ടെൽ അവീവിലേക്കുള്ള വിമാന സർവീസുകൾ താത്‌കാലികമായി നിറുത്തിവയ്ക്കുമെന്ന് എയർ ​ ഇന്ത്യ

Sunday 14 April 2024 9:08 PM IST

ന്യൂഡൽഹി: ഇസ്രയേൽ നഗരമായ ടെൽ അവീവിലേക്കുള്ള വിമാന സർവീസുകൾ താത്കാലികമായി നിറുത്തിവയ്ക്കുമെന്ന് എയർ ഇന്ത്യ അറിയിച്ചു,​ ഇസ്രയേൽ -​ ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ന്യൂഡൽഹിക്കും ടെൽ അവീവിനുമിടയിൽ ആഴ്ചയിൽ നാലു സർവീസുകളാണ് എയർ ഇന്ത്യ നടത്തിയിരുന്നത്. ഇസ്രയേൽ ​ ഹമാസ് ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ നിറുത്തി വച്ചിരുന്ന സർവീസുകൾ മാർച്ച് മൂന്നിനാണ് എയർ ഇന്ത്യ പുനരാരംഭിച്ചത്.

അതേസമയം ഇസ്രയേലിലെ എല്ലാ ഇന്ത്യൻ പൗരൻമാരും ജാഗ്രത പാലിക്കാനും അധികൃതർ നൽകിയിരിക്കുന്ന സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കാനും ഇന്ത്യൻ എംബസി നിർദ്ദേശം നൽകി..അടിയന്തര സഹായത്തിന് 24 മണിക്കൂറും ബന്ധപ്പെടാവുന്ന എമർജൻസി ഹെല്പ് ലൈൻ നമ്പരും എംബസി പുറത്തിറക്കി. +972-547520711, +972-543278392 എന്നി നമ്പരുകളിലും cons1.telaviv@mea.gov.in ഇമെയിൽ വിലാസത്തിലും ബന്ധപ്പെടാവുന്നതാണ്. എംബസിയിൽ ഇതുവരെ രജിസ്റ്റർ ചെയ്യാത്ത ഇന്ത്യൻ പൗരന്മാർ ഉടൻ രജിസ്റ്റർ ചെയ്യണമെന്നും എംബസി നിർദ്ദേശം നൽകി.

ഇറാഖ്,​ ജോർദാൻ,​ ലെബനൻ തുടങ്ങിയ രാജ്യങ്ങളും ഇസ്രയേലിലേക്കുള്ള വ്യോമഗതാഗതം നിറുത്തിവച്ചിട്ടുണ്ട്. ടെൽ അവീവ്,​ എർബിൽ,​ അമ്മാൻ എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങൾ ഓസ്ട്രിയൻ എയർലൈൻസും നിറുത്തി വച്ചു. എമിറേറ്റ്സ് എയർലൈൻസും ചില വിമാന സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്.

Advertisement
Advertisement