സൽമാൻഖാന്റെ വീടിന് നേരെ വെടിവയ്പ്,​ പ്രതികളെന്ന് സംശയിക്കുന്നവരുടെ ചിത്രങ്ങൾ പുറത്തുവിട്ടു

Sunday 14 April 2024 10:51 PM IST

ബോളിവുഡ‌് താരം സൽമാൻഖാന്റെ വീടിന് നേരെയുണ്ടായ വെടിവയ്പിൽ പ്രതികളെന്ന് സംശയിക്കുന്ന രണ്ടു പേരുടെ ചിത്രം പൊലീസ് പുറത്തുവിട്ടു. ബാഗ് ധരിച്ച് നടന്നു പോകുന്ന യുവാക്കളെയാണ് ചിത്രത്തിൽ കാണാനാകുന്നത്. അക്രമികൾ സഞ്ചരിച്ചിരുന്ന വാഹനം സൽമാന്റെ വീടിന്റെ ഒരു കിലോമീറ്റർ അപ്പുറത്ത് നിന്ന് കണ്ടെത്തി. പ്രതികൾക്ക് വേണ്ടിയുള്ള തെരച്ചിൽ ഊർജ്ജിതമാക്കി. .ഇന്ന് പുലർച്ചെയാണ് ബാന്ദ്രയിലെ താരത്തിന്റെ വീടിന് നേരെ അജ്ഞാതരായ രണ്ടുപേർ വെടിയുതിർത്തത്.

അതേസമയം സൽമാൻ ഖാന്റെ വീടിന് നേരെയുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് അധോലോക നായകൻ ലോറൻസ് ബിഷ്ണോയുടെ സഹോദരൻ അൻമോൽ ബിഷ്ണോയ് രംഗത്തെത്തി. സോഷ്യൽ മീഡിയ പോസ്റ്റിലൂടെയായിരുന്നു അൻമോലിന്റെ വെളിപ്പെടുത്തൽ. വീടിന് നേരെയുണ്ടായ വെടിവയ്പ് ട്രെയിലർ മാത്രമാണെന്നും പോസ്റ്റിൽ പറയുന്നു. ഇത് ആദ്യത്തേയും അവസാനത്തെയും മുന്നറിയിപ്പാണ്,​. ഇതിന് ശേഷം വീടിന് വെളിയിൽ മാത്രമല്ല വെടിവയ്ക്കുക. നിങ്ങൾ ദൈവങ്ങളായി കരുതുന്ന ദാവൂദ് ഇബ്രാഹിമിന്റെയും ഛോട്ടാ ഷക്കീലിന്റെയും പേരിലുള്ള നായ്ക്കൾ ഞങ്ങൾക്കുണ്ടെന്നും അൻമോൽ കുറിച്ചു.

സൽമാൻ ഖാനെ വധിക്കുമെന്ന് ജയിലിൽ കഴിയുന്ന ഗുണ്ടാനേതാവ് ലോറൻസ് ബിഷ്ണോയിയും പിടികിട്ടാപ്പുള്ളി ഗോൾഡി ബ്രാറും മുൻപ് പലതവണ ഭീഷണിപ്പെടുത്തിയിരുന്നു. ഇവർ താരത്തെ കൊല്ലാൻ മുംബയിലേക്ക് ഷൂട്ടർമാരെ അയച്ചതായും ബോളിവുഡ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.