കൊലപാതകവും പിടിച്ചുപറിയും ശീലം, ഹരിയാനയിലെ ഗ്യാങ്സ്റ്റർ; സൽമാന്റെ വീടിന് നേരെ നിറയൊഴിച്ചത് വിശാൽ രാഹുൽ

Monday 15 April 2024 11:26 AM IST

മുംബയ്: ബോളിവുഡ് താരം സൽമാൻ ഖാന്റെ വീടിന് നേരെ വെടിവച്ച പ്രതികളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. സംഭവത്തിന് പിന്നാലെ രണ്ട് പേരുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ടിരുന്നു. പ്രതികൾ ഹരിയാനയിലെ ഗുണ്ടാതലവന്മാരാണെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ലോറൻസ് ബിഷ്‌ണോയി സംഘവുമായി ബന്ധമുള്ള ഗുണ്ടാനേതാവ് രോഹിത് ഗോദാരയുടെ ഷൂട്ടറായ വിശാൽ രാഹുലാണ് ദൃശ്യങ്ങളിലുള്ളത്.

സൽമാൻ ഖാന്റെ ഗാലക്സി അപ്പാർട്ട്‌മെന്റിന് പുറത്ത് വെടിവയ്പ്പ് നടന്ന് മണിക്കൂറുകൾക്ക് ശേഷം, ജയിലിൽ കഴിയുന്ന ഗുണ്ടാസംഘം ലോറൻസ് ബിഷ്‌ണോയിയുടെ സഹോദരൻ അൻമോൽ ബിഷ്‌ണോയി ഉത്തരവാദിത്തം ഏറ്റെടുത്ത് സോഷ്യൽ മീഡിയ പോസ്റ്റ് പങ്കുവച്ചിരുന്നു. ഇതൊരു ട്രെയിലർ മാത്രമാണെന്നാണ് പോസ്റ്റിൽ പറയുന്നത്.

വിശാൽ രാഹുൽ കൊടുംകുറ്റവാളി
സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായ വിശാൽ രാഹുൽ ഹരിയാനയിലെ കൊടുംകുറ്റവാളിയാണെന്നാണ് പൊലീസ് പറയുന്നത്. പത്താം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള വിശാൽ ഗുരുഗ്രാം ആസ്ഥാനമാക്കിയാണ് ഗുണ്ടാപ്രവർത്തനങ്ങൾ നടത്തുന്നത്. കുട്ടിക്കാലം മുതൽ മോഷണവും പിടിച്ചുപറിയുമുണ്ടായിരുന്നു. കൊലപാതകക്കേസ് വരെ ഇയാളുടെ പേരിലുണ്ട്. ഗുരുഗ്രാമിലും ഡൽഹിയിലുമായി അഞ്ചോളം കേസുകൾ ഇയാളുടെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ലോറൻസ് ബിഷ്‌ണോയിയുടെ നിർദ്ദേശപ്രകാരം അടുത്തിടെ റോഹ്തക്കിൽ ഒരു വാതുവയ്പ്പുകാരനെ കൊലപ്പെടുത്തിയ സംഭവത്തിൽ വിശാലിന്റെ സംഘം ഉൾപ്പെട്ടിട്ടുണ്ട്. വിശാലാണ് വാതുവയ്പ്പുകാരനെ വെടിവച്ചത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ആക്രമണത്തിൽ കൊല്ലപ്പെട്ടയാളുടെ അമ്മയ്ക്കും വെടിയേറ്റിരുന്നു. ഫെബ്രുവരി 29ന് റോഹ്തകിലെ ദേശീയ പാതയോരത്തുള്ള ഒരു ധാബയിൽ നടന്ന കൊലപാതകത്തിലും വിശാലിന് പങ്കുണ്ട്.

സൽമാൻ ഖാന്റെ വീടിന് നേരെ വെടിവച്ചതിന് പിന്നാലെ ഡൽഹി പൊലീസ് സ്‌പെഷ്യൽ സെൽ സംഘം തിങ്കളാഴ്ച ഗുരുഗ്രാമിലെ വിശാലിന്റെ വീട്ടിൽ പരിശോധനയ്‌ക്കെത്തിയിരുന്നു. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ഹരിയാന പൊലീസും ഡൽഹി പൊലീസും കേസിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Advertisement
Advertisement