മനഃപൂർവം കാർ പിന്നോട്ടെടുത്ത് ഇടുപ്പിച്ചെന്ന് ചിന്ത ജെറോം; കെ എസ് യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസ്

Monday 15 April 2024 10:28 AM IST

കൊല്ലം: സി പി എം സംസ്ഥാന സമിതി അംഗം ചിന്ത ജെറോം വാഹനാപകടത്തിൽപ്പെട്ട സംഭവത്തിൽ പൊലീസ് കേസെടുത്തു. കെ എസ് യു ജില്ലാ വൈസ് പ്രസിഡന്റ് ഫൈസൽ, യൂത്ത് കോൺഗ്രസ് പ്രവർത്തകൻ സെയ്ദലി എന്നിവർക്കെതിരെയാണ് കൊല്ലം ഈസ്റ്റ് പൊലീസ് കേസെടുത്തത്.

സെയ്ദലി കാർ പിന്നോട്ടെടുത്ത് ഇടുപ്പിച്ചത് മനഃപൂർവമാണെന്നും ഫൈസൽ അസഭ്യം പറഞ്ഞെന്നുമാണ് ചിന്തയുടെ പരാതി. വധശ്രമം, ഗൂഢാലോചന, അസഭ്യം പറയൽ അടക്കമുള്ള വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.


ഫൈസലും സൈയ്ദലിയും ചിന്തയുടെ ആരോപണം നിഷേധിച്ചു. അബദ്ധത്തിലാണ് കാർ ചിന്തയുടെ ദേഹത്ത് തട്ടിയതെന്നാണ് അവർ പറയുന്നത്. ചിന്ത ജെറോം ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം തിരുമുല്ലാവാരത്ത് വച്ച് നടന്ന ചാനൽ ചർച്ചയിൽ പങ്കെടുത്ത് മടങ്ങുമ്പോഴായിരുന്നു അപകടമുണ്ടായത്. ചർച്ചയ്‌ക്കിടെ കോൺഗ്രസ് - സി പി എം പ്രവർത്തകർ തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു. ചിന്തയെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ നോക്കിയെന്ന് തന്നെയാണ് സി പി എമ്മും ആരോപിക്കുന്നത്.