അടുത്ത 30 വർഷക്കാലത്തേക്ക് ഒരാൾ നേടിയിരിക്കേണ്ട നമ്പർ വൺ സ്കിൽ എന്താണെന്ന് വെളിപ്പെടുത്തി ശതകോടീശ്വരൻ
ന്യൂയോർക്ക്: ലോകം അനുനിമിഷം മാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഭരിക്കുന്ന കാലഘട്ടത്തിലേക്കാണ് നാം ചുവടുവച്ചിരിക്കുന്നത്. ഈ കാലഘട്ടത്തിൽ ജീവിത വിജയത്തിനായി ഏറ്റവുമധികം ആർജിക്കേണ്ടത് എന്തെന്ന് അറിയുമോ? ആ ചോദ്യത്തിന് ഉത്തരം നൽകിയിരിക്കുകയാണ് സ്കോട്ട് ഗലോവേ എന്ന അമേരിക്കൻ കോടീശ്വരൻ.
എഐ ടൂളുകളായ ചാറ്റ് ജിപിടിയേയോ, കോഡിംഗിനെയോ വിശ്വസിച്ച് മുന്നോട്ടു പോകുന്നതായിരിക്കരുത് ജീവിതവിജയം സ്വപ്നം കാണുന്ന യുവജനത ചെയ്യേണ്ടതെന്ന് സ്കോട്ട് ഓർമ്മിപ്പിക്കുന്നു. സ്റ്റോറി ടെല്ലിംഗ് എന്ന ആശയസംവിധാനം വളർത്തിയെടുക്കുകയാണ് പകരം ചെയ്യേണ്ടതെന്നാണ് അദ്ദേഹം പറയുന്നത്. ഏതുതരത്തിലാണ് ആശയവിനിമയം സാദ്ധ്യമാക്കേണ്ടത് എന്നത് പ്രധാനമല്ല. സ്‌റ്റോറി ടെല്ലിംഗിന്റെ പ്ളാറ്റ്ഫോം മാറിക്കൊണ്ടിരിക്കുമെന്നതു തന്നെ കാരണം. ഒരു കാര്യം മാത്രമാണ് ശ്രദ്ധിക്കേണ്ടത്, നന്നായി എഴുതാനും, ആശയങ്ങൾ സൃഷ്‌ടിക്കാനുമുള്ള കഴിവിനെ പരിപോഷിപ്പിച്ചുകൊണ്ടേയിരിക്കുക. ടെക്‌നോളജിയെ കൂട്ടുപിടിച്ചുകൊണ്ട് ഇൻഫോഗ്രാഫിക്‌സ്, സ്ളൈഡ് ഷോകൾ എന്നിവ അവതരിപ്പിക്കുന്നതിനുള്ള പാടവവും വളർത്തിയെടുക്കണം.
ലോകത്ത് എഐയെ പൂർണമായും പിന്തുണച്ചുകൊണ്ട് നടക്കുന്ന പ്രവർത്തനങ്ങൾവർദ്ധിച്ചുവരികയാണ്. ഇവയെല്ലാം എത്രനാൾ നിലനിൽക്കുമെന്ന് കാര്യത്തിൽ അനിശ്ചിതാവസ്ഥ തുടരുകയാണ്. അതുപോലെ തന്നെയാണ് കോഡിംഗിന്റെ കാര്യവും. എന്നാൽ ശക്തമായ ആശയവിനിമയ ശേഷി കൈവരിക്കുന്നയാൾക്ക് അതെന്നെന്നും മുതൽക്കൂട്ടായിരിക്കും.
ഇന്ന് പല ബ്രാൻഡുകളുടെയും വളർച്ചയ‌്ക്ക് സ്‌റ്റോറി ടെല്ലിംഗ് ഒരു അവിഭാജ്യഘടകമായി മാറിയിരിക്കുന്ന കാര്യവും സ്കോട്ട് ഗലോവേ ഓർമ്മപ്പെടുത്തി. ചെയ്യുന്ന ജോലി ചെറുതോ വലുതോ ഏതാണെങ്കിലും അതിൽ മികച്ചതാവുക എന്നതാണ് ചെയ്യേണ്ടതെന്നും, ഏതുജോലി ആണെങ്കിലും ആസ്വദിച്ച് ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ അതിൽ നിപുണത നേചാൻ കഴിയില്ലെന്നും സ്കോട്ട് ഓർമ്മപ്പെടുത്തി.