ ജീവിച്ചത്. സുപ്രധാന രക്തക്കുഴലുകളും തലച്ചോറിന്റെ 30 ശതമാനവും ഇരുവരും പങ്കിട്ടു. ലോറിക്ക് കാര്യമായ മ​റ്റ് ശാരീരിക പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല. എന്നാൽ, നട്ടെല്ലിന് തകരാറുണ്ടായിരുന്നതിനാൽ ജോർജിന് നടക്കാൻ കഴിയുമായിരുന്നില്ല.

പ്രത്യേക വീൽചെയറിലായിരുന്നു സഞ്ചാരം. ലോറിക്കായിരുന്നു വീൽചെയറിന്റെ നിയന്ത്രണം. ജോർജിന്റെ ആദ്യത്തെ പേര് ഡോറി എന്നായിരുന്നു. 2003ൽ താൻ ട്രാൻസ്മാൻ ആയെന്ന് ജോർജ് വെളിപ്പെടുത്തിയിരുന്നു. ഗായകനായിരുന്ന ജോർജിന് ജർമ്മനിയിലും ജപ്പാനിലും പരിപാടികൾ അവതരിപ്പിക്കാൻ സാധിച്ചിട്ടുണ്ട്.

Advertisement
Advertisement