വെറുപ്പിന്റെ പ്രത്യയശാസ്ത്രം ഇവിടെ വിലപ്പോവില്ല, കേരളത്തിൽ ഒരു സീറ്റിലും ബി ജെ പി രണ്ടാം സ്ഥാനത്ത് പോലും എത്തില്ലെന്ന് മുഖ്യമന്ത്രി

Monday 15 April 2024 6:41 PM IST

തിരുവനന്തപുരം : വെറുപ്പിന്റെ പ്രത്യയ ശാസ്ത്രം കേരളത്തിൽ വിലപ്പോവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാനത്ത് ഒരിടത്തും ബി.ജെ.പി രണ്ടാംസ്ഥാനത്ത് പോലും എത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിൽ പ്രചാരണത്തിനെത്തിയ പ്രധാനമന്ത്രിക്കുള്ള മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. ഇരിങ്ങാലക്കുടയിൽ നടന്ന എൽ.ഡി.എഫ് പ്രചാരണയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

.

നാട് തകരുന്നതിന് എന്തെല്ലാം ചെയ്യാമോ അതോക്കെ കേന്ദ്രം ചെയ്തുവെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. ലൈഫ് മിഷന്റെ ഭാഗമായി നിർമ്മിക്കുന്ന വീടുകൾക്ക് കേന്ദ്രം നൽകേണ്ട പണം കൃത്യമായി നൽകാതെയാണ് ആവാസ് പദ്ധതിയിലൂടെ വീട് നിർമ്മിക്കുമെന്ന് പ്രധാനമന്ത്രി പറയുന്നത്. പുതിയ വീട് നിർമ്മിക്കാൻ ഞങ്ങൾ സഹായിക്കില്ല എന്ന നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നത്. വീട്ടിൽ കേന്ദ്രസർക്കാരിന്റെ ലോഗോ പതിക്കണം എന്ന് നിർദ്ദേശം പാലിക്കാതെ വന്നതോടെയാണ് ഇത്. ലൈഫ് മിഷൻ പദ്ധതി തുടങ്ങും മുമ്പ് മോദിയുമായി സംസാരിച്ചിരുന്നു. പദ്ധതി തുടങ്ങുന്ന കാര്യം അറിയിക്കുകയും സഹായം അഭ്യർത്ഥിക്കുകയും ചെയ്തു. ഇപ്പോൾ കേന്ദ്രം പണം നൽകാൻ തയ്യാറായില്ല. വീടുകൾ പണിയാൻ സഹായിക്കില്ല എന്നാണ് കേന്ദ്ര നിലപാടെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

കേരളത്തിൽ പ്രചാരണത്തിനെത്തിയ. പ്രധാനമന്ത്രി നരേന്ദ്രമോദി കുന്നംകുളത്ത് പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് മുഖ്യമന്ത്രിക്കും സി.പി.എമ്മിനുമെതിരെ ആഞ്ഞടിച്ചത്. കേരളത്തിലെ പാവം ജനങ്ങളുടെ പണം പരസ്യമായി കൊള്ളയടിക്കുകയാണ് സി,​പി,​എം ചെയ്യുന്നതെന്നും, കരുവന്നൂരിൽ കവർന്ന പാവങ്ങളുടെ കാശ് ഏതുവിധേനെയും അവർക്ക് തിരികെ നൽകുമെന്നും മോദി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നത് നുണയാണെന്നും മോദി പരാമർശിച്ചു. കരുവന്നൂർ സഹകരണകൊള്ളയിൽ വഞ്ചിതരായവർക്ക് പണം തിരികെ ലഭിക്കാൻ സാദ്ധ്യമായതെല്ലാം ചെയ്യുമെന്നും മോദി ഉറപ്പുനൽകി. അതിനു വേണ്ടി ഏതറ്റം വരെയും പോകുമെന്നും മോദി വ്യക്തമാക്കി.